ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തസംഭവത്തിൽ പ്രതിഷേധം. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു.
മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഇവർ ഇപ്പോൾ ദുർഗിലെ ജയിലിലാണ്.
പ്രധാനമന്ത്രിക്ക് കത്ത്
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദഫലമായാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആരോപിച്ചു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി നിലപാടെടുക്കണമെന്ന് അവർ ഛത്തീസ്ഗഡിലെ ബി.ജെ.പി സർക്കാരിനോട് ആവശ്യപ്പെട്ടു.
കന്യാസ്ത്രീകളുടെ മോചനത്തിന് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി നടപടിയെടുക്കണം:കത്തോലിക്കാ കോൺഗ്രസ്
തിരുവനന്തപുരം:മാതാപിതാക്കളുടെ അനുവാദത്തോടെ പെൺകുട്ടികളെ ജോലിക്ക് കൊണ്ടുപോയ കന്യാസ്ത്രീകളെ മതപരിവർത്തനത്തിന്റെ പേരിൽ ജയിലിലടച്ച സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗം ആവശ്യപ്പെട്ടു.ഒരേസമയം വർഗീയ സംഘടനകളെ കയറൂരി വിടുകയും കേരളത്തിലുൾപ്പെടെ ക്രൈസ്തവരുടെ പിന്തുണ നേടാൻ ശ്രമിക്കുകയും ചെയ്യുന്ന വർഗീയ ഭരണാധികാരികളുടെ ഇരട്ടത്താപ്പ് കേരളത്തിലെ ക്രൈസ്തവർക്ക് തിരിച്ചറിയാനാകുമെന്നും നേതൃയോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ വി.സി.വിത്സൻ അദ്ധ്യക്ഷത വഹിച്ചു.ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ഫാ.ജോൺ തെക്കേക്കര, ഫാ.ബിബിൻ കാക്കപ്പറമ്പിൽ,ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ്,അതിരൂപത സെക്രട്ടറി എൻ.എ.ഔസേപ്പ്,ജനറൽ സെക്രട്ടറി ജിനോദ് തുടങ്ങിയവർ സംസാരിച്ചു.
കന്യാസ്ത്രീകളെ
ജയിലിലടച്ചത്പ്രാകൃതം:
സണ്ണി ജോസഫ്
തിരുവനന്തപുരം: മാതാപിതാക്കളുടെ അനുവാദത്തോടെ പെൺകുട്ടികളെ ജോലിക്കു കൊണ്ടു പോയ കന്യാസ്ത്രീകളെ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ജയിലിലടച്ച ഛത്തീസ്ഗഡിലെ ബി.ജെ.പി സർക്കാരിന്റെ നടപടി പ്രാകൃതവും നിയമ വിരുദ്ധവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു.
കത്തോലിക്ക കന്യാസ്ത്രീകൾ ആഗ്രയിൽ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു മൂന്നു പെൺകുട്ടികളെയും ആദിവാസി യുവാവിനെയും കൊണ്ടു പോകുമ്പോഴാണ് ഛത്തീസ്ഗഡിലെ റെയിൽവെ സ്റ്റേഷനിൽ വച്ച് മലയാളികളായ സിസ്റ്റർ പ്രീതിമേരി, സിസ്റ്റർ വന്ദന എന്നിവരെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കള്ളക്കേസുണ്ടാക്കി ജയിലിലടച്ചത്. മാതാപിതാക്കൾ എഴുതി നല്കിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. രാജ്യത്തുടനീളം ബി.ജെ.പിയും സംഘപരിവാരങ്ങളും നടത്തുന്ന ക്രൈസ്തവവേട്ടയുടെ തുടർച്ചയാണിത്. ഉത്തരേന്ത്യയിൽ ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ 753 ക്രൈസ്തവ പള്ളികളാണ് ആക്രമിച്ചത്. ഗുജറാത്ത്, ഉത്തർപ്രദേശ്,ഹരിയാന,ത്രിപുര, മധ്യപ്രദേശ് തുടങ്ങിയിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു.
'സംഘപരിവാർ
ആട്ടിൻതോലിട്ട
ചെന്നായ്ക്കൾ '
തിരുവനന്തപുരം: ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചത്തീസ്ഗഡിൽ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി ഭരിക്കുന്ന ചത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പൊലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?.കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന്സതീശൻ ആവശ്യപ്പെട്ടു.
വൈദികരെ വേട്ടയാടുന്ന സംഘപരിവാർ നടപടി നിറുത്തണം: ചെന്നിത്തല
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകൾക്കു നേരെയുണ്ടായ ആൾക്കൂട്ടവിചാരണയും പൊലീസ് കേസും മതേതര ഇന്ത്യ എന്ന സങ്കൽപത്തിന്റെ അടിവേരറുക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന നടപടി സംഘ് പരിവാർ അവസാനിപ്പിക്കണം. അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് രാജ്യം കെട്ടിപ്പടുക്കാനാവില്ല.
ഇന്ത്യ എന്ന രാഷ്ട്രസങ്കൽപത്തെ തകർക്കുന്ന കാര്യങ്ങളാണ് സംഘ്പരിവാറും രാജ്യം ഭരിക്കുന്ന ബി.ജെ.പിയും നടത്തുന്നത്. കന്യാസ്ത്രീകൾക്ക് തിരുവസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയിൽ ക്രൈസ്തവ സമുദായം അടിച്ചമർത്തപ്പെടുന്നു. ഇതല്ല ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ഇന്ത്യയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകളുടെ അറസ്റ്റ്:
കെ.സി.ബി.സി പ്രതിഷേധിച്ചു
കൊച്ചി:ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ജാഗ്രതാ കമ്മിഷൻ പ്രതിഷേധിച്ചു.മതപരിവർത്തനം,മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജരംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ സിസ്റ്റർമാരായ വന്ദന ഫ്രാൻസിസിനെയും പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത് അപലപനീയമാണെന്ന് കമ്മിഷൻ പ്രസ്താവനയിൽ അറിയിച്ചു.കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല.വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ന്യൂനപക്ഷകാര്യ മന്ത്രിയും ഇടപെടണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |