തിരുവനന്തപുരം: ശരാശരി മലയാളിയെക്കാൾ 'പൊക്കം' കൂടിപ്പോയതാണ് ശശി തരൂർ നേരിടുന്ന പ്രശ്നമെന്ന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പി. കേശവദേവ് സ്മാരക ട്രസ്റ്റിന്റെ കേശവദേവ് സാഹിത്യ പുരസ്‌കാരം ശശി തരൂരിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. തരൂരിനെ ഉൾക്കൊള്ളാൻ പലർക്കും വിഷമമാണ്. വെട്ടിനിരത്തൽ മലയാളികളുടെ ജനിതക രീതിയാണ്. എന്ത് പൊങ്ങിവന്നാലും വെട്ടിനിരത്തും.
മലയാളികൾ ആകാശം കാണാതെ ജീവിക്കുന്നവരാണ്. അതാണ് ഈ മനോഭാവത്തിന് കാരണമെന്നാണ് താൻ വിശ്വസിക്കുന്നത്. വിശാലമായ ആകാശം കാണണമെങ്കിൽ തക്കല കഴിഞ്ഞ് കന്യാകുമാരിയിലെത്തണം. ഭൂമിശാസ്ത്രപരമായ ഈ കാരണം കൊണ്ടാകാം, എല്ലാ മിടുക്കുമുണ്ടായിട്ടും മലയാളികൾ ശരാശരിക്കാരായ വ്യക്തികളെയും പ്രവർത്തനങ്ങളെയും മാത്രം അംഗീകരിക്കാൻ ശീലിച്ചത്. നമ്മൾ ആരു വിചാരിച്ചാലും തരൂരിന്റെ പൊക്കം കുറയ്ക്കാൻ സാധിക്കില്ലെന്നും അടൂർ പറഞ്ഞു.
ആരോഗ്യ മേഖലയിലെ സ്തുത്യർഹ സേവനത്തിനുള്ള പി.കേശവദേവ് ഡയബ്സ് സ്ക്രീൻ പുരസ്‌കാരം ഡയബറ്റോളജിസ്റ്റും ഗ്ലോബൽ ഹെൽത്ത് ലീഡറുമായ ഡോ.ബൻഷി സാബുവിന് നൽകി. കേശവദേവ് ട്രസ്റ്റ് മനേജിംഗ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ.ജോർജ് ഓണക്കൂർ, ഡോ. വിജയകൃഷ്ണൻ, നടൻ മണിയൻപിള്ള രാജു, സുനിതാ ജ്യോതിദേവ്, ഡോ.അരുൺശങ്കർ തുടങ്ങിയവർ സംസാരിച്ചു.
അടുത്ത ജന്മത്തിൽ
അടൂരാകണം: തരൂർ
അടൂരിന്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ ശശി തരൂർ പൊക്കത്തിന്റെ കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് അറിയിച്ചു. കേശവദേവിനെ പോലൊരു മഹാന്റെ പേരിൽ പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേദിയിൽ അത്തരം കാര്യങ്ങൾ പറയുന്നില്ല. അടുത്ത ജന്മത്തിൽ മലയാളഭാഷയെയും മലയാള സിനിമയെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച അടൂരിനെ പോലെ ആകണമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |