ഒരു രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിൽ വളരെ പ്രാധാന്യമുള്ളവയാണ് യുദ്ധവിമാനങ്ങൾ. സുഖോയ്, മിറാഷ്, റാഫേൽ, തേജസ്, മിഗ് തുടങ്ങിയ യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് കരുത്തായുള്ളത്. ചിത്രങ്ങളിലൂടെയും നേരിട്ടും യുദ്ധവിമാനങ്ങൾ കണ്ടിട്ടില്ലാത്തവർ കുറവായിരിക്കും. ഏത് രാജ്യത്തിന്റെ യുദ്ധവിമാനത്തിനായാലും അവയ്ക്കെല്ലാം ഒരുകാര്യത്തിൽ സാമ്യതയുണ്ടാവും, അവയുടെ നിറം. 90 ശതമാനം രാജ്യങ്ങളുടെയും യുദ്ധവിമാനങ്ങൾക്ക് ചാരനിറമായിരിക്കും ഉള്ളത്. ഇതിന് തക്കതായ കാരണവുമുണ്ട്.
ആകാശത്ത് അവയെ എളുപ്പത്തിൽ കാണാതിരിക്കാനാണ് മേഘങ്ങളുടെ നിറത്തോട് സാമ്യമുള്ള ചാര നിറം യുദ്ധവിമാനങ്ങൾക്ക് നൽകുന്നത്. ഒന്നാം ലോകമഹായുദ്ധക്കാലത്താണ് ചാര നിറത്തിന്റെ സാദ്ധ്യത യുദ്ധവിമാനങ്ങളിൽ പ്രയോഗിച്ചുതുടങ്ങിയത്. യുദ്ധവിമാനത്തിന്റെ ചാരനിറം ഗ്രൗണ്ടിൽ നിന്നും മറ്റ് വിമാനത്തിൽ നിന്നും ഇവയെ നിരീക്ഷിക്കുന്നത് എളുപ്പമല്ലാതാക്കുന്നു.
ചില ചാരനിറത്തിലുള്ള പെയിന്റുകൾ വിമാനത്തിന്റെ റഡാർ സിഗ്നേച്ചർ കുറയ്ക്കാൻ സഹായിക്കും. ഇത് ശത്രുറഡാറുകൾ വിമാനത്തെ കണ്ടുപിടിക്കാതിരിക്കാൻ സഹായിക്കുന്നു. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ചില ചാരനിറത്തിലുള്ള പെയിന്റുകൾ റഡാർ തരംഗങ്ങളെ ആഗിരണം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളവയാണ്. ഇത് വിമാനത്തിന്റെ റഡാർ ക്രോസ്-സെക്ഷൻ കുറയ്ക്കുകയും റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
പലവിധ അന്തരീക്ഷങ്ങളുമായും ചാരനിറം എളുപ്പത്തിൽ യോജിക്കുന്നു. കടലിന് മുകളിലായി പ്രവർത്തിക്കുന്ന വിമാനങ്ങൾക്ക് നീല കലർന്ന ചാരനിറവും ആകാശത്ത് ഉയരത്തിൽ പറക്കുന്നവയ്ക്ക് ഇളം ചാര നിറവുമായിരിക്കും മിക്കപ്പോഴും നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |