ജനകീയ വിദ്യാഭ്യാസത്തിന്റെ ഉദാത്ത മാതൃകയാണ് വിശ്വമാനവികതയുടെ മഹാ പ്രവാചകനായ ശ്രീനാരായണ ഗുരുവിന്റെ പേരിൽ കൊല്ലം ആസ്ഥാനമായുള്ള ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല. സമൂഹത്തിലെ എല്ലാവർക്കും ജ്ഞാന സമ്പാദനത്തിനായുള്ള ഒരു തുറന്ന വാതിലാണിത്. 'വിദ്യകൊണ്ട് സ്വതന്ത്റരാവുക" എന്ന ഗുരുവചനം മുൻനിറുത്തി, ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കാരങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ് സർവകലാശാല. ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. വി.പി ജഗതി രാജ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? എല്ലാവർക്കും പഠനത്തിന് അവസരമൊരുക്കുകയാണോ ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസത്തിനുള്ള തടസങ്ങൾ ഒഴിവാക്കി, യോഗ്യരായ എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടു പോവുകയെന്ന ചരിത്രപരമായ ദൗത്യമാണ് സർവകലാശാല ഏറ്റെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ എല്ലാ അസമത്വങ്ങളെയും ഇല്ലാതാക്കി അറിവിന്റെ ജനാധിപത്യവത്കരണം നടപ്പാക്കുന്നു. സാമൂഹ്യ പുനരധിവാസവും വികസന പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ഒട്ടേറെ നൂതന പദ്ധതികൾ നവകേരള നിർമ്മിതിക്ക് ശക്തിപകരുന്നു. പഠിക്കുവാൻ താല്പര്യമുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ, സൗകര്യപ്രദമായ പഠനക്രമത്തിൽ പഠിക്കാൻ അവസരം ഒരുക്കുകയാണ് ഓപ്പൺ സർവകലാശാല. ഉയർന്ന പ്രായപരിധിയില്ലെന്നത് ജോലിയുള്ളവർക്കും വീട്ടമ്മമാർക്കും അടക്കം ഉപകാരപ്രദമാണ്.
? സമ്പൂർണ്ണ ബിരുദ സംസ്ഥാനം എന്നതാണോ ഉദ്ദേശിക്കുന്നത്.
ആ ലക്ഷ്യത്തോടെ 31 യു.ജി- പി.ജി കോഴ്സുകകളും നാല് സർട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നു. നിലവിൽ 23 പഠനകേന്ദ്രങ്ങളിലായി 55,000- ത്തോളം പഠിതാക്കളുണ്ട്. വരും വർഷങ്ങളിൽ ഒരുലക്ഷം പഠിതാക്കളാണ് ലക്ഷ്യം. എല്ലാവർക്കും ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബും വൈജ്ഞാനിക സമൂഹവുമാക്കുകയെന്ന സർക്കാർ ലക്ഷ്യത്തോട് ചേർന്നു പ്രവർത്തിക്കുന്നു.
? പ്രവേശനം എങ്ങനെയാണ്.
ജനുവരി/ ഫെബ്രുവരി മാസത്തിലും, ജൂൺ/ ജൂലായ് മാസത്തിലുമായി വർഷത്തിൽ രണ്ടുതവണ അപേക്ഷിക്കാം. എം.ബി.എ, എം.സി.എ അടക്കമാണ് 17 ബിരുദ, 14 പി.ജി കോഴ്സുകൾ. നാല് സർട്ടിഫിക്കറ്റ് കോഴ്സുകൾ. ആറ് ബിരുദ കോഴ്സുകൾ നാലുവർഷത്തെ കോഴ്സുകളാണ്. എല്ലാ കോഴ്സുകൾക്കും യു,ജി.സി, ഡി.ഇ.ബി അംഗീകാരമുണ്ട്. അതിനാൽ പി.എസ്.സി/ യു.പി.എസ്.സി അംഗീകൃതവുമാണ്. റഗുലർ ഡിഗ്രിക്ക് തുല്യമായ ബിരുദമാണ് നൽകുന്നത്.
? നൈപുണ്യ വികസനം നടപ്പാക്കുന്നത്.
പുതിയ കാലഘട്ടത്തിന് അനുസരിച്ച് ആവശ്യമായ നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത സ്‌കിൽ, വ്യവസായ ശാലകളിലെ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകി പരിഷ്‌കരിച്ച സിലബസാണ്. ഇന്റേൺഷിപ്പിനും അവസരമുണ്ട്. നിലവിൽ ഒരു ബിരുദത്തിന് പഠിക്കുന്നവർക്ക് ഒരേസമയം ഓപ്പൺ സർവകലാശാലയുടെ മറ്റൊരു ബിരുദത്തിന് ചേരാം. ടി.സി നിർബന്ധമല്ല. പ്രായപരിധിയോ, മാർക്ക് മാനദണ്ഡങ്ങളോ യൂണിവേഴ്സിറ്റി നിഷ്‌കർഷിക്കുന്നില്ല. സ്വയം സംരംഭകരാവാനും പഠിതാക്കൾക്ക് അവസരമുണ്ട്. ഉദാഹരണത്തിന്, ബി.എ നാനോ എന്റർപ്രണർഷിപ്പ് കോഴ്സ്. ബി. എസ്‌സി മൾട്ടി മീഡിയ കോഴ്സ് ഉടൻ തുടങ്ങും.
? മറ്റു സ്ഥാപനങ്ങളുമായി സഹകരണം.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് ആൻഡ് അസസ്മെന്റ് , ഐ.സി.ടി അക്കാഡമി, റ്റി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കില, കേരള യൂത്ത് ലീഡർഷിപ് അക്കാഡമി, സ്റ്റാർട്ടപ്പ് മിഷൻ, ഐ.എച്ച്.ആർ.ഡി, കെൽട്രോൺ, അസാപ് എന്നിവയുമായും സ്വകാര്യസ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നു. എല്ലാ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്കും എൻ.സി.വി.ഇ.ടി സർട്ടിഫിക്കേഷനും ലഭ്യമാക്കും. ഇതോടെ സർവകലാശാലയുടെ ഡിപ്ലോമയ്ക്ക് ഇരട്ട സർട്ടിഫിക്കേഷനാവും. ഹിന്ദിപ്രചാര സഭയുമായി ചേർന്ന് കോഴ്സ് തുടങ്ങും. കേംബ്രിഡ്ജ് സർവകലാകാശാലയുമായി സഹകരിച്ചു ഇംഗ്ലീഷ് ഭാഷാ കോഴ്സുകളും, വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷാ കോഴ്സുകളും ആരംഭിക്കും.
? മറ്റ് പുതിയ കോഴ്സുകൾ.
നാഷണൽ, ഇന്റർനാഷണൽ യൂണിവേഴ്സിറ്റികളുമായി ചേർന്ന് അക്കാഡമികമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മേന്മയുള്ള ജനകീയ വിദ്യാഭ്യാസമാണ് വിഭാവനം ചെയ്യുന്നത്. ജനപ്രതിനിധികൾക്കായി പ്രാദേശിക ഭരണം എന്ന വിഷയത്തിൽ ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചിരുന്നു. 3000 തദ്ദേശ സ്ഥാപന അംഗങ്ങൾ വിജയിച്ചു.
? പഠിതാക്കൾക്ക് റഫറൻസിന് സൗകര്യമുണ്ടോ.
സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കളുടെ റഫറൻസ് ലൈബ്രറിയായി മാറും. കൊല്ലം ജില്ലാ ലൈബ്രറിയും റഫറൻസ് കേന്ദ്രമാവും. എല്ലാ ജില്ലാ ലൈബ്രറികളെയും റഫൻസ് ലൈബ്രറികളാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കും. ഇതോടെ എവിടെനിന്നും റഫറൻസ് സാദ്ധ്യമാവും.
? സാമൂഹ്യ നന്മയ്ക്കായുള്ള പദ്ധതികളുമുണ്ടോ.
ജയിൽ അന്തേവാസികളുടെ തുടർപഠനം സാദ്ധ്യമാക്കുന്ന സമന്വയ പദ്ധതി കണ്ണൂർ ജയിലിൽ തുടങ്ങിയിട്ടുണ്ട്. ഇത് എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കും. വിവിധ ജയിലുകളിലെ നൂറോളം തടവുകാർ പഠിതാക്കളായിട്ടുണ്ട്. അനാഥാലയത്തിലെ അന്തേവാസികൾക്ക് ഫീസിളവുണ്ട്. സ്‌പോൺസർമാരെയും കണ്ടെത്തും. കാഴ്ചപരിമിതിയുള്ളവർക്കും അംഗപരിമിതർക്കും സൗജന്യമായി പഠിക്കാം. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് 'ഒപ്പം" പദ്ധതിയിൽ വീട് വച്ചുനൽകും.
? പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും.
പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കൃത്യതയും ഉത്തരവാദിത്വവുമുണ്ട്. പരീക്ഷ കഴിഞ്ഞ് 30 ദിവസങ്ങൾക്കുള്ളിൽ ഫലപ്രഖ്യാപനം നടത്തുന്നു. ബിരുദാനന്തര ബിരുദ പരീക്ഷകളിൽ 79.94 ശതമാനം വിജയമുണ്ട്. കേരളത്തിൽ ആദ്യമായി ഓപ്പൺബുക്ക് പരീക്ഷ നടപ്പിലാക്കിയത് ഓപ്പൺ സർവകലാശാലയിലാണ്. പഠിതാക്കളുടെ സൗകര്യത്തിനനുസരിച്ച് പരീക്ഷ എഴുതാനാവുന്ന 'എക്സാം ഓൺ ഡിമാൻഡ്" ഉടൻ നടപ്പാക്കും.
? ഒരേസമയം രണ്ട് കോഴ്സുകൾ പഠിച്ച് ഇരട്ടബിരുദം നേടാമോ.
യു.ജി.സി മാനദണ്ഡ പ്രകാരം ഒരു റഗുലർ ഡിഗ്രി പഠന കാലയളവിൽത്തന്നെ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി കോഴ്സിനു ചേരാനാകും. ഇത്തരത്തിൽ നേടുന്ന ഡിഗ്രിക്ക് തുല്യ അംഗീകാരമാണ് ലഭിക്കുക. ഉദാഹരണത്തിന് ബി.ടെക് പഠിക്കുന്നതിനൊപ്പം ബി.എ മലയാളം കൂടി പഠിക്കാനാവും.
? സർവകലാശാലയുടെ പഠനകേന്ദ്രങ്ങൾ വിപുലീകരിക്കുമോ.
യൂണിവേഴ്സിറ്റിക്ക് പുതിയ ക്യാമ്പസ് കൊല്ലം മുണ്ടയ്ക്കലിൽ ഉടൻ യാഥാർത്ഥ്യമാകും. ഒരു വർഷത്തിനകം അക്കാഡമിക് ബ്ലോക്ക് നിർമ്മിക്കും. കൊല്ലം കുരീപ്പുഴയിലെ ഹെഡ്ക്വാർട്ടേഴ്സ് ഉൾപ്പെടെ അഞ്ച് മേഖലാ കേന്ദ്രങ്ങളുണ്ട്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ക്ലാസ് നടത്താൻ നിലവിലെ 23 പഠനകേന്ദ്രങ്ങൾക്കു പുറമെ കൂടുതൽ എണ്ണം ഇക്കൊല്ലം തുടങ്ങി. സ്ഥിരം ജീവനക്കാരില്ലാത്തത് പരിമിതിയാണെങ്കിലും, അതിനെയെല്ലാം സമർത്ഥമായ പ്രവർത്തന ശൈലികൊണ്ട് മറികടന്നു. ലോകമറിയുന്ന ഒരു മാതൃകാ യൂണിവേഴ്സിറ്റിയായി ഓപ്പൺ സർവകലാശാല നിലകൊള്ളുന്നു. വിദ്യകൊണ്ട് എല്ലാ അർത്ഥത്തിലും സ്വതന്ത്റമാകാൻ യൂണിവേഴ്സിറ്റി സജ്ജമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |