മാധവ് സുരേഷ് ആദ്യമായി നായകവേഷത്തിലെത്തിയ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ ചില രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണിപ്പോൾ. ചിത്രത്തിൽ നടി ലെനയും പ്രധാന വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ മാധവ് സുരേഷിനെതിരായ ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് താരം.
'മാധവിന്റെ ആദ്യ സിനിമയാണ് കുമ്മാട്ടിക്കളി. ഒരാളെ ആദ്യ സിനിമയിൽ തന്നെ ട്രോൾ ചെയ്ത് നശിപ്പിക്കരുത്. ഇനി അഭിനയിക്കാൻ ധൈര്യം കാണിക്കരുത് എന്ന നിലയിൽ ട്രോൾ ചെയ്യുന്നത് ശരിയല്ല. അവൻ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് മാധവ്. കുറച്ചുകൂടി ബോൾഡ്‌നെസ് വന്നിട്ടായിരിക്കും മാധവ് തിരിച്ചുവരിക. മാധവിന് താത്‌പര്യം ഉണ്ടെങ്കിൽ അവൻ ഇനിയും അവന്റെ സ്‌കിൽസ് പോളിഷ് ചെയ്തുവരും. ആദ്യ സിനിമയിൽ തന്നെ എല്ലാവരും ഹൃത്വിക് റോഷൻ ആകണമെന്നില്ല'- ലെന പറഞ്ഞു.
മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച കുമ്മാട്ടിക്കളി തമിഴ് സംവിധായകനായ വിൻസന്റ് സെൽവയാണ് സംവിധാനം ചെയ്തത്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കുമ്മാട്ടിക്കളി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയാണ് ചിത്രം നിർമ്മിച്ചത്.
ഏറെ വിവാദങ്ങൾക്ക് കാരണമായ ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള (ജെഎസ്‌കെ) എന്ന ചിത്രത്തിലും മാധവ് സുരേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജെഎസ്‌കെ ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ജൂലായ് 17നാണ് തിയേറ്ററുകളിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |