മന്ത്രി കെ.രാജൻ കേരളകൗമുദിയോട്
49 പേർ കൂടി പുതുതായി ലിസ്റ്റിൽ
കോഴിക്കോട്: പൊള്ളുന്ന മനസുമായിട്ടാണ് ഇന്നലെ റവന്യു മന്ത്രി കെ. രാജൻ ഒരു കൊല്ലം മുമ്പ് ഉരുൾ തകർത്ത മുണ്ടക്കൈ-ചൂരൽമല മേഖലയിൽ എത്തിയത്. എന്തു നൽകിയാലും തീരാത്തത്ര നോവാണെന്നറിയാം. എന്നാലും കഴിയാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിസംബറിന് മുമ്പ് അർഹതപ്പെട്ടവർക്കെല്ലാം പുതിയ വീടുണ്ടാകുമെന്നും വ്യക്തമാക്കി. മന്ത്രി രാജൻ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.
ഒരു വർഷത്തിനുശേഷം ചൂരൽമലയിൽ നിൽക്കുമ്പോൾ?
ഒരു വർഷമല്ല, വർഷമേറെക്കഴിഞ്ഞാലും തീരാത്ത വേദനയാണ് ഇവിടെ വരുമ്പോൾ. പരിധിയുണ്ടെങ്കിലും കഴിയാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന ആശ്വാസം മാത്രമാണിപ്പോൾ. അതൊന്നും അവരുടെ നഷ്ടങ്ങൾക്ക് പരിഹാരമാവില്ലെന്നറിയാം.
പുനരധിവാസത്തിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്നാണ് വിമർശനം?
അത് വിമർശിക്കുന്നവർക്കാണ്. ഇരകളായവർക്കില്ല. പുനരധിവാസ പ്രവർത്തനങ്ങളിൽ വിട്ടുപോയവരെയെല്ലാം കൂട്ടിച്ചേർത്താണ് മുന്നോട്ടുപോകുന്നത്. 402 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. അതിൽ 107പേർ വീടിനുപകരം പണം മതിയെന്ന് പറഞ്ഞു. അവർക്ക് 15ലക്ഷം വീതം അനുവദിച്ചു. പുതിയ അപേക്ഷകരിൽ അർഹരെന്ന് ഉറപ്പുവരുത്തിയ 49പേരെ കൂടി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഉൾപ്പെടുത്തി. ഈ വീടുകളെല്ലാം ഈ വർഷം ഡിസംബറിന് മുമ്പ് പൂർത്തിയാവും. പുതുവർഷ പുലരിയിൽ എല്ലാവർക്കും വീടാവും. അതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
വ്യാപാരികളുടെ പ്രതിഷേധമുണ്ടായല്ലോ?
ആദ്യ പരിഗണന വീടും കുടുംബവും നഷ്ടപ്പെട്ടവർക്കായിരുന്നു. അപ്പോഴും വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെട്ട് പെരുവഴിയിലായി പോയവരെ മറന്നിരുന്നില്ല. അതിനുള്ള കണക്കെടുപ്പ് കൃത്യമായി നടക്കുന്നുണ്ടായിരുന്നു. ഇന്നലെ മന്ത്രിസഭായോഗം അതിലും തീരുമാനമെടുത്തിട്ടുണ്ട്. വ്യാപാരികളുടെ നഷ്ടങ്ങളുടെ കണക്ക് പരിശോധിച്ച് എത്രയുംവേഗം ദുരിതാശ്വാസ നിധിയിൽ നിന്ന് അതുകൂടി ഇതേ കാലയളവിൽ നൽകും. ജില്ലാകളക്ടർക്കാണ് ചുമതല.
കേന്ദ്രം അവഗണിച്ചുവെന്ന് വിമർശനമുണ്ടല്ലോ?
അത് കേരളവും രാജ്യം മൊത്തമായും ഒരുപാട് ചർച്ച ചെയ്തില്ലേ. പ്രളയകാലത്ത് ദുരിതാശ്വാസപ്രവർത്തനം നടത്തിയ ഹെലികോപ്ടറിന്റെ വാടക 120കോടി ചോദിച്ചവരാണ്. പക്ഷേ, സേന ചെയ്ത സേവനങ്ങളൊന്നും വിസ്മരിക്കാനാവില്ല. ദുരന്തമുഖത്തെ കാവലാളായിരുന്നു അവർ. അന്ന് കേരളം മുഴുവനും കൂടെ നിന്നു. രക്ഷാപ്രവർത്തനത്തിനായി മറ്റൊരു മലവെള്ളം പോലെയാണ് ജനങ്ങളെത്തിയത്. അവർക്കു മുന്നിൽ കൈകൂപ്പുന്നു.
വയനാട് ദുരന്തമുഖത്ത്
നേതൃത്വം പരാജയപ്പെട്ടു :
ഗവർണർ ആർലേക്കർ
തിരുവനന്തപുരം: വയനാട് ദുരന്ത മുഖത്ത് നേതൃത്വവും ഏകോപനവും പരാജയപ്പെട്ടതായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെദ്വിദിന വാർഷിക മാനേജ്മെന്റ് കൺവെൻഷൻ 'ട്രിമ 2025' ഹോട്ടൽ ഓ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃത്യമായ മാനേജ്മെന്റ് ഇല്ലാത്തതിനാലാണ് ദുരന്തം കഴിഞ്ഞ് ഇത്ര നാളായിട്ടും പുനരധിവാസം പൂർണമാകാത്തത്.നല്ല നേതൃത്വം ഉണ്ടാവണമെങ്കിൽ നേതൃത്വം വഹിക്കുന്നവർക്ക് മാനുഷിക മൂല്യങ്ങൾ വേണം. ബംഗളൂരുവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും മനുഷ്യർ മരിച്ചതും ശരിയായ മാനേജ്മെന്റ് ഇല്ലാത്തതിനാലാണ്. അതേ സമയം,ഏറ്റവും മികച്ച ഏകോപനത്തിന്റെ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ. മൂന്നു സേനകളെയും ഒന്നിച്ച് കൊണ്ടു വരാനായത് മികച്ച നേതൃപാടവം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമസേനയുടെ സതേൺ എയർ കമാൻഡിലെ എയർ ഓഫീസർ കമാൻഡിംഗ് ഇൻചീഫ് എയർ മാർഷൽ മനീഷ്,ട്രിമ ചെയർമാനും എച്ച്.എൽ.എൽ ലൈഫ് കെയറിന്റെ മുൻ സിഎംഡിയുമായ ഡോ.എം.അയ്യപ്പൻ,ടിഎംഎ പ്രസിഡന്റും കെഎസ്ഐഡിസി ജിഎമ്മുമായ ജി.ഉണ്ണികൃഷ്ണൻ,ജനറൽ കൺവീനർ ഉണ്ണികൃഷ്ണൻ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ടിഎംഎ വാർഷിക അവാർഡുകൾ ഗവർണർ സമ്മാനിച്ചു. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന് ടിഎംഎ നിംസ് സിഎസ്ആർ അവാർഡും ഇന്റലിയോക് ടെക്നോളജീസിന്ടിഎംഎ അദാനി സ്റ്റാർട്ടപ്പ് അവാർഡും ലഭിച്ചു. അക്കാഡമിക് മികവിനെ അംഗീകരിക്കുന്ന ടിഎംഎ കിംസ് ഹെൽത്ത് തീം പ്രസന്റേഷൻ അവാർഡ് സിഇടി സ്കൂൾ ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |