സൈന്യത്തിന്റെയും പൊലീസിന്റെയും കഥ ഒരുപാട് തവണ വെള്ളിത്തിരയിൽ വന്നു പോയതാണ്. എന്നാൽ അധികമൊന്നും പറഞ്ഞിട്ടില്ലാത്തത് പ്രധാനമന്ത്രി മുതലായ പ്രമുഖരുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി ഓഫീസർമാരുടെ കഥയാണ്.
സൂര്യ നായകനായി മോഹൻലാൽ, ആര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തി കെ.വി. ആനന്ദ് സംവിധാനം ചെയ്ത കാപ്പാൻ എന്ന സിനിമയിൽ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന 'കരിമ്പൂച്ച'കളുടെ കഥയാണ്. രാജ്യസ്നേഹത്തിന്റെ സന്ദേശം നൽകുന്ന ചിത്രം ഒരുവശത്ത് കർഷകരെയും കൃഷിയെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ചന്ദ്രകാന്ത് വർമ (മോഹൻലാൽ) എന്ന ധർമ്മിഷ്ടനും ശക്തനുമായ ഇന്ത്യയുടെ പ്രധാനമന്ത്രി മൂർച്ചയുള്ള തന്റെ തീരുമാനങ്ങളും ഭരണവും മൂലം രാജ്യത്തിനകത്തും പുറത്തുമായി നിരവധി ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ട്. പല വേദികളിലായി ഇദ്ദേഹത്തെ വധിക്കാൻ ശ്രമം നടന്നിട്ടുണ്ട്. അവയിൽ നിന്നൊക്കെ വർമ രക്ഷപ്പെടുന്നത് തന്റെ കാവൽ വലയമായ എസ്.പി.ജി കൂടെയുള്ളത് കൊണ്ടാണ്. കതിർ (സൂര്യ) എന്ന ആർമി ഇന്റലിജൻസിലെ വിദഗ്ദൻ പ്രധാനമന്ത്രിയുമായി ഒരിക്കൽ കണ്ടുമുട്ടുന്നു. കതിരനെ ഇഷ്ടപ്പെട്ട വർമ്മ അയാളെ എസ്.പി.ജിയിലെടുക്കുന്നു. കാർഷിക പശ്ചാത്തലത്തിൽ നിന്ന് വരുന്ന കർഷകൻ കൂടിയാണ് കതിരൻ. രാജ്യസ്നേഹത്തിന്റെയും നന്മയുടെയും സന്ദേശം നൽകുന്നതിനിടയിൽ കതിരനിലൂടെ കർഷകരെ കഥ കൂടി പറയുന്നുണ്ട്. ഇങ്ങനെ പല വിഷയങ്ങളെ കുറിച്ച് ഓരോ സീനുകളിലും കാണിക്കുന്നത് ചിത്രത്തിന് ലക്ഷ്യബോധമില്ല എന്ന് തോന്നൽ ഉളവാക്കുന്നുണ്ട്. പ്രസ് സെക്രട്ടറി അഞ്ജലിയും കതിരനും തമ്മിലെ പ്രണയവും ഇതിനിടയിലുണ്ട്. ഒരു കമേർഷ്യൽ സിനിമയിൽ സാധാരണയുണ്ടാകാറുള്ള ഘടകങ്ങളാണ് പാട്ട്, റൊമാൻസ്, സംഘട്ടനം, നാടകീയത തുടങ്ങിയവ. പ്രേക്ഷകരെ പിടിച്ചിരുത്താനും രസിപ്പിക്കാനും അവയ്ക്ക് ആഴവും ഒഴുക്കും വേണം. എന്നാൽ ഈ ചിത്രത്തിൽ മേൽപ്പറഞ്ഞ ഘടകങ്ങൾ ഒക്കെ കുത്തിനിറച്ചിരിക്കുന്നതായാണ് അനുഭവപ്പെടുന്നത്.
ആദ്യ പകുതിയിൽ ചന്ദ്രകാന്ത് വർമ, കതിർ, വർമയുടെ മകനായ അഭിഷേക് (ആര്യ), ശതകോടീശ്വരനായ മഹാദേവ് (ബോമൻ ഇറാനി) , പ്രധാനമന്ത്രിയെ വധിക്കാൻ നടക്കുന്ന കൊലയാളി (ചിരാഗ് ജനി), മറ്റു എസ്.പി.ജി ഓഫീസർമാർ (സമുദ്രക്കനി, പ്രേം, കിരൺ) തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാമറിയുന്ന ശക്തനായ വില്ലൻ ഒരു തീവ്രവാദി എന്നതിലപ്പുറം എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നത് ഒരു ദുരൂഹതയാണ്. അപ്രതിക്ഷിതമായ പഞ്ചോടെയാണ് ചിത്രത്തിന് ഇടവേളയാകുന്നത്. രണ്ടാം പകുതിയിൽ വില്ലന് പിന്നിലാരാണെന്നും അയാളുടെ ലക്ഷ്യമെന്താണെന്നും അനാവരണം ചെയ്യും. പ്രധാനമന്ത്രിയുടെ സുരക്ഷ മാത്രമല്ല നാടിന് ഭവിഷത്താകുന്ന മറ്റ് ഭീഷണികളെയും ഓടിനടന്ന് തുരത്തുന്ന കതിരനും വില്ലന്മാരുമായിട്ടുള്ള പോര് തികച്ചും പ്രവചനീയമാണ്.ശത്രുരാജ്യമായ പാകിസ്ഥാൻ രാജ്യത്തെ തുടരെ വേദനിപ്പിക്കുന്നതിനിടയിൽ രാജ്യത്തിനകത്തെ ശത്രുക്കളെ കാണാതെ പോകരുത് എന്ന സന്ദേശവും ചിത്രം നൽകുന്നുണ്ട്.
മോഹൻലാലും സൂര്യയും തമ്മിൽ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷയുടെ അടുത്തെങ്ങുമെത്താൻ കാപ്പാന് ആയിട്ടില്ല. എങ്കിലും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തുന്ന പ്രകടനമാണ് ഇരുവരും നടത്തിയത്. ഉത്തരവാദിത്വ ബോധമില്ലാത്ത മന്ത്രിപുത്രനായി ആര്യ അവതരിപ്പിച്ച കഥാപാത്രം രസകരമാണ്. കഥയിൽ വലിയ പ്രാധാന്യമില്ലാത്ത നായികാകഥാപാത്രമാണ് സയ്യേഷയുടേത്. ബോമാൻ ഇറാനി, ചിരാഗ് ജനി തുടങ്ങിയ മറ്റു നടീനടന്മാർ ശ്രദ്ദേയമായ പ്രകടനം കാഴ്ചവെച്ചു.
ചിത്രത്തിന്റെ പശ്ചാത്തലസംഗീതം മികച്ചതാണ്.
ഒരു കെ.വി. ആനന്ദ് സിനിമയിൽ നിന്ന പ്രതീക്ഷിക്കുന്ന സാങ്കേതിക മികവ് ചിലയിടത്തെങ്കിലും ശരാരശരിയിലൊതുങ്ങി. എന്നാൽ സംഘട്ടന രംഗങ്ങൾ മികച്ചുനിന്നു. ഇത്രയേറെ മികച്ച ആർട്ടിസ്റ്റുകൾ ഒരുമിച്ച് വന്നെങ്കിലും അവരെ നേരാംവണ്ണം ഉപയോഗിക്കാവുന്നതൊന്നും ചിത്രത്തിലില്ല. കൃഷിയും തീവ്രവാദവും ഒരുമിച്ച് അവതരിപ്പിക്കാനുള്ള ശ്രമം എങ്ങുമെത്തിയില്ല എന്ന് ചുരുക്കിപ്പറയാം.
വാൽക്കഷണം: ചേരുവകൾ ചേരാത്തപടി ചേർത്തിട്ടുണ്ട്
റേറ്റിംഗ്: 2/5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |