തിരുവനന്തപുരം : അമേരിക്കയുടെ താരിഫ് ഭീഷണിയിൽ പ്രതികരിച്ച് ഡോ. ശശി തരൂർ എം.പി. വ്യാപാര ബന്ധങ്ങൾ രൂപപ്പെടേണ്ടത് സൗഹൃദം കൊണ്ടാവണം, ഭീഷണി കൊണ്ടാവരുത് എന്ന് തരൂർ പറഞ്ഞു.
അമേരിക്കയുടെ നിലപാട് കടുത്ത സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി, എന്നാൽ അതിനെതിരെ ഇന്ത്യ ജാഗ്രത പാലിച്ച് എന്തു നടപടികൾ കൈക്കൊള്ളാനും തയ്യാറായിരിക്കണം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വ്യാപാര രംഗത്തെ ഇന്ത്യൻ താൽപര്യങ്ങൾ അമേരിക്കയ്ക്കു മുന്നിൽ അടിയറ വയ്ക്കാൻ കഴിയില്ല. നമ്മുടെ ജനതയുടെ ഭാവി നിർണയിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾ വഴിതിരിച്ച് വിടാൻ മറ്റുള്ളവർ ശ്രമിക്കരുത്, എന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു ആഗോള വിപണി രാജ്യമാണ്, യു.എസ് മാത്രമല്ല പ്രാധാന്യമുള്ള വ്യാപാര പങ്കാളിയെന്ന് തരൂർ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായും യു.കെയുമായും കരാറുകൾ പൂർത്തിയാക്കി, ലാറ്റിൻ അമേരിക്ക മുതൽ ആഫ്രിക്ക വരെ വിപണികൾ തേടുന്നുണ്ട്. ഇന്ത്യയുടെ വിപണി വൈവിധ്യമാർന്നതാണ്. അമേരിക്കയുടെ ഭാഗത്തു നിന്ന് കടുത്തതും ഏകപക്ഷീയവുമായ നടപടികൾ ഉണ്ടായാൽ രാജ്യം വ്യത്യസ്ത ദിശകളിൽ മുന്നോട്ട് പോയി മറ്റു വ്യാപാര മേഖലകൾ കണ്ടെത്തും' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കയറ്റുമതി നികുതി നിരക്ക് നീതികരിക്കാൻ കഴിയാത്തതാണ് എന്ന ആക്ഷേപം ഡോ. ശശി തരൂർ തള്ളിക്കളഞ്ഞു. 'അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ശരാശരി 17% നികുതിയാണ് നല്കുന്നത്. അത് ആഗോളതലത്തിൽ അധികമല്ല. ഉയർന്ന വിലയും മത്സരക്ഷമതയും കുറവായതു കൊണ്ടാണ് പല അമേരിക്കൻ ഉത്പന്നങ്ങൾക്കു ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടാൻ കഴിയാത്തത്.
ആഗോള സാമ്പത്തിക രംഗത്ത് വ്യത്യസ്ത വഴികളിലായി ഇന്ത്യ മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന പോലെയുള്ള കയറ്റുമതി അധിഷ്ഠിത സാമ്പത്തിക ശൈലി ഇന്ത്യക്കില്ല. നമ്മുടെ ശക്തി നമ്മുടെ ആഭ്യന്തര വിപണിയിലാണ്. നമ്മുക്ക് നമ്മുടെ പാത സ്വയം തേടാൻ കഴിയും. സ്വയംപര്യാപ്തതയിലൂടെ മുന്നേറിയ ഒരു ജനതയാണ് ഇന്ത്യ. അതിനാൽ ഇന്ത്യയുടെ നയരൂപകർത്താക്കൾ ധൈര്യത്തോടും വ്യക്തതയോടും കൂടിയിരിക്കാൻ തയ്യാറാകണം. ഇത്തരം വ്യാപാര അനീതിയുള്ള ഒരു വ്യവസ്ഥ രാജ്യത്തിനു സ്വീകാര്യമല്ല പ്രത്യേക സാഹചര്യത്തിൽ 'നാം വേറിട്ട വഴികൾ തേടുവാൻ തയ്യാറായാൽ അതൊരു അഹങ്കാരമല്ല; അത് നമ്മുടെ സ്വാഭിമാനമാണ്' എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |