മാനന്തവാടി: ഒരു കിലോ നേന്ത്രപ്പഴത്തിന് ഇപ്പോൾ കടയിൽ നാല്പതു രൂപ കൊടുക്കണം. ഇതിന്റെ പകുതിവിലയാണ് ഉത്പാദിപ്പിക്കുന്ന കർഷകന് ലഭിക്കുന്നത്. ഈ വർഷം ആദ്യം ഒരു കിലോ നേന്ത്രക്കായയ്ക്ക് അമ്പതു രൂപ വരെ ലഭിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ വിലയിടിവിൽ അന്ധാളിച്ചു നിൽക്കുകയാണ് കർഷകർ. ഈ മാസം രണ്ടാം വാരം ഒരു കിലോ നേന്ത്രക്കായയ്ക്ക് 27 രൂപ വരെ ലഭിച്ചിരുന്നു. അതാണ് ഇപ്പോൾ ഒറ്റയടിക്ക് കുറഞ്ഞത്. മൂപ്പെത്തിയ കുലകൾ വെട്ടിവിറ്റില്ലെങ്കിൽ പഴുത്ത് നശിക്കും. കിട്ടുന്ന വിലയ്ക്ക് കൊടുത്ത് ഒഴിവാക്കേണ്ട ഗതികേടിലാണ് കർഷകർ.
ജില്ലയിലെ ഭൂരിഭാഗം പേരുടേയും ഉപജീവന മാർഗമാണ് നേന്ത്രവാഴക്കൃഷി. വയലും കരഭൂമിയും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകരും അനവധിയാണ്. വിളവെടുക്കുമ്പോൾ നല്ല വില ലഭിക്കുമെന്നു കരുതി വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകർ ഇപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ്. അതേസമയം കർണാടകയിൽനിന്നും മറ്റും എത്തുന്ന നേന്ത്രക്കായ കിലോയ്ക്ക് 45 രൂപ വരെ കച്ചവടക്കാർ നൽകുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഉത്പാദനം കൂടിയതോടെ ഗുണനിലവാരം കൂടിയ നേന്ത്രക്കായകളുടെ വിലയിടിക്കുന്ന ലോബികളും പ്രവർത്തിക്കുന്നതായി കർഷകർ ആരോപിച്ചു. കൃഷിയിടങ്ങളിൽനിന്ന് കച്ചവടം ചെയ്ത് നേരിട്ടു കയറ്റിയയക്കുന്ന ഇടനിലക്കാരാണ് വിലയിടിവിനു കാരണമെന്ന് കർഷകർ പറയുന്നു.
മുടക്കുമുതൽ പോലുമില്ല
നിലവിലുള്ള വിലപ്രകാരം മുതൽമുടക്കുപോലും ലഭിക്കാത്ത അവസ്ഥയാണ്. ഒരു നേന്ത്രവാഴവെച്ച് പരിപാലിച്ചു വിളവെടുക്കുന്നതിനു ഒരു വാഴയ്ക്ക് ചുരുങ്ങിയത് 250 രൂപ ചെലവ് വരും. വാഹനം എത്തായിടത്തും മറ്റുമാണെങ്കിൽ ചെലവ് കൂടും.
വന്യമൃഗശല്യത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും അതിജീവിച്ചാണ് കൃഷി പരിപാലിക്കുന്നത്. വിളവെടുക്കമ്പോൾ വിലയില്ലെങ്കിൽ എന്തുചെയ്യും എന്നാണ് കർഷകരുടെ ചോദ്യം. ഒരു കിലോ നേന്ത്രക്കായക്ക് ചുരുങ്ങിയത് 35 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
വിളനാശമുണ്ടായാൽ ലഭിക്കുന്ന നഷ്ടപരിഹാരം ഏറെ വൈകിയാണ് ലഭിക്കുന്നത്. വാഴക്കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയാൽ കുലച്ച വാഴയ്ക്ക് മുന്നൂറു രൂപയും അല്ലാത്തവയ്ക്കു 150 രൂപയും നഷ്ട പരിഹാരം ലഭിക്കും. ഒരു വാഴയ്ക്കു മൂന്നു രൂപ മാത്രമേ പ്രീമിയമായി അടക്കേണ്ടൂ. എങ്കിലും ഇത് നേടിയെടുക്കാനുള്ള പ്രയാസത്താൽ മിക്കവരും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താറില്ല. ഇത്തരക്കാർക്ക് കൃഷി നാശമുണ്ടായാൽ പിടിച്ചു നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണുണ്ടാവുക. പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിച്ചവർക്ക് 2021 മുതലുള്ള നഷ്ടപരിഹാരം ലഭിക്കാനുണ്ട്. ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയാലും നഷ്ടപരിഹാരം ലഭിക്കാൻ രണ്ടു വർഷം വരെയൊക്കെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്ന് കർഷകർ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |