കൊച്ചി: നടൻ അബൂബക്കർ അരങ്ങിൽ നിന്നെത്തി സിനിമയിൽ സാന്നിദ്ധ്യമുറപ്പിച്ചത് അല്പം വൈകിയാണ്. എന്നാൽ മകൻ കലാഭവൻ നവാസ് സ്റ്റേജുകളിൽ നിന്ന് കൗമാരത്തിൽ തന്നെ സിനിമയുടെ പടവുകയറി. ലോ ബഡ്ജറ്റ് കോമഡി ചിത്രങ്ങളുടെ വേലിയേറ്റം കണ്ട തൊണ്ണൂറുകളിൽ നവാസ് അതിലൊരു വിജയഘടകമായിരുന്നു. സ്റ്റേജ് ഷോകളിലും ലൊക്കേഷനുകളിലുമായി തിരക്കിട്ട യൗവനം. ചിരി തമാശകളും ചെറിയ വേഷങ്ങളുമായി കടന്നുപോകുന്നതിനിടെ അവസരങ്ങൾ നവാസിൽ നിന്ന് അകന്നുപോയി. അതേസമയം, ഒപ്പമുണ്ടായിരുന്ന കോമഡി താരങ്ങളിൽ പലരും ഭാവിയെക്കരുതി ക്യാരക്ടർ റോളുകളിലേക്ക് തിരിഞ്ഞിരുന്നു.
സിനിമയിലെ സൗഹൃദ വലയത്തെ സ്വാധീനിച്ച് നവാസിനും റോളുകൾ നേടാമായിരുന്നു. എന്നാൽ ഇങ്ങോട്ടു വിളി വന്നാൽ സ്വീകരിക്കാമെന്നതായിരുന്നു നയം. അടുപ്പമുള്ള സംവിധായകരോ നിർമ്മാതാക്കളോ സിനിമ അനൗൺസ് ചെയ്താൽ അവരെ കഴിവതും വിളിക്കാതിരിക്കാനാണ് നവാസ് ശ്രമിച്ചത്. കാരണം, സിനിമ പണംമുടക്കുള്ള ബിസിനസാണ്. തന്നെ വച്ചൊരു പരീക്ഷണം... അത് വേണ്ടെന്നായിരുന്നു നിലപാടെന്ന് നവാസ് തന്നെ പറഞ്ഞിട്ടുണ്ട്.
സെക്കൻഡ് ഹീറോ ആയി ക്ഷണം വന്ന സിനിമകൾ തന്നെ അവസാന നിമിഷം മാറിപ്പോയിട്ടുണ്ട്. പ്രധാന നടന്റെ അതൃപ്തിയോ മാർക്കറ്റിംഗ് താത്പര്യമോ ആകാം വിഷയം. കാരണം അന്വേഷിച്ചു പോകാറില്ല. തന്നെ തഴഞ്ഞ സിനിമയാണെങ്കിലും ആദ്യ ഷോ കണ്ട് സന്തോഷിക്കും. കാരണം ഏറെപ്പേരുടെ ക്രിയേറ്റിവിറ്റിയാണ് ഒരു സിനിമ. പോസിറ്റീവായ ഈ നിലപാടാണ് എന്നും ചെറുപ്പമായിരിക്കാൻ സഹായമെന്ന് നവാസ് പറയാറുണ്ട്. നേട്ടങ്ങൾ എത്തിപ്പിടിക്കാൻ നോക്കാറില്ല. അതുകൊണ്ട് ഉറക്കം നഷ്ടപ്പെട്ട ഒരു ദിവസം പോലുമില്ല.
കലാഭവൻ നവാസിന്റെ രണ്ടാം വരവാണ് 2025 കണ്ടത്. അഭിനയസാദ്ധ്യതയുള്ള റോളുകൾ ലഭിച്ചു. മിനിഞ്ഞാന്നു സായാഹ്നത്തിൽ തന്റെ വേഷം പൂർത്തിയാക്കി,വീട്ടിലേക്കുള്ള യാത്ര അപൂർണമാക്കി നവാസ് മടങ്ങി. ആരെയും ബുദ്ധിമുട്ടിക്കാതെ ... കലാകാരന്റെ ഓർമ്മയ്‌ക്ക് പൊട്ടിച്ചിരിപ്പിച്ച സീനുകൾ ബാക്കിയാകുന്നു, വൈറലായ റീലുകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |