തിരുവനന്തപുരം: സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ കേരഫെഡ് വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ ഓണത്തിന് ലഭ്യമാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പി.പ്രസാദ്.നിലവിൽ ശബരി വെളിച്ചെണ്ണയാണ് സപ്ലൈകോയിലൂടെ ലഭിക്കുന്നത്.റേഷൻകാർഡ് പരിശോധിച്ചാണ് സബ്സിഡി സാധനങ്ങൾ നൽകുന്നത്.അതിനാൽ കൃഷി വകുപ്പിന്റെ ഓണച്ചന്തകളിലൂടെ വെളിച്ചെണ്ണ ലഭ്യമാക്കാൻ കഴിയില്ല.സംസ്ഥാനത്ത് നാളികേര ഉത്പാദനത്തിൽ 25 ശതമാനത്തോളം കുറവുണ്ടായി.ഇത് പഠിക്കാൻ സമിതികളെ നിയോഗിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്പാദനത്തിൽ 40 ശതമാനത്തോളം കുറവുണ്ടായെന്ന് ലോകബാങ്കിന്റെ കമ്മോഡിറ്റി മാർക്കറ്റ് ഔട്ട്ലുക്ക് പഠന റിപ്പോർട്ടിലുണ്ട്.തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഉയരാനുള്ള കാരണമിതാണ്.അടുത്ത വർഷം വരെ വിലവർദ്ധന തുടരാനാണ് സാദ്ധ്യതയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 2000 കർഷകച്ചന്തകൾ
ഓണത്തിന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 2,000 കർഷകച്ചന്തകൾ നടത്തും.സെപ്തംബർ ഒന്ന് മുതൽ നാലുവരെ കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്,വി.എഫ്.പി.സി.കെ എന്നിവയുടെ ഏകോപനത്തോടെയാണിത്.കർഷകരിൽ നിന്ന് 10% അധിക വില നൽകി പച്ചക്കറി സംഭരിക്കും. പൊതുവിപണി വിലയേക്കാൾ 30% കുറഞ്ഞ നിരക്കിൽ വിൽക്കും.ജൈവപച്ചക്കറികളും ഉത്തമ കൃഷിമുറകളിലൂടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും 20% അധികവില നൽകി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 10% കുറച്ച് വിൽക്കുകയും ചെയ്യും.13 കോടിയാണ് പദ്ധതികൾക്ക് പ്രതീക്ഷിക്കുന്ന ചെലവ്.
കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഹോർട്ടികോർപ്പ് സംഭരിക്കും.ഉരുളക്കിഴങ്ങ്,സവാള പോലുള്ളവ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കും. ഇടുക്കിയിലേയും വയനാടിലേയും പ്രത്യേക പച്ചക്കറികളുടെ ലഭ്യത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും.കേരളഗ്രോ,ജൈവ ഉത്പന്നങ്ങൾ,കൃഷിക്കൂട്ടങ്ങളുടെയും ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങൾ തുടങ്ങിയവ കർഷകച്ചന്തയിലുണ്ടാകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |