ന്യൂഡൽഹി: ദുർഗ് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ രണ്ടു കന്യാസ്ത്രീകളെയും കേരളത്തിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ രാജീവ് ചന്ദ്രശേഖർ ഏർപ്പെടുത്തിയ കാറിലേക്കാണ് പൊലീസ് ആനയിച്ചത്. നിർവികാരമായാണ് കന്യാസ്ത്രീകൾ പുറത്തേക്ക് വന്നത്. ഉറ്റബന്ധുക്കളും മറ്റു കന്യാസ്ത്രീകളും ആലിംഗനം ചെയ്തു സ്വീകരിച്ചു.
രാജ്യസഭാ എം.പിമാരായ ജെബി മേത്തർ, ജോസ് കെ. മാണി, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, എം.എൽ.എമാരായ റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, അൻവർ സാദത്ത്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നേതാക്കളായ അനൂപ് ആന്റണി, ഷോൺ ജോർജ് എന്നിവർ ജയിലിനു മുന്നിൽ കാത്തുനിന്നിരുന്നു.
'ഹിന്ദു - മുസ്ലിം - സിഖ് ഭായി ഭായി' മുദ്രാവാക്യം മുഴങ്ങി.
രാവിലെ ജാമ്യം ലഭിച്ച വിവരം പുറത്തുവന്നതോടെ ഇടതു എം.പിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ ജയിലിന് മുന്നിൽ മധുരം വിതരണം ചെയ്തു.
എട്ടാം ദിനം കട്ടിൽ കിട്ടി
വെള്ളിയാഴ്ച അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എട്ടാം ദിനമാണ് ജയിലിൽ കട്ടിൽ കിട്ടിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും വെറും നിലത്താണ് കിടന്നിരുന്നത്. കേരളത്തിൽ നിന്നുള്ള ഇടത്,വലത്,ബി.ജെ.പി നേതാക്കൾ തുടർച്ചയായി ആവശ്യപ്പെട്ടതോടെയാണ് കട്ടിൽ ലഭ്യമാക്കാൻ ജയിൽ അധികൃതർ നടപടിയെടുത്തത്.
ബജ്രംഗ്ദൾ ഭീഷണിപ്പെടുത്തി
ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമ്മയും പ്രവർത്തകരും ഭീഷണിപ്പെടുത്തിയെന്ന്, കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പെൺകുട്ടികളും പൊലീസിൽ രേഖാമൂലം പരാതി നൽകി. നിർബന്ധിത മതപരിവർത്തനം നടത്തിയെന്നും, മനുഷ്യക്കടത്താണെന്നും പറയാൻ സമ്മർദ്ദം ചെലുത്തി. ബജ്രംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചെന്നും കൂട്ടിച്ചേർത്തു.
പ്രതിപക്ഷ - ബി.ജെ.പി വാക്പോര്
ന്യൂഡൽഹി : കന്യാസ്ത്രീകൾ ജയിൽമോചിതരായതിനു പിന്നാലെ കേരളത്തിലെ ഇടതു-വലതു ജനപ്രതിനിധികളും, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും തമ്മിൽ രാഷ്ട്രീയ വാക്പോര്. ഛത്തീസ്ഗഡിലെത്തിയ നേതാക്കളാണ് ആരോപണ-പ്രത്യോരോപണങ്ങൾ ഉന്നയിച്ചത്. രാഷ്ടീയ നാടകമില്ലായിരുന്നുവെങ്കിൽ രണ്ടു ദിവസം മുൻപ് ജാമ്യം കിട്ടുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ജാമ്യത്തെ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ വാക്ക് നടപ്പായെന്നും കൂട്ടിച്ചേർത്തു. അസാധാരണ തൊലിക്കട്ടിയാണ് രാജീവ് ചന്ദ്രശേഖറിനെന്ന് സി.പി.ഐയിലെ പി. സന്തോഷ് കുമാർ എം.പി തിരിച്ചടിച്ചു. ബി.ജെ.പി സംസ്ഥാന നേതാക്കൾ വന്നിരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും ആരോപിച്ചു. കേരളത്തിലെ സഭാ നേതൃത്വങ്ങൾ അടക്കം ഒന്നടങ്കം പ്രതിഷേധമുയർത്തിയപ്പോഴാണ് ജാമ്യം ലഭിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയതെന്ന് സി.പി.എമ്മിലെ ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. പാർലമെന്റിലും പുറത്തും പ്രതിഷേധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് ആശങ്ക അറിയിച്ചു. ഭരണഘടനയിൽ വിശ്വസിക്കുന്ന ആരും ബി.ജെ.പിക്ക് മാപ്പു നൽകില്ല. ചെയ്ത പാപങ്ങൾക്ക് ബി.ജെ.പി നേതാക്കൾ കുമ്പസരിക്കണമെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്നും ഇടതു എം.പിമാർ ആവശ്യപ്പെട്ടു. ബി.ജെ.പിയുടേത് ഇരട്ടത്താപ്പെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ വ്യക്തമാക്കി. കന്യാസ്ത്രീകൾക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ,ബേബി ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ബി,ജെ.പി സർക്കാർ കന്യാസ്ത്രീകളോട് മാപ്പുപറയണം. സർക്കാർ കുറ്റമേറ്റു പറയണം.
കേസിൽ നിന്ന് ഒഴിവാക്കണം:
സിസ്റ്റർ പ്രീതിയുടെ പിതാവ്
നെടുമ്പാശേരി: ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം സിസ്റ്റർ പ്രീതിക്ക് കോടതി ജാമ്യം നൽകിയതിൽ ആദ്യം ദൈവത്തോടാണ് നന്ദി പറയുന്നതെന്ന് പിതാവ് എളവൂർ മാളിയേക്കൽ വർക്കി പറഞ്ഞു.
കേസും ഒഴിവാക്കി കിട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇത്തരത്തിലുള്ള പീഡനവും കേസുകളും ഇനി മറ്റാർക്കുമുണ്ടാകരുതെന്നും അതിനുള്ള നിയമങ്ങളുണ്ടാകണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ഭരണകൂടത്തോടും സഭാ നേതാക്കളോടും നന്ദിയുണ്ട്. ഒപ്പം തങ്ങളുടെ കുടുംബത്തിലെ അംഗത്തെപ്പോലെ ഒപ്പം നിന്ന റോജി. എം. ജോൺ എം.എൽ.എക്കും ജനപ്രതിനിധികൾ, രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകൾ, നാട്ടുകാർ തുടങ്ങി എല്ലാവർക്കും നന്ദി പറയുന്നതായി വർക്കിക്കൊപ്പം അമ്മ മേരി, സഹോദരൻ സിജോ എന്നിവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |