തിരുവനന്തപുരം: മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.കേരള മീഡിയ അക്കാദമിയുടെ മാദ്ധ്യമ പ്രതിഭാ സംഗമവും നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തിൽ വളരെ ചെറിയ കാര്യങ്ങളെപ്പോലും പെരുപ്പിച്ച് കാണിക്കുന്ന പ്രവണത മാദ്ധ്യമ പ്രവർത്തകർക്കിടയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി മറിച്ചാണ്. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം കേരളത്തിന്റെ കാഴ്ചപ്പാടിലൂടെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. മാത്രമല്ല സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയവരെ തടയുന്ന സ്ഥിതിയുമുണ്ടായി.അജ്ഞാത ഫോൺ കോളുകളുടെ പേരിലും കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിലും മാദ്ധ്യമപ്രവർത്തകരെ മാസങ്ങളോളം ജയിലിൽ അടയ്ക്കുന്ന സംഭവവും ഇന്ത്യയിലുണ്ടായി. ജനാധിപത്യത്തിൽ മാദ്ധ്യമങ്ങൾ ശക്തമായി നിൽക്കണമെന്ന അഭിപ്രായമാണ് സംസ്ഥാന സർക്കാരിനുള്ളത്.ഏറ്റവും കൂടുതൽ കാർട്ടൂണിസ്റ്റുകളുളള കേരളത്തിൽ പല പത്രങ്ങളിലും പ്രത്യേക കാർട്ടൂൺ പംക്തിയും തസ്തികയുമില്ലെന്ന് മന്ത്രി പറഞ്ഞു.
2024-25 വർഷത്തെ ഫെലോഷിപ്പിന് അർഹരായവർക്കും കൊവിഡ് കാലത്ത് മാറ്റിവെച്ച 2019-20 വർഷത്തെ ഫെലോഷിപ്പ് ജേതാക്കൾക്കുളള മെമന്റോയും വിതരണ ചെയ്തു.അക്കാദമി നടത്തിയ വാർത്താ അവതരണ മത്സര വിജയികൾക്കുളള സമ്മാനവും ചടങ്ങിൽ മന്ത്രി സമ്മാനിച്ചു. ഇതിനോടനുബന്ധിച്ച് ശില്പശാലയും സംഘടിപ്പിച്ചു.ഡോ.പി.കെ.രാജശേഖരനായിരുന്നു ശില്പശാല ഡയറക്ടർ. ജേക്കബ് പുന്നൂസ്, എ ഐ സ്പെഷ്യലിസ്റ്റ് ഷിജു സദൻ എന്നിവർ ക്ലാസുകൾ നയിച്ചു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനായി.സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ,സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ,കാർട്ടൂണിസ്റ്റ് സുധീർനാഥ് എൻ ബി, ഫെല്ലോഷിപ്പ് ജേതാക്കളായ ജിഷ ജയൻ, സൂരജ് ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |