തിരുവനന്തപുരം: ട്രംപിന്റെ തീരുവയുദ്ധം കൊവിഡിനെക്കാൾ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും കേരളത്തെയും കാര്യമായി ബാധിക്കാനിടയുണ്ടെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ . കൊവിഡിന് ശേഷമുള്ള വികസനവെല്ലുവിളികളെക്കുറിച്ച് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരുവ നടപടികൾ കേരളത്തിലെ തേയിലയുടെയും സമുദ്രോത്പന്നങ്ങളുടെയും കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും.വികസിതരാജ്യങ്ങൾ നടത്തുന്ന കിടമത്സരം ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വെല്ലുവിളിയാണ്.ആസ്ട്രേലിയൻ പാലുൽപന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ കുറച്ചാൽ ഇവിടെ 30രൂപയ്ക്ക് അവരുടെ പാൽ എത്തും.ഇത് മിൽമയെ തകർത്തുകളയും. ജി.എസ്.ടി.നിരക്ക് കുറയ്ക്കാനും സമ്മർദ്ദം ചെലുത്തുന്നു. ഇതിനെല്ലാം വഴങ്ങിയാൽ രാജ്യത്തെ പാവപ്പെട്ടവർ ദുരിതത്തിലാകും.കേരളം കടക്കെണിയിലാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.കടപെരുപ്പത്തിന്റെ തോത് നിയന്ത്രിക്കുന്നതിൽ വിജയിച്ചു.ഓരോ അഞ്ചുവർഷത്തിലും കേരളത്തിന്റെ പൊതുകടം ഇരട്ടിയാകും. എങ്കിൽ ഇപ്പോൾ 6ലക്ഷം കോടിയിലെത്തണം. നിലവിൽ 4.70ലക്ഷം കോടിയായി കടത്തിന്റെ പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.എം.എ.ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു.അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ,കെ.എസ്.ഐ.ഡി.സി.ചെയർമാൻ സി.ബാലഗോപാൽ എന്നിവർ സംസാരിച്ചു.ഗിഫ്റ്റ് ഡയറക്ടർ ഡോ.കെ.ജെ.ജോസഫ് സ്വാഗതവും രജിസ്ട്രാർ ഡോ.എ.സറഫ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |