SignIn
Kerala Kaumudi Online
Sunday, 06 July 2025 3.19 AM IST

ഐ.എൻ.എസ് വിക്രാന്തിലെ കവർച്ച കഴിഞ്ഞ മാസം, എന്നിട്ടും അധികൃതർ അറിഞ്ഞില്ല: കടത്തിയത് ഏത് വഴിക്ക്? തലപുക‌ച്ച് അന്വേഷണ സംഘങ്ങൾ

Increase Font Size Decrease Font Size Print Page
vikraant
ഐ.എൻ.എസ് വിക്രാന്ത്

കൊച്ചി: കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടിടത്ത് പരിശോധന. തിരിച്ചറിയൽ രേഖയില്ലാതെ കടന്നുകൂടുക ദുഷ്കരം. ഇങ്ങനെ, തന്ത്രപ്രധാനമായ ഇടമാണ് കൊച്ചി കപ്പൽശാല. ഇവിടെ നിർമാണത്തിലിരിക്കുന്ന ഐ.എൻ.എസ് വിക്രാന്തിൽ നിന്നും അതീവ പ്രാധാന്യമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എങ്ങനെ കടത്തി ? കവർച്ച നടന്ന് ആഴ്ചകൾ പിന്നിട്ടപ്പോൾ കേന്ദ്ര ഏജൻസികളടക്കം നാല് അന്വേഷണ സംഘങ്ങൾ തലപുകയ്ക്കുന്നത് ഈ ഒരൊറ്റക്കാര്യത്തിലാണ്. ഉത്തരം തേടി ജീവനക്കാരെയടക്കം മാറി മാറി ചോദ്യം ചെയ്തു. ശാസ്ത്രീയമായ രീതിയിലും അന്വേഷണം നടത്തി. പക്ഷേ, വഴിത്തിരിവായേക്കാവുന്ന ഒരു തുമ്പുപോലും കിട്ടിയില്ല. നിലവിൽ, കപ്പൽശാലയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ള ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ കവർച്ചയ്ക്ക് പിന്നിലെ മറ്റ് സാദ്ധ്യതകളും അന്വേഷിക്കുന്നു. ഐ.എൻ.എസ് വിക്രാന്തിന്റെ നിർമാണം ആരംഭിച്ച 2009 മുതൽ കനത്ത സുരക്ഷയിലായിരുന്നു കൊച്ചി കപ്പൽശാല. ഇതിന്റെ സുരക്ഷാച്ചുമതല കേന്ദ്ര വ്യവസായ സുരക്ഷാസേനയ്ക്കാണ്.

ഹാർഡ് ഡിസ്‌കിൽ നിർണായക വിവരങ്ങൾ
ഒരു കമ്പ്യൂട്ടർ, 10 ഹാർഡ് ഡിസ്‌ക്, മൂന്ന് സി.പി.യു, ഏതാനും പ്രോസസറുകൾ എന്നിവയാണ് വിക്രാന്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. ഹാർഡ് ഡിസ്‌കിൽ അതീവ പ്രാധാന്യമുള്ള വിവരങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം കപ്പൽശാല അധികൃതർ തള്ളി. തന്ത്രപ്രധാനമായ യാതൊരു വിവരങ്ങളും മോഷ്ടിക്കപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ ഇല്ലെന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് മോഷണം നടന്നതെന്നാണ് വിവരം. എന്നാൽ, മോഷണ വിവരം അധികൃതർ അറിഞ്ഞില്ല. ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം ഓൺ ചെയ്തപ്പോൾ കമ്പ്യൂട്ടറിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. 16ന് വൈകിട്ടാണ് ഹാർഡ് ഡിസ്ക് മോഷണം പോയതായി സൗത്ത് പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് കപ്പലിന്റെ നിർമ്മാണ ജോലികളിൽ 1200 ലധികം ജീവനക്കാരെ ചോദ്യം ചെയ്തു. വിരലടയാള വിദഗ്ദ്ധരും കമ്പ്യൂട്ടറുകളിൽ പരിശോധന നടത്തിയിരുന്നു. നാവിക സേനയ്ക്കുവേണ്ടിയാണ് വിമാനവാഹിനിക്കപ്പൽ നിർമിക്കുന്നത്.

ഐബിയടക്കം നാല് അന്വേഷണ സംഘം

കൊച്ചി സിറ്റി പൊലീസ്, സംസ്ഥാന ഇന്റലിജൻസ്, കപ്പൽശാല ആഭ്യന്തര അന്വേഷണ സംഘം.. ഒടുവിൽ ഇതാ ഐ.ബിയും. ഐ.എൻ.എസ് വിക്രാന്തിൽ നിന്നും നഷ്ടപ്പെട്ടത് നിർണായക വിവരങ്ങളടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കവർച്ചയെക്കുറിച്ച് അന്വേഷിക്കാൻ ഐബിയും രംഗത്ത് എത്തിയിരിക്കുന്നത്. കവർച്ച നടത്തിയത് എങ്ങനെ, പിന്നിലെ ഉദ്ദേശം, എവിടേക്ക് കടത്തി തുടങ്ങിയ കാര്യങ്ങളാണ് നാല് അന്വേഷണ സംഘവും പ്രധാനമായും അന്വേഷിക്കുന്നത്. വ്യാഴാഴ്ചയാണ് ഐബി സംഘം കൊച്ചി കപ്പൽശാലയിലെത്തി വിവരം ശേഖരിച്ചത്. മോഷണം നടന്ന ദിവസങ്ങളിൽ ജോലിയിലുണ്ടായിരുന്നവരും പിന്നീട് അവധിയിൽ പ്രവേശിച്ചവരുമായ ജീവനക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കൂടാതെ സ്ഥിരം ജീവനക്കാർ, കരാർ ജോലിക്കാർ, ട്രെയിനികൾ എന്നിവരുൾപ്പെടെ 5,000 പേരാണ് ഒരു ദിവസം കപ്പൽശാലയിൽ ജോലിക്ക് കയറുന്നത്. ഇവരെ പ്രത്യേകം തിരിച്ചാണ് മൊഴിയെടുക്കുന്നത്. അതേസമയം, കൈയുറകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. കമ്പ്യൂട്ടർ തകർത്താണ് ഹാർഡ് ഡിസ്‌കുകൾ കവർന്നിട്ടുള്ളത്. കമ്പ്യൂട്ടർ മുറിയിലുണ്ടായിരുന്ന കൂളർഫാൻ സംവിധാനവും നശിപ്പിച്ചിരുന്നു.

മിലിട്ടറി ഇന്റലിജൻസിന് അതൃപ്തി

ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക്കും അനുബന്ധ ഉപകരണങ്ങളും മോഷണം പോയ സംഭവം അതീവ ഗുരുതരമെന്ന് പൊലീസ് വിലയിരുത്തുമ്പോൾ സുരക്ഷാ വീഴ്ചയിൽ മിലിട്ടറി ഇന്റലിജൻസ് അതൃപ്തിയിലാണ്. മോഷണം പോയത് കപ്പലിന്റെ അതീവ രഹസ്യസ്വഭാവമുള്ള രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളുമാണെന്ന നിഗമനം പൊലീസിനുണ്ടെങ്കിലും ഇതുസംബന്ധിച്ച് യാതൊരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. നിലവിൽ കപ്പലിൽ കമ്പ്യൂട്ടർ ഇരിക്കുന്ന ഭാഗത്ത് 52 പേർക്കാണ് പ്രവേശിക്കാൻ അനുമതിയുള്ളത്. ഇതോടൊപ്പം പുറത്തുനിന്നുള്ള ഏജൻസി ഏർപ്പാടാക്കിയ 82 പേരും കപ്പലിൽ ജോലി ചെയ്യുന്നുണ്ട്. കവർച്ചയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

ഐ.എൻ.എസ് വിക്രാന്ത്

262 മീറ്റർ നീളവും 40,000 ടൺ കേവ് ഭാരവുമുള്ള വിമാനവാഹിനി കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്. പത്തു വർഷം മുമ്പാണ് നാവികസേനയുടെ പുതിയ കപ്പലിന്റെ പണി കൊച്ചിയിൽ ആരംഭിച്ചത്. 2021ൽ പൂർത്തിയാക്കി സേനയ്ക്ക് കൈമാറാനായിരുന്നു തീരുമാനം. 30 മിഗ്, 28കെ യുദ്ധവിമാനങ്ങളെയും 10 അന്തർവാഹിനി വേധ ഹെലികോപ്ടർ ഉൾപ്പെടെയുള്ള വിവിധോദ്ദേശ്യ ഹെലികോപ്ടറുകളെയും വഹിക്കാൻ കഴിയും. 196 ഓഫീസർമാർക്കും 1,449 സെയിലർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. 2021ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20,000 കോടി രൂപയാണ് നിർമാണച്ചെലവ്.

TAGS: INS VIRAT, INS VIKRANT, HARD DISC STOLEN FROM INS VIKRANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.