കൊച്ചി: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ശബരിമലയിൽ ട്രാക്ടർ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ദർശനത്തിനെത്തിയപ്പോൾ ആരോഗ്യ പ്രശ്നമുണ്ടായതിനാലാണ് ട്രാക്ടറിൽ യാത്ര ചെയ്യാൻ നിർബന്ധിതനായതെന്ന അജിത്കുമാറിന്റെ വിശദീകരണം പരിഗണിച്ചാണിത്. സംഭവത്തിൽ പമ്പ പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നതും കോടതി കണക്കിലെടുത്തു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ശബരിമല ചീഫ് പൊലീസ് കോ ഓർഡിനേറ്റർക്ക് നിർദ്ദേശം നൽകി. അജിത് കുമാർ ജൂലായ് 12, 13 തീയതികളിലാണ് പൊലീസ് വകുപ്പിന്റെ ട്രാക്ടറിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും തീർത്ഥാടന പാതയിലൂടെ സഞ്ചരിച്ചത്.
തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത്, ട്രാക്ടറുകൾ ചരക്കു ഗതാഗതത്തിനായി പരിമിതപ്പെടുത്തി നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എ.ഡി.ജി.പിയുടെ യാത്ര ഉത്തരവിന്റെ ലംഘനമാണന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |