മാംസാഹര പ്രിയർക്ക് അത്ര സുഖകരമല്ലാത്ത വാർത്തയാണ് ഓക്സ്ഫഡ് സർവകലാശാല ഗവേഷകർ ഈയിടയ്ക്ക് പുറത്ത് വിട്ട പഠനത്തിൽ പറയുന്നത്. ദിവസവും മാംസാഹരം കഴിക്കുന്നത് 25 ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നു. ബി.എം.സി മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണിത്. 475,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ദിവസേന മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ ക്യാൻസറിതര രോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.
മാംസം സന്തുലിതമായ ആഹാരക്രമത്തിന്റെ ഭാഗമാണെങ്കിലും അമിതമായി കഴിക്കുന്നതും പ്രത്യേകിച്ച് സംസ്കരിച്ച മാംസത്തിന്റെ അമിതോപഭോഗവുമാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ആഴ്ചയിൽ മൂന്നുതവണയിൽ കൂടുതൽ റെഡ് മീറ്റോ, സംസ്കരിച്ച മാംസമോ കഴിക്കുന്നവരിൽ ഹൃദ്രോഗം, പ്രമേഹം, ന്യുമോണിയ, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ചിക്കൻ വിഭവങ്ങൾ അമിതമായി കഴിക്കുന്നവരിലും വയറിന് പ്രശ്നങ്ങളുണ്ടാകുന്നതായി കണ്ടെത്തി. എന്നാൽ റെഡ് മീറ്റ്, ചിക്കൻ തുടങ്ങിയവ കഴിക്കുന്നവരിൽ അയേണിന്റെ കുറവ്, അനീമിയ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു.
ആഴ്ചയിൽ മൂന്നുതവണയിൽക്കൂടുതൽ മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ ഒമ്പത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാദ്ധ്യതയും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഹൈപ്പർടെൻഷൻ, സി.ഒ.പി.ഡി, ആന്റിബയോട്ടിക് പ്രതിരോധം, ക്യാൻസർ, ഹോർമോൺ അസന്തുലിതാവസ്ഥ, ആയുസ് കുറയും, അമിത വണ്ണം, ടൈപ് 2 ഡയബറ്റീസ്, ഹൃദ്രോഗം എന്നിവയാണ് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ. ഉയർന്ന പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങൾ വണ്ണംകുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഗുണംചെയ്യുമെങ്കിലും നിയന്ത്രണമില്ലാത്ത അമിതോപഭോഗം വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് തരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |