ഐ.ടി. പ്രൊഫഷണലുകളുടെ സ്വപ്നമാണ് സിലിക്കൻ വാലിയായ കാലിഫോർണിയ. ഗൂഗിളും മെറ്റയും ആപ്പിളുമടക്കം വമ്പന്മാരുടെ ആസ്ഥാനം. അവിടെ ജോലി ചെയ്യുന്നത് ത്രില്ലടിപ്പിക്കുന്ന അനുഭവം തന്നെയാകും... മിനി സിലിക്കൺ വാലികൾ ഇന്ത്യയിലുമുണ്ട്. ബംഗളുരൂവിനും ഹൈദരാബാദിനുമാണ് ആ പദവി. ഇവിടെയല്ലാം ജോലി ചെയ്യുന്നവരിൽ മിടുമിടുക്കരായ മലയാളികളുണ്ട്. ബംഗളൂരുവിലെ ടെക്കികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണെന്നതും പറയാതെ വയ്യ. കേരളത്തിന്റെ ബൗദ്ധിക സ്വത്ത് ഇങ്ങനെ സംസ്ഥാനത്തിന്റെ പുറത്തേയ്ക്കും വിദേശത്തേക്കും കുത്തിയൊഴുകുകയാണ്.
വാസ്തവത്തിൽ 35 വർഷം മുമ്പ് സ്ഥാപിച്ച തിരുവനന്തപുരം ടെക്നോപാർക്കിലൂടെ ഐ.ടി. രംഗത്ത് മുമ്പേ നടന്നവരാണ് നമ്മൾ. 21 വർഷം മുമ്പ് കൊച്ചി ഇൻഫോപാർക്കും നിലവിൽ വന്നു. പല ജില്ലകളിലും ചെറുകിട ഐ.ടി പാർക്കുകളും പിന്നീട് സ്ഥാപിച്ചു. എന്നാൽ പ്രൊഫഷണലുകളെ വൻതോതിൽ നാട്ടിൽ പിടിച്ചുനിറുത്താൻ നമുക്ക് കഴിഞ്ഞില്ല. ഇതിനായുള്ള ശ്രമങ്ങളും ഇടക്കാലത്ത് പാളി. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ പതനം തന്നെ ഏറ്റവും വലിയ ഉദാഹരണം.
സാഹചര്യങ്ങൾ ഇപ്പോൾ വീണ്ടും മാറിയിരിക്കുകയാണ്. അമേരിക്ക ഉൾപ്പെടെ നടപ്പാക്കിയ പുതിയ തൊഴിൽ നയങ്ങൾ ഇതര രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രൊഫഷണലുകൾക്ക് തിരിച്ചടിയായിത്തുടങ്ങി. ഗൾഫിലും സ്വദേശിവത്കരണ നയം ശക്തമാക്കി. നിർമ്മിത ബുദ്ധിയുടെ വ്യാപനമടക്കമുള്ള കാര്യങ്ങൾ ഐ.ടി രംഗത്ത് കൂട്ടപ്പിരിച്ചുവിടലിന് വഴിയൊരുക്കി. വിദേശ ഹബ്ബുകൾ പലതും അനാകർഷകമാകുമെന്നും നാട്ടിലേക്ക് റിവേഴ്സ് മൈഗ്രേഷൻ ഉണ്ടാകുമെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഈ പശ്ചാത്തലത്തിൽ കൊച്ചി ഇൻഫോപാർക്ക്/സ്മാർട്ട്സിറ്റി ക്യാമ്പസുകളിലെ പുതിയ പദ്ധതികൾ പ്രസക്തമാണ്.
ഇൻഫോപാർക്ക് 3.0
ഇൻഫോപാർക്കിൽ ഇപ്പോൾ 582 കമ്പനികളിലായി 70,000 പേർ ജോലിചെയ്യുന്നുണ്ട്. ടാറ്റ കൺസൾട്ടൻസി, ഏർണസ്റ്റ് ആൻഡ് യംഗ്, എത്തിസലാത്ത്, കോഗ്നിസന്റ്, സിറോക്സ് തുടങ്ങിയ വൻകിട കമ്പനികളും ജെയ്ൻ ഡീംഡ് യൂണിവേഴ്സിറ്റി ക്യാമ്പസും ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നു. മൂന്നാം ഘട്ട വികസനം യാഥാർത്ഥ്യമാകുന്നതോടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ കൂടി ഉണ്ടാകുമെന്നാണ് വാഗ്ദാനം. 12,000 കോടിയുടെ നിക്ഷേപവും. പുതിയ പദ്ധതികൾക്ക് സ്ഥലം കണ്ടെത്താൻ കിഴക്കമ്പലം, കുന്നത്തുനാട് വില്ലേജുകളിലായി ആയിരം ഏക്കറോളം ഭൂമിയുടെ പൂളിംഗ് നടപടികൾക്ക് ഉടനെ വിജ്ഞാപനമിറങ്ങും. 300 ഏക്കറാണ് വേണ്ടതെങ്കിലും ഉടമകളുടെ സഹകരണത്തോടെ കൂടുതൽ ഭൂമി സമാഹരിക്കാനാണ് നീക്കം.
പൂൾ ചെയ്ത ഭൂമിയിൽ വികസനപ്രവർത്തനങ്ങൾ നടത്തിയശേഷം നിശ്ചിത ശതമാനം ഭൂമി തിരികെ ഭൂ ഉടമകൾക്ക് നൽകും. പാർപ്പിട സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ. കായിക -സാംസ്‌കാരിക സംവിധാനങ്ങൾ, വിനോദ ഇടങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെ സജ്ജീകരിക്കും. ഇൻഫോപാർക്ക് രണ്ട് ഘട്ടങ്ങളിലെ കെട്ടിടങ്ങളും പൂർണമായും നിറഞ്ഞുകഴിഞ്ഞ സാഹചര്യത്തിൽ പ്രായോഗിക പ്രശ്നങ്ങളൊന്നുമില്ലാത്ത മാതൃകാ ഐ.ടിപാർക്കായി മൂന്നാം ഘട്ടത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ലാൻഡ് പൂളിംഗ് പ്രഖ്യാപനം നടന്നതിനുശേഷം നിക്ഷേപങ്ങൾക്കായി അന്വേഷണവും വർദ്ധിച്ചിട്ടുണ്ട്.
അതിർത്തികൾ, ഭൂ ഉപയോഗം, ലാൻഡ് റെക്കോർഡ്സ്, ഫ്‌ളഡ് അനാലിസിസ്, വാട്ടർഷെഡ്, ഗതാഗത കണക്ടിവിറ്റി എന്നീ വിവരങ്ങൾ ശേഖരിച്ച് വിശാല കൊച്ചി വികസന അതോറിറ്റി മാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ ജലവിഭവ സ്വയംപര്യാപ്തത, പൂർണമായ മാലിന്യ നിർമ്മാർജനം, എൻ.എച്ച്- റെയിൽ- എയർ പോർട്ട് കണക്ടിവിറ്റി, മറ്റ് സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കാത്ത അറ്റകുറ്റപ്പണി സംവിധാനം തുടങ്ങിയവ ഉറപ്പാക്കും.
ലുലു ട്വിൻ ടവർ
വികസന കേരളത്തിന് പുതിയ തലപ്പൊക്കം സമ്മാനിച്ചാണ് കൊച്ചി സ്മാർട്ട് സിറ്റിയിൽ ലുലു ഗ്രൂപ്പിന്റെ ഐ.ടി. ട്വിൻ ടവറുകൾ തുറന്നത്. ഐ.ടി. പ്രൊഫഷണലുകൾക്ക് 30,000 തൊഴിലവസരങ്ങൾ വാക്കു നൽകുന്ന ഇരട്ട സമുച്ചയം ജൂൺ 28നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 1500 കോടി മുതൽ മുടക്കുള്ള പദ്ധതിയാണിത്. 152 മീറ്ററാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ലുലു ഐ.ടി. ടവറുകളുടെ ഉയരം. 30 നിലകൾ വീതമുണ്ട്. വലിപ്പത്തിലും ഉയരത്തിലും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. സമുച്ചയമാണിത്. 12.74 ഏക്കറാണ് ക്യാമ്പസ് വിസ്തൃതി. നേരത്തേ പ്രവർത്തനം തുടങ്ങിയ ലുലു സൈബർ പാർക്കിന്റെ ഒന്നും രണ്ടും സമച്ചയങ്ങളും തൊട്ടടുത്തുണ്ട്.
ഇൻഫോപാർക്ക് ഫേസ് -2വിൽ 500 കോടിയുടെ ഒരു ഐ.ടി. ടവർ കൂടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വാഗ്ദാനം നൽകിയിട്ടുണ്ട്. മൂന്നര ഏക്കറിൽ 9 ലക്ഷം ചതുരശ്രയടിയിലാണ് നിർമ്മാണം. 7500 പേർക്ക് ഇവിടെ ജോലി ലഭിക്കും.
സ്മാർട്ട് സിറ്റിയെ തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾക്ക് ഗതിവേഗം കൈവരാത്തത് ഇതിനിടയിൽ കല്ലുകടിയാകുന്നുണ്ട്. പദ്ധതി ഏറ്റെടുത്തിരുന്ന ദുബായ് ടീകോം കമ്പനി ഒടുവിൽ പിന്മാറുകയുമായിരുന്നു. സ്മാർട്ട്സിറ്റി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടികൾ ഇഴയുകയാണ്.
ഇതിന് സർക്കാരിനെ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഐ.ടി മിഷൻ ഡയറക്ടറുടെ ഉപസമിതി ഇതിനുള്ള സ്ഥാപനങ്ങളുടെ പട്ടിക കൈമാറിയിരുന്നു. ടീകോമിനു ബാധകമായ 'എക്‌സിറ്റ് പ്ലാൻ' തയാറാക്കുന്നതിന് സർക്കാരിനെ സഹായിക്കാൻ നിയമം, ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ്, ചാർട്ടേഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് എന്നീ മേഖലകളിലെ 4 കൺസൽറ്റന്റുമാരെ നിയമിക്കണമെന്നാണ് നിർദ്ദേശം.
കൊച്ചി സ്മാർട് സിറ്റിയുടെ സ്വത്തുക്കൾ, ബാദ്ധ്യതകൾ, നിയമപരമായ രേഖകൾ തുടങ്ങിയവയെല്ലാം പരിശോധിച്ചു റിപ്പോർട്ട് നൽകുകയാണ് കൺസൽറ്റന്റുമാരുടെ ചുമതല. തുടർന്ന് ടീകോമിന്റെ ഓഹരിമൂല്യം കണക്കാക്കി അവർക്ക് നഷ്ടപരിഹാരം നൽകുന്നതോടെയാണ് സ്മാർട് സിറ്റി പൂർണമായി സർക്കാരിന്റേതാവുക. എന്നാൽ, കൺസൽറ്റന്റുമാരുടെ നിയമനമടക്കം വൈകിയിരുന്നു.
എന്തായാലും കേരളത്തിലെ മാറിയ തൊഴിൽ സാഹചര്യവും നിക്ഷേപ സൗഹൃദ അന്തരീക്ഷവും കൊച്ചിയുടെ ഐ.ടി വികസനത്തിൽ കുതിപ്പുണ്ടാക്കിയെന്നതിൽ തർക്കമില്ല. രണ്ടു വർഷത്തിനകം മലയാളത്തിന്റെ സിലിക്കൻ താഴ്വാരമാകാൻ ഒരുങ്ങുകയാണ് ഇൻഫോപാർക്ക് സ്ഥിതിചെയ്യുന്ന കാക്കനാടും പരിസരവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |