കൊടുങ്ങല്ലൂർ: വെളിച്ചെണ്ണ വില കുതിച്ചുയരുന്നതോടെ വിപണി കീഴടക്കുന്നത് മോശം നിലവാരമുള്ള എണ്ണകളെന്ന് പരാതി. പലതും ഉപയോഗിച്ച് പാകം ചെയ്താൽ പ്രതീക്ഷിച്ച രുചി പോലും ലഭിക്കുന്നില്ലെന്നാണ് വ്യാപക പരാതി ഉയരുന്നത്. ബ്രാൻഡുകളുടെ മറവിൽ വ്യാജനും കടന്നുകൂടിയിട്ടുണ്ടോയെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രുചി ഗോൾഡ്, സൺഫ്‌ളവർ, സ്വാദ്, തവിട് തുടങ്ങിയ എണ്ണകളാണ് വിപണിയിൽ ജനപ്രിയമായുള്ളത്.
എന്നാൽ എറണാകുളം, ആലുവ, തൃശൂർ തുടങ്ങിയ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഗോഡൗണിലേക്ക് ടാങ്കർ ലോറികളിൽ ഈ ബ്രാൻഡുകളുടെ മറവിൽ വിവിധ ഏജൻസികൾക്കായി വ്യാജനെത്തുന്നുണ്ടോയെന്ന സംശയമുണ്ട്. ഇവിടെ നിന്ന് വിവിധ പേരിലും ബ്രാൻഡഡ് നെയിമിലും എണ്ണകൾ പായ്ക്കറ്റുകളിൽ നിറച്ച് ഏജൻസികൾ വഴി പൊതുമാർക്കറ്റിലെത്തും. ഓണം മുന്നിൽകണ്ട് കൂടുതൽ വ്യാജ ഭക്ഷ്യ എണ്ണ എത്തിക്കുന്ന തിരക്കിലാണ് വിതരണക്കാരും കച്ചവടക്കാരുമെന്ന ആശങ്കയുമുണ്ട്. ഈ ഭക്ഷ്യ എണ്ണകളിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് രുചിയില്ലെന്ന് പൊതുജനങ്ങൾക്കിടയിൽ അഭിപ്രായമുണ്ടെങ്കിലും കുതിച്ചുയരുന്ന വെളിച്ചെണ്ണ വില വ്യാജനെ മാർക്കറ്റിൽ സജീവമാക്കുകയാണ്. നിലവിൽ വിപണിയിലുള്ള രുചി ഗോൾഡ് എന്ന പേരിലുള്ള പാം ഓയിലിനാണ് ആവശ്യക്കാരേറെ. 850 ഗ്രാം രുചി ഗോൾഡ് ചില്ലറ കച്ചവടക്കാർ വിൽക്കുന്നത് 118 രൂപയ്ക്കാണ്. എന്നാൽ 157 രൂപ രേഖപ്പെടുത്തിയ പായ്ക്കറ്റും വിൽപ്പനയ്ക്കുണ്ട്.
പരിശോധന ശക്തം
കഴിഞ്ഞ ദിവസങ്ങളിൽ കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. രുചി ഗോൾഡ് സാമ്പിൾ കാക്കനാടുള്ള റീജ്യണൽ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതായി കൊടുങ്ങല്ലൂർ ഫുഡ് സേഫ്‌റ്റി ഓഫീസർ എ.പി.വിനിത പറഞ്ഞു. ഇറക്കുമതി എണ്ണ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവയാണെന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇത് കാരണമായേക്കും.
വില നിലവാരം
രുചി ഗോൾഡ് 118 രൂപ
സൺഫ്‌ളവർ 135,
സ്വാദ് 142,
തവിട് എണ്ണ 160.
വ്യാജ എണ്ണകൾ വിപണിയിലെത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |