ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ പേരിന് കളങ്കം വരുത്തുന്നതാണ് ഇവിടെ അരങ്ങേറുന്ന അനിഷ്ട സംഭവങ്ങൾ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങളാണ് കേരളത്തിന്റെ സത്പേര് മായ്ച്ചുകളയുന്നത്. സ്ത്രീധന പീഡനത്തെ തുടർന്ന് അടുത്തിടെ തുടരെത്തുടരെയുണ്ടായ മരണങ്ങളും സംസ്ഥാനത്തിന്റെ എല്ലാ മികവുകൾക്കും മങ്ങലേൽപ്പിക്കുന്നതാണ്. സ്ത്രീകൾക്കെതിരെ നടന്ന അക്രമ സംഭവങ്ങളില്ലാതെ ഒരു ദിവസവും കടന്ന് പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
കേസുകളിലും കുറവില്ല
പൊലീസ് ക്രൈം രജിസ്റ്റർ കണക്ക് പ്രകാരം സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെ സ്ത്രീകൾക്കെതിരായ 9,647 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഇത് 18,887 ആയിരുന്നു. 2023, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 18,980, 18,943 എന്നിങ്ങനെയായിരുന്നു. ഈ വർഷം ജൂൺ വരെ സത്രീകൾക്കെതിരായ 1,491 പീഡനപരാതികളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 2,901 ആയിരുന്നു. 2023, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 2562, 2518 എന്നിങ്ങനെയായിരുന്നു.
സ്ത്രീകൾക്കെതിരെ നടക്കുന്ന ഗാർഹികപീഡന പരാതികൾ പരിശോധിച്ചാൽ ഈ വർഷം 2,178 ആണെന്ന് മനസിലാക്കാം. കഴിഞ്ഞ വർഷം 4,515 ആയിരുന്നു. 2023, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4710, 4998 എന്നിങ്ങനെയാണ്. ഈ വർഷം സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം നാല് ആണ്. 2024, 2023, 22 വർഷങ്ങളിൽ സ്ത്രീധന മരണങ്ങൾ യഥാക്രമം 3, 8, 11 ആയിരുന്നു, സ്ത്രീകളെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് ഈ വർഷം 55 പരാതികളാണ്. കഴിഞ്ഞവർഷം ഇത് 121 ആയിരുന്നു. 2023ൽ 191 കേസുകളും 2022ൽ 241 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് 506 കേസുകൾ ഈ വർഷം റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 695 ആയിരുന്നു. 2023, 2022 വർഷങ്ങളിലും കേസുകൾ യഥാക്രമം 679, 572 എന്നിങ്ങനെയാണ്.
കുട്ടികൾ മുതൽ പ്രായമായവർ വരെ
വീടിനുള്ളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾ അതിക്രമത്തിനിരയാവുന്നത് നാം സ്ഥിരമായി കേൾക്കുന്ന വാർത്തകളാണ്. പ്രായഭേദമന്യേയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെ ആക്രമിക്കപ്പെടുന്നുണ്ട്. ഗാർഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗിക പീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്ന പരിശോധനയും അനിവാര്യമാണ്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഒരു കൃത്യം നടക്കുമ്പോൾ മാത്രം നീതിബോധം ഉണരുന്ന അധികൃതർ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്. രാത്രിയിൽ പേടിച്ച് ജോലി ചെയ്യുന്ന, പേടിച്ച് യാത്ര ചെയ്യുന്ന, ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ പേടിയോടെ കയറുന്ന സ്ത്രീകൾ കേരളത്തിന്റെ സത്പേരിന് മേലുള്ള ക്രൂരമായ പോറലുകളാണ്. ലോകത്ത് ഒരു മിനിറ്റിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. യു.എൻ റിപ്പോർട്ട് പ്രകാരം 736 ദശലക്ഷം സ്ത്രീകൾ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കിന്റെ അടിസ്ഥാനത്തിൽ 15 വയസ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ടെന്നാണ്. ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകളിൽ 58 സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട്. സ്ത്രീകൾക്ക് ഏത് അർദ്ധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് തന്റെ സ്വപ്നമെന്ന് സ്വാതന്ത്ര്യത്തിന് മുമ്പ് മഹാത്മാഗാന്ധി പറഞ്ഞിരുന്നെങ്കിലും ആ സ്വപ്നമിന്നും നടക്കാതെ അവശേഷിക്കുകയാണ്.
സ്ത്രീധനം എന്ന വിപത്ത്
2019ൽ അഞ്ചുവർഷം കൊണ്ട് കേരളത്തെ സ്ത്രീധന മുക്തമാക്കുമെന്ന പ്രഖ്യാപനമുയർന്നിരുന്നു. എന്നാൽ ആ പ്രഖ്യാപനം ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നു മാത്രമല്ല സ്ത്രീധന മരണങ്ങൾ ഇപ്പോഴും വാർത്തകളിൽ നിറയുന്നുമുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളും മരണങ്ങളും ലജ്ജാകരമാണെന്നതിൽ തർക്കമില്ല. ജാതി-മത-വർഗ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്ന മാറ്റപ്പെടേണ്ട വ്യവസ്ഥയാണ് സ്ത്രീധനം. നിലവിലെ നിയമ സംവിധാനങ്ങൾക്ക് ഈ വിപത്തിനെ തടയാൻ സാധിക്കുന്നില്ല. വിവാഹ സമ്പ്രദായത്തെ ഒന്നടങ്കം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ ആദ്യ പടിയായി തങ്ങളുടെ സമ്പത്ത് പ്രകടിപ്പിക്കാനുള്ള വേദിയല്ല വിവാഹം എന്ന ചിന്ത വേണം. സ്ത്രീധന സമ്പ്രദായം നമ്മുടെ പെൺമക്കളെ കേവലം വില്പന വസ്തുവാക്കി മാറ്റുകയാണെന്ന് മാതാപിതാക്കൾ മനസിലാക്കണം.
സ്ത്രീകൾ നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങളിൽ ഏറിയ പങ്കും ഉണ്ടാക്കുന്നത് കുടുംബത്തിൽ നിന്നും ജീവിത പങ്കാളിയിൽ നിന്നുമാണ്. ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കനുസരിച്ച് മൂന്നിൽ ഒരു സ്ത്രീ പങ്കാളിയിൽ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് എന്നാണ് പറയുന്നത്. സ്ത്രീ കൊലപാതകത്തിൽ മൂന്നിലൊന്നിന് കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സിക്കിം, നാഗാലാന്റ്, മണിപ്പൂർ, മിസോറാം, ഗോവ എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കാം. പോയവർഷം സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട ഒരു കേസുപോലും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |