കോട്ടയം : മടുത്തുപോകും, പക്ഷേ മടിച്ചുനിന്നിട്ട് കാര്യമില്ല. ഒരുവിധം ട്രെയിനില്‍ കയറിപ്പറ്റും. തിരക്കിനിടയില്‍ ശ്വാസമെടുക്കാന്‍ പോലും കഴിയില്ല. ഭാഗ്യത്തിന്റെ അകമ്പടിയാലാണ് യാത്ര പൂര്‍ത്തിയാക്കുന്നത്! കോട്ടയത്ത് നിന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രികരുടെ നിസഹായാവസ്ഥ ഈ വാക്കുകളില്‍ വ്യക്തമാണ്. യാത്ര പൂര്‍ണമാകുമ്പോള്‍ നാളെയും ഈ അനുഭവം തന്നെയാണ് ഇവരെ കാത്തിരിക്കുന്നത്. പടിവാതിലില്‍ തൂങ്ങിക്കിടന്നാണ് കോട്ടയത്ത് നിന്ന് എറണാകുളം വരെ പലരും യാത്ര ചെയ്യുന്നത്. കോട്ടയത്ത് എത്തുന്ന വേണാട് എക്സ്പ്രസിന് മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് പലദിനങ്ങളിലും. പാലരുവിയിലെ കോച്ചുവര്‍ദ്ധനവ് അല്പം ആശ്വാസം പകര്‍ന്നെങ്കിലും റൂട്ടിലെ പ്രശ്നങ്ങള്‍ക്ക് തെല്ലും പരിഹാരമായില്ല. സീസണ്‍ യാത്രക്കാര്‍ അതിസാഹസികമായി യാത്ര ചെയ്യേണ്ട അവസ്ഥ. നേരത്തെ രാവിലെയായിരുന്നു ദുരിതമെങ്കില്‍ ഇപ്പോള്‍ വൈകുന്നേരങ്ങളിലാണ്.
ഉച്ചകഴിഞ്ഞ് മെമു വന്നാല്‍ പരിഹാരം
ഉച്ചകഴിഞ്ഞ് മെമു സര്‍വീസ് വേണമെന്നത് കോട്ടയം വഴിയുള്ള യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. 1.55ന്റെ പരശുറാമിന് ശേഷം എറണാകുളം ടൗണില്‍ നിന്ന് 2.32ന്റെ വിവേക് എക്സ്പ്രസുണ്ടെങ്കിലും ദീര്‍ഘദൂര ട്രെയിനായതിനാല്‍ വൈകിയാണ് എത്തുന്നത്. സ്റ്റോപ്പുകളും പരിമിതമാണ്. വൈകിട്ട് അഞ്ചിന് കേരള എക്സ്പ്രസും, 5.20 നുള്ള വേണാട് ക്സ്പ്രസുമാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. കോട്ടയത്ത് നിന്ന് 3.28 ന്റെ പരശുറാം കടന്നുപോയാല്‍ ചങ്ങനാശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ആശ്രയിക്കുന്നത് 5.40 നുള്ള കോട്ടയം - കൊല്ലം മെമു മാത്രമാണ്. ഇതില്‍ എട്ട് കോച്ചുകളാണുള്ളത്.
ചവിട്ടുപടിവരെ യാത്രക്കാര്‍
5.40ന് കോട്ടയത്ത് നിന്നുള്ള കൊല്ലം മെമു കടന്നുപോയാല്‍ സ്ഥിരയാത്രക്കാര്‍ ആശ്രയിക്കുന്ന വേണാട് കോട്ടയമെത്തുന്നത് വാതില്‍പ്പടി വരെ യാത്രക്കാര്‍ നിറഞ്ഞാണ്. ഉച്ചയ്ക്കുള്ള പരശുറാമിന് ശേഷം മൂന്നുമണിക്കൂറിന് ശേഷമാണ് ഐ.ടി ഹബ്ബായ തൃപ്പൂണിത്തുറയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള വേണാട് എത്തുന്നത്. ഈ ഇടവേളയാണ് കോട്ടയത്ത് നിന്നുള്ള മെമുവിലും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.
''കോട്ടയം വഴിയുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് ഉച്ചയ്ക്ക് ശേഷം കൊല്ലം ഭാഗത്തേയ്ക്ക് മെമു സര്‍വീസ് ആരംഭിക്കണം. നിലവിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ഇതാണ് മാര്‍ഗം. -(ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്)
''നിരവധിത്തവണ പരാതിപ്പെട്ടിട്ടും യാത്രക്കാരുടെ ജീവന് റെയില്‍വേ പുല്ലുവിലയാണ് കല്പിക്കുന്നത്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെ മൗനവും ആശങ്കപ്പെടുത്തുന്നു. -യാത്രക്കാര്‍
മെമു സമയക്രമം (ഉച്ചകഴിഞ്ഞ്)
എറണാകുളത്ത് നിന്ന് : 3.15
കോട്ടയം എത്തുന്നത് : 4.45
കൊല്ലം എത്തുന്നത് : 6.45
തിരുവനന്തപുരം എത്തുന്നത് : 8.45
രാവിലെ
തിരുവനന്തപുരം : 7.30
കൊല്ലം : 9
കോട്ടയം : 11
എറണാകുളം : 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |