തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് 9.5 കിലോമീറ്റർ തുരങ്ക റെയിൽപ്പാതയടക്കം റെയിൽ കണക്ടിവിറ്റിയൊരുക്കാൻ ചെലവ് 2000 കോടിയെങ്കിലുമാവും. തുരങ്കപ്പാതയ്ക്ക് നേരത്തേ കണക്കാക്കിയിരുന്ന ചെലവ് 1482.92കോടിയായിരുന്നു.എന്നാൽ ഇപ്പോഴത്തെ നിലയിൽ ഇത് 1600 കോടിക്ക് മുകളിലെത്തി. റെയിൽവേയാണ് ബാലരാമപുരത്ത് പുതിയ സ്റ്റേഷനും യാർഡുമടക്കം നിർമ്മിക്കുന്നത്.നാലുവർഷം കൊണ്ട് റെയിൽ കണക്ടിവിറ്റി പൂർത്തിയാവുമ്പോഴേക്കും ചെലവ് രണ്ടായിരം കോടിയെങ്കിലുമാവുമെന്നാണ് വിലയിരുത്തൽ.
തുരങ്കപ്പാതയൊരുക്കി അതിലൂടെ റെയിൽപ്പാളമിടാൻ 100 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഇതിനുള്ള ടെൻഡർ രേഖകൾ തയ്യാറാക്കിയിട്ടുണ്ട്. തുറമുഖ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതതലസമിതി അടുത്തയാഴ്ച യോഗം ചേർന്ന് ഇത് അംഗീകരിച്ചാലുടൻ ടെൻഡർ വിളിക്കും.ടെൻഡർ ഘട്ടത്തിൽ തുരങ്കപ്പാതയുടെ ചെലവ് കൂടുമെന്നാണ് വിലയിരുത്തൽ. കരാറൊപ്പിട്ടാൽ പ്രാഥമിക പണികൾ പൂർത്തിയാക്കാൻ 4മാസത്തോളമെടുക്കും. അടുത്ത ജനുവരിയിൽ നിർമ്മാണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
റെയിൽപ്പാതയ്ക്കടക്കം ഭൂമിയേറ്റെടുക്കുന്നതിന് 118കോടിയാണ് കണക്കാക്കിയിരുന്നത്. എന്നാൽ ചെലവ് 190 കോടിയാവുമെന്ന് ജില്ലാഭരണകൂടം തുറമുഖ കമ്പനിയെ അറിയിച്ചു. ബാലരാമപുരത്ത് സ്റ്റേഷനും കണ്ടെയ്നർ യാർഡുമടക്കം വിശാലമായ സൗകര്യങ്ങളൊരുക്കാൻ 130കോടിയായിരുന്നു റെയിൽവേ കണക്കാക്കിയിരുന്നത്. ഇപ്പോഴിത് 243കോടിയായി വർദ്ധിച്ചു.
രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേ ടണലായിരിക്കും വിഴിഞ്ഞത്ത് വരുന്നത്.നിത്യേന 21ട്രെയിനുകൾ ബാലരാമപുരത്തുനിന്ന് തുറമുഖത്തേക്കെത്തും. ഒറ്റപ്പാതയായിരിക്കും. ആകെയുള്ള 10.7കി.മീ ദൂരം താണ്ടാൻ 23 മിനിറ്റെടുക്കും. തുരങ്കപ്പാതയിൽ രാപകൽ ട്രെയിനോടിക്കാം. 500കിലോമീറ്ററിലേറെ ദൂരത്തേക്കുള്ള കണ്ടെയ്നറുകളാണ് ട്രെയിനിൽ കൊണ്ടുപോവുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കായിരിക്കും ഏറെയും. തുറമുഖത്തെ കണ്ടെയ്നർശേഷി കൂടുന്ന സാഹചര്യത്തിൽ ചരക്കുനീക്കത്തിന് റെയിൽ ഇടനാഴി അനിവാര്യമാണ്.
പണം മുടക്കുന്നത് സംസ്ഥാനം
കരാർ പ്രകാരം തുറമുഖത്തേക്ക് റെയിൽ കണക്ടിവിറ്റിയൊരുക്കാൻ ചെലവ് വഹിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.അതിനാൽ തുരങ്കപ്പാതയുടേതടക്കം മുഴുവൻ ചെലവും നബാർഡിൽ നിന്ന് വായ്പയെടുത്താണ് നൽകുന്നത്. റെയിൽപ്പാതയ്ക്കായി സഹായം നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുമില്ല.
മാറ്റങ്ങൾ
നിലവിലുള്ള സ്റ്റേഷൻ നെയ്യാറ്റിൻകര ദിശയിൽ 600മീറ്റർ ദൂരത്തേക്ക് മാറ്റി പുതിയത് നിർമ്മിക്കും. ചരിവിലുള്ള സ്റ്റേഷനും ലൈനുകളും നിരപ്പിലേക്ക് മാറ്റും. രണ്ട് സമാന്തര ട്രാക്കുകളടക്കം നിർമ്മിക്കും.റെയിൽവേ വികസനത്തിനുള്ള ചെലവ് ഇനിയും കൂടാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |