കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് ഹിറ്റ്‌ലറുടെ അനുയായിയായിരുന്ന നിയോ മുള്ളറുടെ അവസ്ഥ വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഹിറ്റ്‌ലറുടെ ആദ്യകാല ചെയ്തികളെ അനുകൂലിച്ച പാസ്റ്ററായിരുന്നു നിയോ മുള്ളർ. എന്നാൽ നിയോ മുള്ളറെ പിന്നീട് ഹിറ്റ്‌ലർ തടവിലാക്കിയിരുന്നുവെന്നും സനോജ് പറഞ്ഞു.
അഞ്ച് വർഷത്തോളം നിയോ മുള്ളർക്ക് തടവിൽ കഴിയേണ്ടി വന്നു. അപ്പോഴാണ് നിയോ മുള്ളർക്ക് ബോധോദയം വന്നത്. പാംപ്ലാനി പിതാവിനും ഏതാണ്ട് ഈയവസ്ഥ വരും. ചില പിതാക്കന്മാർ ഇപ്പോൾ ആർ എസ് എസിന് കുഴലൂത്ത് നടത്തുകയാണ്. ചിലരാകട്ടെ കേക്കുമായി ശാഖയിലേക്ക് പോകുകയാണ്. ആർ എസ് എസുകാർ കേക്കുമായി അരമനയിലെത്തുന്നു. ഇരുകൂട്ടരും പരസ്പരം പരവതാനി വിരിക്കുകയാണെന്നും സനോജ് പറഞ്ഞു.
'ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ കൂത്തുപറമ്പിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള കൂത്തുപറമ്പ് മുനിസിപ്പൽതല പ്രചാരണ കാൽനട ജാഥ തൃക്കണ്ണാപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സനോജ്.
മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പാംപ്ലാനി കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ അതിനുമുമ്പ് നടന്ന പല സംഭവങ്ങളിലും അദ്ദേഹം ബി ജെ പി സർക്കാരിന് അനുകൂലമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |