മുംബയ്: 2008 ഐപിഎൽ മത്സരത്തിനിടെ മുംബയ് ഇന്ത്യൻസ് താരം ഹർഭജൻ സിംഗും കിംഗ്സ് ഇലവൻ പഞ്ചാബിൽ കളിച്ചിരുന്ന മലയാളി താരമായ ശ്രീശാന്തിനെ തല്ലുന്ന ദൃശ്യങ്ങൾ 18 വർഷങ്ങൾക്ക് ശേഷം പുറത്ത്. മുന്‍ ഐപിഎൽ ചെയർമാൻ ലളിത് മോദിയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് ഇടയാക്കിയ ഒരു സംഭവം കൂടിയായിരുന്നു അത്. മത്സരത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. സംഭവത്തിന്റെ വീഡിയോ ഒരിക്കലും പുറത്തുവരാത്തതാണ് കാരണം.
ഇപ്പോഴിതാ ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിലൂടെ വർഷങ്ങളായി പുറത്തുവിടാതെ വച്ചിരുന്ന ദൃശ്യങ്ങൾ പരസ്യമാക്കിയിരിക്കുകയാണ് ലളിത് മോദി. അതിൽ ഹർഭജൻ ശ്രീശാന്തിനെ അടിക്കുന്നത് വ്യക്തമായി കാണാം. ഹർഭജൻ സിംഗും ശ്രീശാന്തും തമ്മിലുള്ള പ്രശ്നത്തിന്റെ ദൃശ്യങ്ങൾ ‘ഇതുവരെ ആരും കാണാത്തത്’ എന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ലളിത് മോദി പോസ്റ്റു ചെയ്തത്.
2008ലെ മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്യാത്ത വീഡിയോയാണിത്. ‘‘മത്സരം കഴിഞ്ഞ് ക്യാമറകൾ ഓഫ് ചെയ്തിരുന്നു. എന്നാൽ എന്റെ സുരക്ഷാ ക്യാമറകളിൽ ഒന്ന് ഓണായിരുന്നു. അതാണ് ശ്രീശാന്തും ബാജിയും (ഹർഭജൻ സിങ്) തമ്മിലുള്ള പ്രശ്നങ്ങളുടെ വീഡിയോ പകർത്തിയത്. ഹർഭജൻ കയ്യുടെ പിൻഭാഗം കൊണ്ട് ശ്രീശാന്തിനെ അടിക്കുകയാണ്.’’– ലളിത് മോദി അഭിമുഖത്തിൽ വ്യക്തമാക്കി.
ശ്രീശാന്തിനോടുള്ള തന്റെ പ്രവൃത്തിക്ക് ഹർഭജൻ പലതവണ ക്ഷമാപണം നടത്തിയിട്ടുണ്ട്. അതും പൊതു വേദികളിൽ. ക്രിക്കറ്റ് താരം അശ്വിനുമായി ഒരു യൂട്യൂബ് ചാനലിൽ അടുത്തിടെ നടത്തിയ അഭിമുഖത്തിലും ശ്രീശാന്തുമായുള്ള സംഭവത്തിൽ ഹർഭജൻ ഖേദം പ്രകടിപ്പിച്ചിരുന്നു. “എന്റെ ജീവിതത്തിൽ നിന്ന് ഞാൻ മാറ്റാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. എന്റെ കരിയറിൽ നിന്ന് തന്നെ ആ സംഭവം ഞാൻ നീക്കം ചെയ്യണം. സംഭവിച്ചത് തെറ്റായിരുന്നു. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. 200 തവണയെങ്കിലും ഇതിനോടകം ക്ഷമാപണം നടത്തി. എനിക്ക് ഏറ്റവും വിഷമം തോന്നിയത് ആ സംഭവത്തിന് വർഷങ്ങൾക്ക് ഇപ്പുറവും, ലഭിക്കുന്ന ഓരോ അവസരങ്ങളിലും ഞാൻ ക്ഷമാപണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതൊരു തെറ്റായിരുന്നു," ഹർഭജൻ പറഞ്ഞു.
"വർഷങ്ങൾക്കു ശേഷവും എന്നെ ഏറെ വേദനിപ്പിച്ചത്, ഞാൻ അദ്ദേഹത്തിന്റെ മകളെ കണ്ടുമുട്ടിയപ്പോൾ. 'എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ല. നിങ്ങൾ എന്റെ അച്ഛനെ അടിച്ചു' എന്ന് അവൾ പറഞ്ഞപ്പോഴാണ്. എന്റെ ഹൃദയം തകർന്നു. ഞാൻ കണ്ണീരിന്റെ വക്കിലെത്തി.ആ പെൺകുട്ടി എന്നെക്കുറിച്ച് വളരെ മോശമായാണു ചിന്തിക്കുന്നത്. അവളുടെ അച്ഛനെ അടിച്ച ആളായിട്ടാണ് ആ കൊച്ചു പെൺകുട്ടി എന്നെ കാണുന്നത്. എനിക്ക് ഒരുപാട് വിഷമം തോന്നി. ഞാൻ ഇപ്പോഴും അദ്ദേഹത്തിന്റെ മകളോട് ക്ഷമ ചോദിക്കുന്നു," ഹർഭജൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |