കാട്ടാക്കട: മൈലോട്ടുമൂഴി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകൾക്കകം വഴിയിലുപേക്ഷിച്ച് നാലംഗ സംഘം മുങ്ങി. ചായ്ക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജുവിനെ (36) ഇന്ന് വൈകിട്ട് നാലോടെ കള്ളിക്കാട് പെട്രോൾ പമ്പിൽ നിന്നും തട്ടിക്കൊണ്ടുപോയെന്ന് ബിജുവിന്റെ ഭാര്യയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. എന്നാൽ മണിക്കൂറുകൾക്കകം ബിജുവിനെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ഇയാളെ രാത്രിയോടെ കാട്ടാക്കടയിലെത്തിച്ചു.
കൊല്ലം സ്വദേശികളായ നാലുപേരാണ് സംഭവത്തിന് പിന്നില്ലെന്നും തന്നെ മർദ്ദിച്ചെന്നും ബിജു പൊലീസിന് മൊഴിനൽകി. കള്ളിക്കാട് പമ്പിൽ കെ.എൽ- 29 ക്യു 9928ാം നമ്പർ ഹോണ്ട സിറ്റി വൈറ്റ് കാറിൽ പെട്രോളടിക്കാനെത്തിയപ്പോഴാണ് സംഭവം. ഈ സമയം നാലുപേർ സ്ഥലത്തെത്തുകയും ബിജുവിന്റെ കാറിൽ കയറി പോകുന്നതുമാണ് സി.സി ടിവി ദൃശ്യങ്ങളിലുള്ളത്. അതേസമയം സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശികളിൽ നിന്ന് ബിജു രണ്ടര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തുക ഇന്ന് തിരികെ നൽകാമെന്നായിരുന്നു ധാരണ. നാലംഗ സംഘമെത്തിയപ്പോൾ ബിജുവുമായി വാക്കേറ്റമുണ്ടായി. തുടർന്ന് തട്ടിക്കൊണ്ട് പോയെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |