കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെെബ്രിഡ് കഞ്ചാവ് പിടികൂടി. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വിമാനത്താവളത്തിലെ കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തിൽ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു. സിബിനിൽ നിന്നും 4.1 കിലോ ഹെെബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഇതിന് നാല് കോടിയോളം വില വരും.
വിദേശത്ത് നിന്നും വിമാനത്താവളങ്ങളിലൂടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് വ്യാപകമായിരിക്കുകയാണ്. പരിശോധനയ്‌ക്ക് അത്യാധുനിക സംവിധാനങ്ങളില്ലാത്തതാണ് പ്രതിസന്ധി. എക്‌സ്റേ പരിശോധനയിൽ പിടിക്കപ്പെടാത്ത രീതിയിലാണ് ഇപ്പോൾ കഞ്ചാവും മയക്കുമരുന്നും കടത്തുന്നത്. കഴിഞ്ഞ ദിവസം 13 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കോഴിക്കോട് സ്വദേശിയിൽ നിന്ന് പിടികൂടിയത് കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇല്ലെങ്കിൽ ഇയാൾ സുഗമമായി പുറത്തുകടന്നേനെയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാനായിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് കർണാടകയിൽ പഠിക്കുന്ന മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികൾ സിംഗപ്പൂരിൽ നിന്നും 10 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിക്കവേ പിടിയിലായിരുന്നു. അന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്തിയത്. എന്നാൽ ഇത് എവിടേക്കാണെന്നോ ആരൊക്കെയാണ് പിന്നിലെന്നോ കസ്റ്റംസിന് ഇതുവരെ കണ്ടത്താനായിട്ടില്ല.
വിമാനത്താവളത്തിൽ നിലവിലുള്ള എക്‌സറേ പരിശോധനയയിൽ മാത്രമേ കഞ്ചാവ് കണ്ടെത്താനാകൂ. വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകൾ വിശദമായി പരിശോധിക്കുന്നത് പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ലേസർ പരിശോധന അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |