തൃശൂർ: ആയുർവേദ മരുന്നുകൾക്കെതിരെയുള്ള പ്രചാരണങ്ങളെ തെളിവുകളോടെ നിഷേധിക്കാൻ ഗവേഷണവുമായി തൃപ്പൂണിത്തുറ സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ.ആയുർവേദ രസായനങ്ങൾ എങ്ങനെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും രോഗങ്ങളെ ചെറുക്കുമെന്നും പാർശ്വഫലങ്ങളുണ്ടോയെന്നുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാൽ ആസവഅരിഷ്ടങ്ങൾ അടക്കമുള്ള മരുന്നുകളിലും ഗവേഷണം നടക്കും. പഠന റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കും. രസായനങ്ങളിലെ ഗവേഷണഫലം, രണ്ട് വർഷത്തിനകം സമർപ്പിക്കും.പകർച്ചവ്യാധികൾ, കാൻസർ അടക്കമുള്ള രോഗങ്ങളുടെ ശമനത്തിന് ച്യവനപ്രാശം, ലേഹ്യങ്ങൾ അടക്കം പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
ഗവേഷണം കൂട്ടായ പ്രയത്നം
സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ, കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, കേരള സർവകലാശാലയുടെ സുവോളജി വകുപ്പിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ റീജെനറേറ്റീവ് മെഡിസിൻ ആൻഡ് സ്‌റ്റെം സെൽ റിസർച്ച് ഇൻ ക്യൂട്ടേനിയസ് ബയോളജി, തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് എന്നിവരാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
കരൾരോഗ ശാന്തിയും
വിലയിരുത്തും
കരൾ രോഗങ്ങൾക്ക് ആയുർവേദ ചികിത്സ ഫലപ്രദമാണോ എന്നത് വിലയിരുത്തും.
ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്ക് കീഴിലുള്ള ആയുർവേദ കോളേജുകളിൽ കരൾ രോഗത്തെ ചെറുക്കാനുള്ള സാദ്ധ്യതകളെ കുറിച്ചുള്ള പഠനം പുറത്തിറക്കിയിരുന്നു.
ചിറ്റമൃത്, തിപ്പലി എന്നിവയുടെ അർബുദ നിവാരണശേഷി, പാരസെറ്റമോളിന്റെ അമിതോപഭോഗം മൂലമുണ്ടായ കരൾനാശത്തിൽ അമൃതാദി കഷായത്തിന്റെ പ്രവർത്തനം, മദ്യപാനത്തിലൂടെയുള്ള കരൾനാശത്തിൽ കൗഢജത്രിഫലയുടെ പ്രയോഗം, കരൾരോഗ ചികിത്സാ രീതികളുടെ പഠനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ശേഖരിച്ച നാൽപതോളം പഠനസംഗ്രഹം ലോക ഹെപറ്റൈറ്റിസ് ദിനത്തിൽ സർവകലാശാല രജിസ്ട്രാർ ഡോ.എസ്.ഗോപകുമാർ പ്രകാശനം ചെയ്തു. നോൺ ആൽക്കഹോളിക് ലിവർ ഡിസീസ് തുടങ്ങി കരൾ അർബുദം അടക്കമുള്ളവയെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങളാണിത്.
മരുന്നുകളുടെ പ്രതിപ്രവർത്തനങ്ങളും ഫലസിദ്ധിയും ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതോടെ ആയുർവേദത്തിനെതിരായ പ്രചാരണങ്ങൾക്ക് മറുപടിയാകും.
ഡോ.എം.വി.അനിൽകുമാർ,
മേധാവി സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |