കൊച്ചി: സാന്ദ്ര തോമസിനെതിരെ സമൂഹമാദ്ധ്യമത്തിൽ പ്രതികരിച്ച് നിർമ്മാതാവ് വിജയ് ബാബു രംഗത്തെത്തിയതോടെ നിർമ്മാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനെച്ചൊല്ലി വിവാദം മുറുകി. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് അർഹതയില്ലാത്ത തസ്തികയിലേക്ക് സാന്ദ്ര തോമസിന് മത്സരിക്കാനാവില്ലെന്നാണ് വിജയ്ബാബുവിന്റെ പ്രതികരണം.
‘ഒബ്‌ജക്ഷൻ യുവർ ഓണർ’എന്ന് പറഞ്ഞാണ് വിജയ് ബാബു കുറിപ്പ് ആരംഭിക്കുന്നത്. എനിക്ക് അറിയാവുന്നിടത്തോളം വ്യക്തിക്കല്ല, സ്ഥാപനത്തിനാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത്. സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് സാന്ദ്ര മത്സരിക്കുന്നതിനെ ആരും എതിർക്കുന്നില്ല. സാന്ദ്ര കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചെങ്കിലും 2016ൽ രാജിവച്ചു. കഴിഞ്ഞ 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല. എതായാലും കോടതി തീരുമാനിക്കട്ടെയെന്നും കുറിപ്പിൽ പറയുന്നു.
പിന്നാലെ വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്രയും രംഗത്തെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാർട്ണറായിരുന്ന തന്റെ പേരിലാണ് സിനിമയുടെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് എന്നും അസോസിയേഷന്റെ നിയമാവലി പ്രകാരം മൂന്ന് സിനിമകൾ സ്വന്തം പേരിൽ സെൻസർ ചെയ്യപ്പെട്ടവർക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുമെന്നും സാന്ദ്ര പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |