കോട്ടയം : ജില്ലയിൽ കുട്ടികളിൽ മുണ്ടിനീര് വ്യാപകമായതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവ വകുപ്പ്. അഞ്ച് മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും കാണപ്പെടാറുണ്ട്. രോഗം ഗുരുതരമാകുന്നത് മുതിർന്നവരിലാണ്. ഉമിനീര്,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ ഇവയുടെ കണികകൾ വായുവിൽ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. പ്രത്യേകശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി ഇവയ്ക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കിൽ കേൾവി തകരാറിനും ഭാവിയിൽ പ്രത്യുത്പാദന തകരാറുകൾ ഉണ്ടാകുതിനും സാദ്ധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.
രോഗപ്പകർച്ച 6 ദിവസത്തിനുള്ളിൽ
പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്
വായുവിലൂടെയാണ് വ്യാപനം. ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുക
രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങും
രോഗം ബാധിച്ച് നാലു മുതൽ ആറുദിവസത്തിനുള്ളിൽ മറ്റുള്ളവരിലേക്ക് പകരാം
വ്യാപനം തടയാൻ
രണ്ടാഴ്ചകൊണ്ട് രോഗം ഭേദമാകാറുണ്ട്. രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗ ലക്ഷണം പ്രകടമാകാൻ സാദ്ധ്യതയുള്ള സമയം) 12 മുതൽ 25 ദിവസം വരെയായതിനാൽ രോഗമുള്ളവരുമായി സമ്പർക്കത്തിലായവർ ശ്രദ്ധപുലർത്തിയാൽ വ്യാപനം തടയാനാകും.
ലക്ഷണം
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടാം. ചെറിയപനിയും തലവേദനയും ആണ് പ്രാരംഭലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മയും ക്ഷീണവും, വേദനയും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങൾ.
''കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കും. രോഗം വന്നവർ പരമാവധി സൂക്ഷിക്കുക. സ്വയം ചികിത്സ നടത്തരുത്. ഉടൻ വിദഗ്ദ്ധചികിത്സ ഉറപ്പാക്കണം.
-ആരോഗ്യവിദഗ്ദ്ധർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |