തിരുവനന്തപുരം : കൈവിട്ടെന്ന് കരുതിയ അവസരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പാണ് വനിതാലോകകപ്പിന് വേദിയായി പരിഗണിക്കുന്ന 10 സ്റ്റേഡിയങ്ങളുടെ കൂട്ടത്തിലേക്ക് ഗ്രീൻഫീൽഡിനേയും തിരഞ്ഞെടുത്തതായി ബി.സി.സി.ഐ അറിയിച്ചത്. തുടർന്ന് സ്റ്റേഡിയം പരിശോധിക്കാനായി ഐ.സി.സിയുടേയും ബി.സി.സി.ഐയുടേയും വിദഗ്ധസംഘമെത്തി. എന്നാൽ ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചപ്പോൾ ഗ്രീൻഫീൽഡ് ഔട്ടായി. ബംഗളുരു,ഗോഹട്ടി,വിശാഖപട്ടണം, ഇൻഡോർ എന്നിവിടങ്ങളിലായാണ് ഇന്ത്യയിലെ മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചത്. പാകിസ്ഥാന്റെ മത്സരങ്ങൾ കൊളംബോയിലെ വേദിയിലും നടത്താൻ തീരുമാനിച്ചു.
ജൂൺ നാലിന് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തമാണ് ബംഗളുരുവിലെ വേദിക്ക് തടസമായത്. 11 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയൊരുക്കാനുള്ള സൗകര്യങ്ങൾ ചിന്നസ്വാമിയിൽ കുറവാണെന്ന് ഈ അപകടത്തോടെ വ്യക്തമായിരുന്നു. 20000ത്തോളം പേർക്ക് മാത്രമാണ് ചിന്നസ്വാമിയിൽ കളികാണാനുള്ള സൗകര്യം. പാർക്കിംഗും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള സൗകര്യങ്ങളും കുറവാണ്. ഇതോടെ സ്റ്റേഡിയത്തിൽ ഇനി മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സുരക്ഷാ അനുമതി നൽകാനാവില്ലെന്നാണ് കർണാടക പൊലീസിന്റെ നിലപാട്. ഇതോടെയാണ് വേദിമാറ്റാൻ ബി.സി.സി.ഐ നിർബന്മിതരായത്.
കഴിഞ്ഞദിവസങ്ങളിൽ കേരള ക്രിക്കറ്റ് അസോസിയേഷന് വേദിയൊരുക്കാനാകുമോ എന്ന് ബി.സി.സി.ഐ ആരാഞ്ഞിരുന്നു. ഇതേവേദിയിൽ കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) തയ്യാറെടുപ്പുകൾ നടത്തിവന്ന കെ.സി.എ സന്തോഷത്തോടെ ഓഫർ സ്വീകരിച്ചു.ഇന്നലെ കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് മുംബയ്‌യിലെത്തി ചർച്ചകൾ നടത്തിയതോടെയാണ് വേദി ഉറപ്പായത്. ഇനി ടൂർണമെന്റ് സംഘാടകരുടെ ഔദ്യോഗിക അനുമതി ലഭിച്ചാൽ മതി.
കെ.സി.എല്ലിനൊരുങ്ങി,
ലോകകപ്പ് വന്നു
ലോകകപ്പിന് മുമ്പ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കെ.സി.എല്ലിന്റെ രണ്ടാം സീസൺ ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് ലോകകപ്പിന്റെ സന്തോഷവാർത്ത കേരള ക്രിക്കറ്റ് അസോസിയേഷനെ തേടിയെത്തുന്നത്. സഞ്ജു സാംസൺ ഉൾപ്പടെയുള്ള മുൻനിര കേരള താരങ്ങളെല്ലാം അണിനിരക്കുന്ന കെ.സി.എല്ലിന് പിന്നാലെ ലോകകപ്പ് എത്തുന്നത് ആവേശം ഇരട്ടിയാക്കും. സെപ്തംബർ ആറിന് കെ.സി.എൽ ഫൈനലിന് മുന്നോടിയായി ഒരു വനിതാ പ്രദർശനമത്സരം നടത്താനും കെ.സി.എ പദ്ധതിയിട്ടിരുന്നു. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഇതിനും തിളക്കമേറും.
കെ.സി.എല്ലിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഫ്ളഡ്‌ലൈറ്റ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ നവീകരിച്ചത് ലോകകപ്പിനും ഉപയോഗിക്കാനാകും. ലോകകപ്പിന് 20 ദിവസം മുമ്പായി ഐ.സി.സി.ക്ക് സ്റ്റേഡിയം കൈമാറുമ്പോൾ പിച്ചുകൾ ഒരുക്കാനും സമയം ലഭിക്കും.
കർണാടകയിലെ കളികൾ
കാര്യവട്ടത്തെത്തും
ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം പുതിയ സ്റ്റേഡിയം പണിയാനുള്ള നീക്കത്തിലാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ.ഇത് പൂർത്തിയാകുംവരെ ബംഗളുരുവിൽ അന്താരാഷ്ട്ര മത്സരങ്ങളോ ഐ.പി.എൽ മത്സരങ്ങളോ നടക്കാൻ ഇടയില്ല. ഇത് കാര്യവട്ടത്തിന് ഗുണകരമാകും. പ്രതിവർഷം ഐ.പി.എൽ ഉൾപ്പടെ ഒരുഡസനിലധികം മത്സരങ്ങൾ ബെംഗളുരുവിൽ നടക്കാറുണ്ട്. ഇതിൽ അധികവും ഗ്രീൻഫീൽഡിലേക്ക് മാറ്റാൻ സാദ്ധ്യതയുണ്ട്. ഐ.പി.എൽ ചാമ്പ്യന്മാരായ ആർ.സി.ബിയുടെ ഹോംഗ്രൗണ്ടായി ഗ്രീൻഫീൽഡ് മാറ്റാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |