തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സുരേഷ് ഗോപി തൃശൂരിൽ വോട്ട് ചേർത്തത് സംബന്ധിച്ച കേസ് തൃശൂർ എ.സി.പി അന്വേഷിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ടി.എൻ. പ്രതാപൻ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവനയുൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധമായി തൃശൂരിൽ വോട്ട് ചേർത്തെന്നാണ് പരാതി. തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചേർത്തത്. വിഷയത്തിൽ നിയമോപദേശമടക്കം തേടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. ജനപ്രാതിനിദ്ധ്യ നിയമമനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്കേ ആ ബൂത്തിൽ വോട്ട് ചേർക്കാനാകൂ. സുരേഷ് ഗോപിയും കുടുംബവും പതിറ്റാണ്ടുകളായി തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള 22/1788 വീട്ടുനമ്പറിൽ സ്ഥിര താമസക്കാരനാണ്. തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ സുരേഷ്ഗോപിയുടെയും കുടുംബാംഗങ്ങളുടേയും പേര് അദ്ദേഹം കേന്ദ്രമന്ത്രിയായ ശേഷം നടന്ന റിവിഷനിലും തുടരുന്നുണ്ട്. ഇത് കൃത്രിമത്തിന് തെളിവാണെന്നും പരാതിയിലുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകുമെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, എ.ഐ.സി.സി അംഗം അനിൽ അക്കര എന്നിവർക്കൊപ്പമെത്തിയാണ് പ്രതാപൻ പരാതി നൽകിയത്.
സുരേഷ് ഗോപിയുടെ
സഹോദരനും ഇരട്ട വോട്ട്
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ടുണ്ടെന്ന് കോൺഗ്രസ്. തൃശൂരിനൊപ്പം കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസിലും സുഭാഷ് ഗോപിയ്ക്ക് വോട്ടുണ്ട്. ഇരവിപുരം മണ്ഡലത്തിലെ 84ാം നമ്പർ ബൂത്തിലാണ് വോട്ട്.
സുരേഷ് ഗോപിയുടെ ഡ്രൈവർ അജയ് കുമാറിന്റെ പേരും വ്യാജമായി തൃശൂരിൽ ചേർത്തെന്നും കോൺഗ്രസ് ആരോപിച്ചു. കള്ളവോട്ട് ചേർത്ത പൂങ്കുന്നത്തെ ക്യാപ്പിറ്റൽ ഫ്ളാറ്റിന്റെ മേൽവിലാസത്തിലാണ് അജയ കുമാറിന്റെ പേരുള്ളത്. ആലത്തൂരിലെ വേലൂർ പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഹരിദാസന്റെ പേരും പൂങ്കുന്നത്തെ ഫ്ളാറ്റിന്റെ വിലാസത്തിൽ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ട്.
സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനം നിയന്ത്രിച്ച മലപ്പുറം സ്വദേശിയായ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. ഉണ്ണിക്കൃഷ്ണൻ തൃശൂരിൽ വോട്ടിട്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു. എന്നാൽ ഒന്നര കൊല്ലമായി തൃശൂരിൽ താമസിച്ച് സംഘടനാ ചുമതല നിർവഹിക്കുന്നതിനാലാണ് വോട്ട് ചേർത്തതെന്ന് ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
ആർ.എസ്.എസ് നേതാവിനും
ഭാര്യക്കും ഇരട്ട വോട്ട്
തൃശൂർ: ആർ.എസ്.എസ് നേതാവിനും ഭാര്യക്കും തൃശൂരിലും ആലത്തൂർ മണ്ഡലത്തിലും വോട്ടെന്ന് കണ്ടെത്തൽ. തൃശൂരിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ വിവരവും പുറത്തുവരുന്നത്. ബി.ജെ.പി പ്രാദേശിക നേതാവ്, ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി, യോഗാ അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കെ.ആർ.ഷാജി, ഭാര്യ സി.ദീപ്തി എന്നിവർക്കെതിരെയാണ് ആരോപണമുയർന്നത്. ഇരുവർക്കും ആലത്തൂർ മണ്ഡലത്തിലായിരുന്നു വോട്ട്. ഇരുവരുടെയും വോട്ട് തൃശൂർ മണ്ഡലത്തിലും ചേർത്തുവത്രേ.
തൃശൂരിൽ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ പേര് വ്യാപകമായി വോട്ടർപട്ടികയിൽ ചേർത്തതായി ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ചു വർഷമായി ഷാജിയും ഭാര്യയും വരവൂർ നടത്തറയിൽ കള്ളിവളപ്പിൽ എന്ന മേൽവിലാസത്തിലായിരുന്നു താമസിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുവരുടെയും പേര് തൃശൂർ മണ്ഡലത്തിൽ ചേർക്കുകയായിരുന്നു എന്നാണ് ആരോപണം. തൃശൂർ പൂങ്കുന്നത്തെ ഇൻലാൻഡ് ഉദയയിലെ 1 ഡി ഫ്ളാറ്റിലെ വിലാസത്തിലാണ് രണ്ടാമത്തെ വോട്ട് ചേർത്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ വിശദ അന്വേഷണത്തിൽ ഇരുവരും ഇൻലാൻഡ് ഉദയയിലെ ഫ്ളാറ്റിൽ താമസിച്ചിട്ടില്ലെന്നും വ്യക്തമായി.
സുരേഷ് ഗോപി രാജിവയ്ക്കണമെന്ന്വി.ശിവൻകുട്ടി
തൃശൂർ: കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവച്ച് തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി.ശിവൻകുട്ടി. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്ക് കള്ളവോട്ട് മണ്ഡലത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. സത്യസന്ധമായ വിശദീകരണം നൽകാൻ കഴിയാത്തതുകൊണ്ടാണ് സുരേഷ് ഗോപി മൗനം പാലിക്കുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കി കള്ളവോട്ട് ചേർത്തുവെന്നാണ് മനസിലാക്കുന്നത്. രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. വോട്ടേഴ്സ് ലിസ്റ്റിലെ ഇത്തരം വലിയ മറിമായം കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പൂരംകലക്കൽ വാദം പൊളിഞ്ഞപ്പോൾ വോട്ട് തട്ടിപ്പായി:വി.മുരളീധരൻ
തിരുവനന്തപുരം:തിരഞ്ഞെടുപ്പിൽ തോറ്റതിന് തിരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ജനവിശ്വാസം തേടാനാണ് ശ്രമിക്കേണ്ടതെന്നും മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.
തൃശ്ശൂരിൽ ബി.ജെ.പി ജയിച്ചപ്പോൾ അത് പൂരം കലക്കിയതു കൊണ്ടാണെന്നാണ് പറഞ്ഞത്. ആ വാദം പൊളിഞ്ഞപ്പോൾ ഇപ്പോൾ വോട്ടർപട്ടികയിലെ ക്രമക്കേടാണെന്നു പറയുന്നു. വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെങ്കിൽ നിയമപരമായി നേരിടണം.അല്ലാതെ വാർത്താസമ്മേളനം നടത്തിയിട്ടല്ല. ബി.ജെ.പി രണ്ട് സീറ്റിൽ മാത്രം ജയിച്ചിരുന്ന കാലത്തും ഇലക്ഷൻകമ്മിഷനെ കുറ്റംപറഞ്ഞിട്ടില്ല. തോറ്റതിന്റെ കാരണം കണ്ടുപിടിച്ച് പരിഹരിക്കാതെ വോട്ടിംഗ് യന്ത്രത്തേയും വോട്ടർപട്ടികയേയും കുറ്റംപറഞ്ഞ് നടക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിച്ച് രാജ്യത്തെ അഖണ്ഡതയെ തകർക്കാനുള്ള നീക്കമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |