തിരുവനന്തപുരം: വോട്ടർപട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ ഇന്ന് പുലർച്ചെ രണ്ടരയോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്തെത്തി. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹം രാവിലെ 5.15ന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ തൃശൂരിലേക്ക് പോയി. 9.30ന് തൃശൂരിലെത്തും. ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി പ്രവർത്തകരെ അശ്വിനി ആശുപത്രിയിലെത്തി കാണും. ശേഷം എംപി ഓഫീസിലേക്ക് പോകുമെന്നാണ് വിവരം.
കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശൂർ എത്തിയത്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടർ പട്ടികയിലെ ക്രമക്കേട് എന്നീ ആരോപണങ്ങളിൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
അതേസമയം, സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡിൽ സിപിഎം പ്രവര്‍ത്തകൻ കരി ഓയില്‍ ഒഴിച്ചിരുന്നു. ഈ നടപടിയില്‍ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ ജാഥ നടത്തുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളില്‍ സുരേഷ് ഗോപി പങ്കെടുത്തേക്കുമെന്നാണ് സൂചന. ക്യാമ്പ് ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സിപിഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് വച്ച് തന്നെ സിപിഎം പ്രവര്‍ത്തകന്‍ വിപിനിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റിയെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് ഇയാളെ ഇറക്കിക്കൊണ്ട് പോയിരുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ചും കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുമാണ് സിപിഎം സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |