കായികരംഗത്ത് സുതാര്യതയും നിയന്ത്രണവും ലക്ഷ്യമിടുന്ന ദേശീയ കായിക നിയന്ത്രണ ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയതോടെ പുതിയൊരു അദ്ധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. പ്രതിഭകളാൽ സമ്പന്നവും അടിസ്ഥാന സൗകര്യങ്ങളിൽ പര്യാപ്തവുമായിരുന്നിട്ടും അന്താരാഷ്ട്ര കായികരംഗത്ത് ഇപ്പോഴും അത്രമേൽ കുതിക്കാൻ ഇന്ത്യയ്ക്ക് കഴിയാതെപോകുന്നത് കായിക ഭരണരംഗത്തെ പാളിച്ചകൾ മൂലമായിരുന്നു. ഈ മേഖലയിലെ കെടുകാര്യസ്ഥതയ്ക്ക് അറുതിവരുത്തുവാൻ മുമ്പും ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും സമഗ്രരീതിയിൽ നിയമവ്യവസ്ഥയിലേക്കുള്ള വഴിതുറക്കുന്നത് ആദ്യമാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കായികരംഗത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പരിഷ്കാരമാണ് കായിക ബില്ലെന്ന് കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ അവകാശപ്പെടുന്നു. കായിക രംഗത്ത് ഉത്തരവാദിത്വവും നീതിയും സ്പോർട്സ് ഫെഡറേഷനുകളിൽ മികച്ച ഭരണവും ഉറപ്പാക്കാൻ ബിൽ സഹായിക്കുമെന്നാണ് കരുതുന്നത്.
2036-ലെ ഒളിമ്പിക്‌സ് വേദിക്കായി ശ്രമിക്കുന്ന ഇന്ത്യയിൽ സുതാര്യവും ഉത്തരവാദിത്വമുള്ളതും ലോകോത്തരവുമായ ഒരു കായിക വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. കായിക മേഖലയുടെ നിയന്ത്രണത്തിനുള്ള ദേശീയ കായിക ബോർഡ് (എൻ.എസ്.ബി) രൂപീകരണമാണ് ബില്ലിൽ സുപ്രധാനം. കായിക ഫെഡറേഷനുകൾക്ക് സർക്കാർ ഫണ്ട് ലഭിക്കാൻ എൻ.എസ്.ബിയുടെ അംഗീകാരം വേണം. ഓഡിറ്റിംഗ് തിരിമറി, തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ എന്നിവയുടെ പേരിൽ ഫെഡറേഷനുകളുടെ അംഗീകാരം റദ്ദാക്കാൻ ബോർഡിന് അധികാരമുണ്ടാകും.സിവിൽ കോടതിയുടെ അധികാരമുള്ള ദേശീയ കായിക ട്രൈബ്യൂണലിനും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഫെഡറേഷനുകളും അത്‌ലറ്റുകളുമെല്ലാം ടൈബ്യൂണലിനു കീഴിൽ വരും. ട്രൈബ്യൂണലിന്റെ തീരുമാനങ്ങളെ സുപ്രീം കോടതിയിൽ മാത്രമേ ചോദ്യം ചെയ്യാനാകൂ.
ജൂലായ് 23 ന് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ, ഇന്ത്യ എന്നോ ഇന്ത്യൻ എന്നോ പേരുപയോഗിക്കുന്ന എല്ലാ കായിക ഫെഡറേഷനുകളും ദേശീയ കായിക ബോർഡിനു കീഴിൽ വരുമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള ക്രിക്കറ്റ് കൺട്രോൾ ബോർഡും വിവരാവകാശം ഉൾപ്പടെയുള്ള നിയമവ്യവസ്ഥയ്ക്കുള്ളിലാകുമായിരുന്നു. എന്നാൽ ക്രിക്കറ്റിനെ ഒഴിവാക്കാൻ സർക്കാർതന്നെ കൊണ്ടുവന്ന ഭേദഗതികളോടെയാണ് ബിൽ ലോക്‌സഭയിൽ പാസാക്കിയത്. സർക്കാർ ഫണ്ടിംഗിനെയോ പിന്തുണയെയോ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ വിവരാവകാശ നിയമം ബാധകമാകൂ എന്ന ഭേദഗതിക്കൊപ്പം കായിക ഫെഡറേഷനുകൾക്ക് അംഗീകാരം ലഭിക്കാൻ സംസ്ഥാനങ്ങളിലെ സൊസൈറ്റി നിയമ പ്രകാരം രജിസ്റ്റർ ചെയ്യാമെന്ന ഭേദഗതിയും അംഗീകരിച്ചാണ് ബിൽ പാസാക്കിയത്. ക്രിക്കറ്റ് കൺട്രോൾ ബോർഡ് 1975-ലെ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമ പ്രകാരം രജിസ്റ്റർ ചെയ്‌തതാണ്.
ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിക്ക് (നാഡ) പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കിയിട്ടുണ്ട്. 2022ൽ പാസാക്കിയ നിയമപ്രകാരമുള്ള ദേശീയ ഉത്തേജക വിരുദ്ധ ബോർഡ്, ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയെ നിയന്ത്രിക്കുന്നതിനെ ലോക ഉത്തേജക വിരുദ്ധ ഏജൻസി എതിർത്തിരുന്നു. ഭേദഗതി ചെയ്ത ബില്ലിൽ ഉത്തേജകവിരുദ്ധ ബോർഡിനെ നിലനിറുത്തിയെങ്കിലും 'നാഡ"യെ നിയന്ത്രിക്കാനാകാത്ത രീതിയിലേക്ക് ചട്ടങ്ങൾ മാറ്റി വ്യവസ്ഥ ചെയ്തു. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷം കാരണം ലോക്‌സഭയിൽ ചർച്ചകൂടാതെ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. രാജ്യത്തിന്റെ കായിക മേഖലയെ സമഗ്രമായി ബാധിക്കുന്ന വിഷയമായതിനാൽ പാർലമെന്റിന്റെ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും പരിഗണിക്കപ്പെടാതിരുന്നത് നിർഭാഗ്യകരമാണ്. പുതിയ ബിൽ നിയമമാകുന്നതോടെ ദേശീയ കായികരംഗത്ത് സമഗ്രമായ ഒരു മാറ്റം ദൃശ്യമാകേണ്ടതുണ്ട്. കായിക അസോസിയേഷനുകളെ കൈപ്പിടിയിൽ ഒതുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം എന്നതിനപ്പുറം, സുതാര്യവും അഴിമതിരഹിതവുമായ കായിക ഭരണം ഉറപ്പാക്കാനായി ബില്ലിലെ വ്യവസ്ഥകൾ ഉപയോഗിക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |