വൈപ്പിൻ: സാധാരണ മലനിരകളിലും വനപ്രദേശങ്ങളിലും മാത്രം കാണുന്ന മലമുഴക്കി വേഴാമ്പൽ വൈപ്പിൻകരയിലെ എടവനക്കാടെത്തി. അടയിരിക്കുന്ന ഇണയ്ക്ക് ഇരതേടിയാണ് വേഴാമ്പലെത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം എടവനക്കാട് അണിയലിൽ പടിഞ്ഞാറേക്കൂറ്റ് സജീവന്റെ വീട്ടുവളപ്പിലെ പനയുടെ മൂത്തുപഴുത്ത കുലകൾക്കിടയിലാണ് വേഴാമ്പലിനെ കണ്ടത്.
കറുപ്പും മഞ്ഞയും കലർന്ന തൂവൽത്തൊപ്പിയും മഞ്ഞ നിറത്തിലുള്ള നീണ്ട കൊക്കും ചുവന്ന കണ്ണുകളുമുള്ള വേഴാമ്പലിനെ കണ്ടപ്പോൾ നാട്ടുകാർക്ക് അത്ഭുതമായി. നാട്ടുകാരിൽ നിന്ന് വിവരമറിഞ്ഞെത്തിയ വന്യജീവി ഫോട്ടോഗ്രഫർ സിഗ്‌നൻ വർഗീസാണ് ഇത് മലമുഴക്കി വേഴാമ്പലാണെന്ന് തിരിച്ചറിഞ്ഞത്. ഒരാഴ്ച മുൻപ് കൊടുങ്ങല്ലൂരിനടുത്ത് കൈപ്പമംഗലത്ത് കണ്ട അതേ വേഴാമ്പൽ തന്നെയാകാം ഇതെന്ന് കരുതുന്നു.
ഭക്ഷണം തേടിയുള്ള യാത്ര
എടവനക്കാട്ടെത്തിയ മലമുഴക്കി പനയിലെ പഴങ്ങളും തേക്ക് മരത്തിന്റെ ചെറിയ കായും കഴിച്ചു. അതിനുശേഷം തെങ്ങിൽ കയറി വെള്ളയ്ക്ക കൊത്തി നോക്കിയെങ്കിലും അത് തന്റെ ഭക്ഷണമല്ലെന്ന് മനസിലാക്കി ഉപേക്ഷിച്ചു. ആളുകൾ കൂട്ടത്തോടെ സ്ഥലത്തേക്കെത്തിപ്പോൾ വേഴാമ്പൽ അവിടെ നിന്ന് പറന്നുപോയി.
പെൺവേഴാമ്പലിന് ഇരതേടി
വേഴാമ്പലുകളിൽ പെൺകിളി മുട്ടയിട്ട് അടയിരിക്കാൻ മരത്തിലെ പൊത്തിൽ കയറിയാൽ ആൺകിളി ആ പൊത്ത് താത്കാലികമായി അടയ്ക്കും. ഈ സമയത്ത് ആൺകിളി മാത്രമാണ് പെൺകിളിക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം തേടി പോകുന്നത്. ഭക്ഷണം തേടിപ്പോയ ആൺകിളിക്ക് ഏതെങ്കിലും അപകടം സംഭവിച്ചാൽ, പെൺകിളി ആഹാരം കിട്ടാതെ പൊത്തിൽ തന്നെ ജീവനൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |