അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നാണല്ലോ പഴഞ്ചൊല്ല്. ഈ ചൊല്ലിൽ നിന്ന് കഷണ്ടിയെ മാറ്റിനിറുത്താൻ സമയമായെന്നാണ് ഗവേഷകർ പറയുന്നത്. കഷണ്ടിയെ പൂർണമായി മാറ്റി പനങ്കുലപോലെ മുടിവളരുന്ന അവസ്ഥയിലേക്ക് എത്തിക്കാനാവുമെന്നാണ് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഒരുസംഘം ഗവേഷകരാണ് ഇതിനുപിന്നിൽ. ഇവർ സൃഷ്ടിച്ച 'പിപി 405 (PP405)' എന്ന ചെറുതന്മാത്രയാണ് ഈ അത്ഭുതം കാണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മരുന്നുകൾ ഉപയോഗിക്കുമ്പോൾ സാധാരണ ഉണ്ടാവാറുള്ള പാർശ്വഫലങ്ങളൊന്നും പിപി 405 ഉപയോഗിച്ചുള്ള ചികിത്സയിൽ ഉണ്ടാവുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഉറങ്ങിക്കിടക്കുന്നവയെ ഉണർത്തും
നിലവിൽ കഷണ്ടിക്ക് മറുമരുന്നായി കൂടുതൽ ആൾക്കാരും ആശ്രയിക്കുന്നത് ഹെയർ ട്രാൻസ്‌പ്ലാന്റിനെയാണ്. പക്ഷേ, സാധാരണക്കാർക്ക് ഇതിനുളള ചെലവ് താങ്ങാനാവില്ല. കഷണ്ടിമാറാനുള്ള ലേപനങ്ങളുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. എന്നാൽ പിപി 405 ചികിത്സ താരതമ്യേന ചെലവ് കുറഞ്ഞ മാർഗമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഡൈഹൈഡ്രോ ടെസ്റ്റോസ്റ്റിറോൺ ( ഡി എച്ച് ടി- DHT) എന്ന ഹോർമോൺ ശരീരത്തിൽ ഉയർന്ന അളവിൽ ഉണ്ടാകുന്നതാണ് കഷണ്ടിയുടെ മൂലകാരണമായി കരുതുന്നത്. രോമകൂപങ്ങളെ (ഫോളിക്കുകൾ ) ദുർബലപ്പെടുത്തി ചുരുക്കുകയും പുതിയ മുടി വളരുന്നത് പൂർണമായി തടയുകയുമാണ് ഡി എച്ച് ടി ചെയ്യുന്നത്. സമീകൃതാഹാരങ്ങൾ പതിവാക്കിയാൽ ഈ ഹോർമാേണിന്റെ അളവ് ഒരുപരിധിവരെ കുറയ്ക്കാനാവുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇത് എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല. മാത്രമല്ല കഷണ്ടി വന്നുകഴിഞ്ഞാൽ ആഹാരക്രമീകരണം കൊണ്ട് വലിയ പ്രയാേജനവും കിട്ടാറുമില്ല.
പിപി 405 ഉപയോഗിക്കുന്നതിലൂടെ നിർജീവാവസ്ഥയിലായ ഫോളിക്കുകളെ വീണ്ടും സജീവമാവുകയും പുതിയ മുടിയിഴകൾ വളരുന്നതിന് അനുകൂലമാവുകയും ചെയ്യും . പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഇത് ഉപയോഗിക്കാനും കഴിയും.
10 വർഷത്തെ കഠിന പ്രയത്നം
പിപി 405 തന്മാത്രയുമായി ബന്ധപ്പെട്ട് പത്തുവർഷത്തോളമായി പഠനം നടക്കുകയാണ്. മൃഗങ്ങളിലുൾപ്പെടെ നടത്തിയ പരീക്ഷണം വിജയമായതോടെ 2023ൽ മനുഷ്യനിൽ ആദ്യ പരീക്ഷണം നടത്തി. പരീക്ഷണത്തിന് തയ്യാറായി എത്തിയവരോട് ഒരാഴ്ച ഉറങ്ങുന്നതിനുമുമ്പ് തലയോട്ടിയിൽ പിപി 405 പ്രയോഗിക്കാൻ ആവശ്യപ്പെട്ടു. ഫലം അത്ഭുതാവഹമായിരുന്നത്രേ. കൂടുതൽ പരീക്ഷണങ്ങൾക്കുശേഷം അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അധികംവൈകാതെ മരുന്നിന് അനുമതി കിട്ടും എന്നാണ് കരുതുന്നത്.
ഫലം വളരെ വേഗത്തിൽ
ആദ്യപരീക്ഷങ്ങളിൽ വെറും എട്ടാഴ്ചകൊണ്ട് കഷണ്ടിക്കാരിൽ പുതിയ മുടിയിഴകൾ വളരുന്നതായി കണ്ടെന്നാണ് ഗവേഷകർ പറയുന്നത്. രണ്ടും മൂന്നുംവട്ട പരീക്ഷണങ്ങളിലൂടെ പാർശ്വഫലങ്ങളും കുറവാണെന്ന് കണ്ടെത്തി. മുഴിവളർച്ച ത്വരിതപ്പെടുത്താനുള്ള കുത്തിവയ്‌പ്പുകളോ മരുന്നുകളോ പ്രയോഗിക്കുന്നത് ലൈംഗികപരമായ പാർശ്വഫലങ്ങൾ ഉൾപ്പെടെ സൃഷ്ടിക്കാൻ സാദ്ധ്യത ഏറെയാണ്.
പിപി 405 ഇനിയും കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്. കാര്യങ്ങൾ ഈ നിലയ്ക്ക് മുന്നോട്ടുപോവുകയാണെങ്കിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കഷണ്ടിമരുന്ന് ഇന്ത്യയിൽ ഉൾപ്പെടെ വിപണിയിലെത്തും. നിലവിലെ മരുന്നുകളെക്കാൾ വില വളരെ കുറവായിരിക്കും എന്നും കരുതുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |