കൊച്ചി: അമ്മൂമ്മയുടെ കാമുകൻ ലഹരിക്കടിമയാക്കിയെന്ന ആരോപണവുമായി പതിനാലുകാരൻ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെയും അമ്മയുടെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മൂമ്മയും തിരുവനന്തപുരം സ്വദേശിയായ കാമുകനും ഒളിവിലാണ്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ജീവിക്കുന്നത്.
സുഹൃത്തെന്ന വ്യാജേന അമ്മൂമ്മ കാമുകനെ വീട്ടിൽ താമസിപ്പിച്ചു. ഇയാൾ ആദ്യം കഞ്ചാവ് കൊടുത്തപ്പോൾ കുട്ടി വാങ്ങിയില്ല. എന്നാൽ ക്രൂരമായി മർദിച്ചും കത്തി കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തിയും ഇയാൾ കുട്ടിയ്ക്ക് കഞ്ചാവ് നൽകി. പിന്നീട് കുട്ടിയെ ലഹരിക്കടിമയാക്കി. ഹാഷിഷ് ഓയിൽ അടക്കം നൽകിയിട്ടുണ്ടെന്നാണ് പതിനാലുകാരൻ പറയുന്നത്.
ഇടയ്ക്ക് അമ്മൂമ്മയുടെ കാമുകന്റെ സുഹൃത്തുക്കൾ വീട്ടിൽവരികയും ലഹരി ഉപയോഗിക്കുകയും ചെയ്യുമെന്നും കുട്ടി പറഞ്ഞു. ലഹരി കടത്താനും ഇയാൾ കുട്ടിയെ ഉപയോഗിച്ചു. പതിനാലുകാരന്റെ സ്വഭാവത്തിലും മാറ്റം വന്നു. എപ്പോഴും ദേഷ്യത്തോടെയായിരുന്നു സംസാരിച്ചിരുന്നത്. മാത്രമല്ല സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യുമായിരുന്നു.
സുഹൃത്തിനോടാണ് കുട്ടി ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. സുഹൃത്തിന്റെ അമ്മ കുട്ടിയുടെ അമ്മയെ വിളിച്ച് കാര്യം പറയുകയായിരുന്നു. വിവരമറിഞ്ഞപ്പോൾ താൻ നിസാഹായയായിപ്പോയെന്ന് അമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. തുടർന്ന് അവർ ഇക്കാര്യം വീട്ടിൽ സംസാരിച്ചിരുന്നു. നിങ്ങളെ രണ്ടുപേരെയും ജീവിക്കാൻ അനുവദിക്കില്ലെന്നാണ് അമ്മയുടെ കാമുകൻ തന്നോട് പറഞ്ഞതെന്ന് പതിനാലുകാരന്റെ അമ്മ വ്യക്തമാക്കി. ഗതികെട്ടപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയ്ക്ക് കൗൺസിലിംഗ് അടക്കം നൽകി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |