ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായ രാഹുൽ രവിയുടെ വിവാഹം ആരാധകർ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. 2020 ഡിസംബറിലാണ് രാഹുൽ ലക്ഷ്മി എസ് നായറിനെ വിവാഹം ചെയ്തത്. ശേഷം ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാവുകയും രാഹുലിനെതിരെ ലക്ഷ്മി പരാതി നൽകിയതിനെത്തുടർന്ന് നടൻ ഒളിവിൽ പോവുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇരുവരും വേർപിരിയുകയും ചെയ്തു. കഴിഞ്ഞവർഷം സുപ്രീം കോടതി നടന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഒരഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് നടൻ.
'ആ ബന്ധം വർക്കൗട്ടാവില്ലെന്ന് ഞങ്ങൾക്കാദ്യമേ അറിയാമായിരുന്നു. എന്നിട്ടും ഞങ്ങൾ ട്രൈ ചെയ്തു. എന്നിട്ടും വർക്കൗട്ടായില്ല. അതുകൊണ്ട് വേർപിരിഞ്ഞു. ആരോപണങ്ങൾ ആർക്കുവേണമെങ്കിലും ഉന്നയിക്കാം. കേസ് ആർക്കുവേണമെങ്കിലും കൊടുക്കാം. കേസുവന്നാൽ കാണിക്കാനുള്ള തെളിവുകളും എന്റെ പക്കലുണ്ട്. സെലിബ്രിറ്റിയായതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. സത്യമേത്, കളവേത് എന്ന് പരിശോധിക്കപ്പെടുന്നില്ല. ആരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എന്തിനാണ് ചെയ്യുന്നതെന്നും അറിയാമായിരുന്നു. എന്നാൽ ഞാൻ നിശബ്ദത പാലിച്ചു. ആത്മാഭിമാനമായിരുന്നു പ്രധാനം. ഞാൻ ജയിലിൽ കിടന്നിട്ടില്ല, എന്റെ പേരിൽ കേസും വന്നിട്ടില്ല. വിവാഹം ജീവിതത്തിൽ അത്യാവശ്യമാണെന്ന് തോന്നിയിട്ടില്ല. ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാറില്ല'- രാഹുൽ രവി വ്യക്തമാക്കി.
'നന്ദിനി', 'പൊന്നമ്പിളി' എന്നീ സീരിയലുകളിലൂടെയാണ് രാഹുൽ ശ്രദ്ധേയനായത്. 'ഒരു ഇന്ത്യൻ പ്രണയകഥ', 'കാട്ടുമാക്കാൻ' എന്നീ സിനിമകളിലും വേഷമിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |