തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി,പി എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിയ കോടതി വിധിയിൽ ഭരണനേതൃത്വത്തിനെതിരെയും രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയതെന്ന വിജിലൻസ് റിപ്പോർട്ടിനെയാണ് കോടതി വിമർശിച്ചത്. ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ ഭരണ നേതൃത്വത്തിന് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി വിജിലൻസ് തലവനായിരിക്കാമെങ്കിലും അത് ഭരണകാര്യം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ അംഗീകാരം തേടിയത് നിയമവിരുദ്ധമാണ്. അജിത്കുമാറിന് അനുകൂലമായി ഭരണ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുടെ അംഗീകാരമോ ഇടപെടലോ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം കവടിയാറിൽ ഭാര്യാസഹോദരന്റെ പേരിൽ അജിത് കുമാർ വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നു വിജിലൻസ് അന്വേഷണം നടന്നത്. ഇതിനെതിരെ അഭിഭാഷകനായ നാഗരാജ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി . സെന്റിന് 70 ലക്ഷം രൂപ വിലവരുന്ന ഭൂമി വാങ്ങി അവിടെ ആഡംബര വീട് നിർമിച്ചു. അഴിമതി പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങി വീട് വച്ചതെന്നാണ് ഉയർന്ന ആക്ഷേപം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിച്ചതായും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കി ക്ലീൻചിറ്റ് നൽകിയത് ഉന്നത സ്വാധീനം കൊണ്ടാണെന്നും നാഗരാജ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച കോടതി, വിജിലൻസ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ക്ലീൻചിറ്റ് തള്ളിയത്. ഇതോടെ വീണ്ടും എംആർ അജിത് കുമാറിനെതിരെ അന്വേഷണം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |