രോഗികളും കൂടെ വരുന്നവരും അവരവരുടെ രോഗലക്ഷണങ്ങൾ വിവരിക്കേണ്ടത് ചികിത്സയിൽ വളരെ പ്രധാനമാണ്. രോഗവിവരങ്ങളും ശാരീരിക പരിശോധനയും ലാബ് പരിശോധനകളും അന്യോന്യം മാച്ചുചെയ്താൽ മാത്രമേ പരിപൂർണമായ ഒരു രോഗനിർണയത്തിൽ എത്താൻ കഴിയുകയുള്ളു. കുട്ടികളാണ് രോഗികളെങ്കിൽ രോഗലക്ഷണ വിവരണങ്ങൾക്ക് പ്രാധാന്യമേറും. കാരണം അവർ ഒന്നും പറയാറില്ല; കേട്ടുകൊണ്ടിരിക്കുകയേയുള്ളു! രോഗിയോ അനുഗമിക്കുന്നവരോ രോഗവിവരങ്ങൾ വിവരിക്കുന്നത് പല രീതികളിലാണ്. ചിലർ രോഗലക്ഷണങ്ങൾ അതേപടി അവതരിപ്പിക്കും. ചിലർ പെരുപ്പിച്ചുപറയും. ചിലർ ഉള്ളതെല്ലാം പറയാതെ വളരെ കുറച്ചുമാത്രം വെളിപ്പെടുത്തും. പിന്നെ ഡോക്ടർമാർ അങ്ങോട്ടു കയറി തിരക്കിയാൽ മാത്രമേ എല്ലാം പുറത്തു വരികയുള്ളൂ!
ലക്ഷണങ്ങൾ നാടകീയമായി അവതരിപ്പിക്കുന്ന ചിലരുണ്ട്. വൈകാരികമായി അവതരിപ്പിക്കുന്നവരുമുണ്ട്. ഇതിലൊന്നും പെടാതെ ചില പ്രത്യേകതകളോടുകൂടി കാര്യങ്ങൾ സംസാരിക്കുന്നവരുണ്ട്. അതിലൊരാളാണ് നമ്മുടെ കഥാപാത്രം- പുരുഷോത്തമൻ സാർ. സ്‌കൂൾ അദ്ധ്യാപകനായിരുന്നു. വിഷയം മലയാളം ആയിരുന്നിരിക്കണം! കൊച്ചുമകനെ കാണിക്കാൻ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്.
'ഡോക്ടറേ, ഇതെന്റെ കൊച്ചുമോൻ, ഉണ്ണിക്കുട്ടൻ. മകന്റെ കുഞ്ഞാണ്. ഒന്നര വയസ്. ഇവന്റെ അച്ഛനും അമ്മയ്ക്കും ടെക്‌നോപാർക്കിലാണ് ജോലി. അതാ ഞാൻ കൊണ്ടുവന്നത്."
'ഒ.കെ... എന്തൊക്കെയാണ് പ്രയാസം?"
'പനി തുടങ്ങി രണ്ടു ദിവസമായി. പിന്നെ, ജലദോഷം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ് ഇതൊക്കെ..."
'ങാഹാ, എല്ലാമുണ്ടല്ലോ... ഇതൊക്കെ തുടങ്ങിയിട്ട് രണ്ടു ദിവസമായോ?"
'ഇല്ല... ജലദോഷം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്... ഇതൊന്നും ഇല്ല എന്നാണ് ഞാൻ പറയാൻ തുടങ്ങിയത്."
ഞാൻ പുരുഷോത്തമൻ സാറിനെ ഒന്നുനോക്കി. ഇത്രയും ലക്ഷണങ്ങൾ പേരെടുത്തു പറഞ്ഞ് അവയൊന്നും ഇല്ല എന്നുപറയുന്ന ഒരാളിനെ ആദ്യമായിട്ടാണ് കാണുന്നത്! ഹോട്ടലിൽ വെയ്റ്റർ നമ്മളോട് ഇഡ്ഡലി, ദോശ, അപ്പം, ഇടിയപ്പം, ഊത്തപ്പം, മസാലദോശ, ഉള്ളിദോശ... എന്നു പറഞ്ഞിട്ട് അവസാനം 'ഇതൊന്നും ഇവിടെയില്ല" എന്നു പറയുന്നതു പോലെ... ഞാൻ തിരക്കി:
'മരുന്ന് എന്തെങ്കിലും കൊടുത്തിരുന്നോ?"
'സെട്രിസിൻ, സാൽബൂട്ടമോൾ, നേസൽ ഡ്രോപ്സ്, അമോക്സിലിൻ, ബി കോംപ്ലക്സ്... ഇതൊന്നും കൊടുത്തില്ല. പാരസറ്റമോൾ മാത്രം കൊടുത്തു."
പുരുഷോത്തമൻ സാറിനെ കൗതുകപൂർവം നോക്കി മനസിൽ ഒരു ഫോട്ടോയും എടുത്തു. ഇനി വരുമ്പോൾ തിരിച്ചറിയണമല്ലോ! കുറേനാളുകൾ കഴിഞ്ഞ് പുരുഷോത്തമൻ സാർ നാലു വയസുള്ള ഒരു പെൺകുട്ടിയുമായി വന്നു.
'സാർ... ഇവൾ കല്ല്യാണി. നാലു വയസ്. എന്റെ കൊച്ചുമകളാണ്. ഉണ്ണിക്കുട്ടന്റെ ചേച്ചി. ഇവളുടെ അച്ഛനും അമ്മയും..."
'എന്താണ് പ്രശ്നം?"
'ഇവൾക്ക് ഇന്നലെ മുതൽ ഒരു വയറിളക്കം. ഓർക്കാനം, ഛർദ്ദി, പനി, വയറുവേദന, മലത്തിൽ രക്തം..."
ആളെ മനസ്സിലായതുകൊണ്ട് ഞാൻ ചോദിച്ചു: 'ഇവയൊക്കെ?"
'അതൊന്നും ഇല്ല... വെറും വയറിളക്കം മാത്രം. തെരുതെരെ എട്ടും പത്തും തവണ... അങ്ങനെയല്ല പോകുന്നത്.... ഇന്നലെ ഒരു തവണ... ഇന്ന് ഒരു പ്രാവശ്യം."
'വയറിളക്കത്തിന് കാരണമെന്തെങ്കിലും...?"ഞാൻ തിരക്കി?
'ഇപ്പോൾ മാമ്പഴക്കാലമാണല്ലോ..."
അപ്പോൾ അതായിരിക്കുമോ കാര്യം എന്നു ഞാൻ ചിന്തിക്കുന്നതിനിടയിൽ പുരുഷോത്തമൻ സാർ പറഞ്ഞു:
'മോൾ മാങ്ങയൊന്നും കഴിച്ചില്ല! പിന്നെ ബേക്കറി സാധനങ്ങൾ... ലഡ്ഡു, ജിലേബി, കേക്ക്, ക്രീം ബിസ്‌ക്കറ്റ്... പൊറോട്ട, കുഴിമന്തി, ഷവർമ്മ, മയണൈസ്, അൽഫാം... ഇതൊന്നും കഴിച്ചിട്ടില്ല."
പുരുഷോത്തമൻ സാറിന്റെ പരന്ന പ്രയോഗങ്ങൾ കേട്ട് ഞാൻ കുനിഞ്ഞിരുന്ന് ചിരിച്ചുകൊണ്ടിരുന്നു, അദ്ദേഹം കാണാതെ. ഒരു കൗതുകം തോന്നി വായനയെപ്പറ്റി ചോദിച്ചു:
'ആരോഗ്യ സംബന്ധമായി എന്ത് എവിടെക്കണ്ടാലും ഞാൻ വായിക്കും...."
ഇങ്ങനെ പല കൂടിക്കാഴ്‌ചകളിലും ഈ അവതരണശൈലി തുടരുകയും ഞാൻ അത് ആസ്വദിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഒരുനാൾ ഒരു ബന്ധുവിനെ കാണാൻ ഞാൻ നഗരത്തിലെ ഒരു വലിയ ആശുപത്രിയിൽ എത്തിയപ്പോൾ പുരുഷോത്തമൻ സാർ, കൊച്ചുമകൾ, കൊച്ചുമകൻ, മകൻ, മരുമകൾ... ഇവരെല്ലാവരുമല്ല; പുരുഷോത്തമൻ സാറിന്റെ മകൻ മാത്രം ഐ.സി.യുവിനു മുന്നിൽ ഇരിക്കുന്നതു കണ്ടു! 'പുരുദോഷം" എന്നെയും ബാധിച്ചോ ഡിങ്ക ഭഗവാനേ!
'എന്താ ഇവിടെ?"
മകൻ പറഞ്ഞു: 'അച്ഛനൊരു നെഞ്ചുവേദന. ഇന്നലെ രാത്രി. ആശുപത്രിയിൽ എത്തുന്നതിനു മുമ്പുതന്നെ നെഞ്ചുവേദന മാറി. പക്ഷേ അവർ ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്തു."
ഞാൻ ഐ.സി.യു വിൽ കയറി പുരുഷോത്തമൻ സാറിനെ കണ്ട് സംസാരിച്ചു. അപ്പോഴാണ് സംഗതി വ്യക്തമായത്.
'ഡോക്ടർ ചോദിച്ചപ്പോൾ നെഞ്ചുവേദനയുണ്ടെന്ന് ഞാൻ പറഞ്ഞു. വേദന ഇടതുതോളിലേക്ക്, കൈയിലേക്ക്, ഛർദ്ദി, വിയർപ്പ്, ഭാരം ഇരിക്കുന്നതുപോലെയുള്ള തോന്നൽ, കക്കൂസിൽ പോകാനുള്ള തോന്നൽ..."
'ഇവയൊക്കെ?"
'ഇല്ലായെന്ന് ഞാൻ പറഞ്ഞു. പക്ഷേ, സാറിനെപ്പോലെ ക്ഷമയുള്ള ആളായിരുന്നില്ല ആ ഡോക്ടർ. ഞാൻ പറയുന്നതു മുഴുവൻ കേൾക്കാതെ അദ്ദേഹം നിരീക്ഷണത്തിനായി രണ്ടുദിവസം എന്നെപ്പിടിച്ച് ഐ.സി.യു.വിൽ കിടത്തി!"
ചിരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ലെങ്കിലും, ഐ.സി.യു ആണല്ലോ എന്നു കരുതി മാത്രം ഞാൻ പൊട്ടിവന്ന ചിരി അമർത്താൻ പാടുപെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |