പുട്ട്. പേര് കേൾക്കുമ്പോൾത്തന്നെ പലർക്കും മടുപ്പാണ്. എന്നാൽ വെറൈറ്റികൾ പരീക്ഷിക്കാനുള്ള മനസുണ്ടെങ്കിൽ പുട്ടിനെ ആർക്കും ആസ്വദിക്കാനാവുന്ന നിലയിലാക്കാം. അങ്ങനെയുള്ളവർക്ക് പരീക്ഷിച്ചുനോക്കാവുന്ന ഒന്നാണ് ചുവന്നുളളിപ്പുട്ട്. കറിപോലും വേണ്ടാതെ ഒറ്റയിരുപ്പിന് ഒരുകുറ്റിക്കുമേൽ ചുവന്നുള്ളിപ്പുട്ട് അകത്താക്കാം എന്നാണ് അനുഭവവസ്ഥർ പറയുന്നത്. വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്.ഒരുഗ്ളാസ് പുട്ടുപൊടി, വെള്ളം, ഉപ്പ്, അരക്കപ്പ് ചുവന്നുള്ളി, കറിവേപ്പില, വെളിച്ചെണ്ണ, ചിരകിയ തേങ്ങ, ചില്ലി ഫ്ലേക്സ് തുടങ്ങിയവയാണ് ചുവന്നുള്ളിപ്പുട്ട് ഉണ്ടാക്കാനുള്ള പ്രധാന ചേരുവകൾ.
ഉണ്ടാക്കുന്നത് ഇങ്ങനെ: ആദ്യം ഒരുകപ്പ് പുട്ടുപൊടി അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലിടുക. വീട്ടിൽ പൊടിച്ചെടുത്തതാണെങ്കിൽ ഏറെ നന്ന്. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരുഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് അടച്ച് മാറ്റിവയ്ക്കുക. വീട്ടിൽ പൊടിച്ച പുട്ടുപൊടിയാണെങ്കിൽ വെള്ളം അത്രയും ആവശ്യമുണ്ടാകില്ല.
ഇനിയാണ് വെറൈറ്റി പുട്ടിലെ പ്രധാനിയെ ഉണ്ടാക്കുന്നത്. ഇതിനായി ആദ്യം ഒരുകപ്പ് ചുവന്നുള്ളി വട്ടത്തിൽ ചെറുതായി അരിയുക. ചീനച്ചട്ടിയിൽ ഒരുസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചശേഷം അതിലേക്ക് അരിഞ്ഞുവച്ച് ഉള്ളി ഇട്ട് വഴറ്റുക. ഇതിലേക്ക് ഒരുതണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർക്കുക. ഒപ്പം അല്പം ഉപ്പും. ചേരുവകൾ നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.ഇതിലേക്ക് ഒരു ടീസ്പൂൺ ചില്ലി ഫ്ലേക്സും ചേർത്ത് ചെറുതീയിൽ ചൂടാക്കി വാങ്ങുക. ഇത് നേരത്തേ വെള്ളംചേർത്ത് അടച്ചുവച്ചിരിക്കുന്ന മാവിൽ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. തുടർന്ന് പുട്ടുകുറ്റിയിൽ ആദ്യം തേങ്ങ ഇട്ടശേഷം മാവ് നിറയ്ക്കുക. അവസാനവും തേങ്ങ നിറയ്ക്കണം. മാവിലേക്ക് ആവികയറുമ്പോൾത്തന്നെ കൊതിപ്പിക്കുന്ന മണം അടുക്കളയിൽ നിറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |