ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനങ്ങൾ ഭാരതത്തിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുതിയ മാനങ്ങൾ പകരുന്നതാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിയോടെ ജി.എസ്.ടിയിൽ വൻ പരിഷ്കാരം നടപ്പാക്കുമെന്ന പ്രഖ്യാപനം ഇന്ത്യയിലെ ഓരോ പൗരന്മാരുടെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്.
രാജ്യം വളരുമ്പോൾ ജീവിതച്ചെലവുകളും കുതിച്ചുയരുന്നതിനാൽ സാധാരണക്കാരന്റെ ജീവിതം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാണ് ജി.എസ്.ടിയുടെ വിഷയത്തിൽ പ്രധാനമന്ത്രി നടത്തിയത്. സാധാരണക്കാരും സൂക്ഷ്‌മ-ചെറുകിട- ഇടത്തരം സംരംഭകരും നേരിടുന്ന നികുതി ബാദ്ധ്യതകൾ കുറയ്ക്കുന്ന 'വലിയ സർപ്രൈസ്" ദീപാവലി സമ്മാനമായി പ്രതീക്ഷിക്കാമെന്ന പ്രസ്‌താവന സെപ്തംബർ 9ന് ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ജി.എസ്.ടി കൗൺസിൽ യോഗം കൂടാനിരിക്കെ പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണ്. നിലവിൽ 5 %, 12 %, 18 %, 28 % എന്നീ നികുതി സ്ളാബുകളാണ് ജി.എസ്.ടിയിലുള്ളത്. ഇതിൽ 12 ശതമാനം സ്ളാബ് ഒഴിവാക്കാൻ നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു. ഇതിന് പുറമെ മറ്റ് സമഗ്രമായ പല മാറ്റങ്ങളും ജി.എസ്.ടിയുടെ ഘടനയിൽ ഉണ്ടായേക്കുമെന്ന സൂചന നൽകുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
വിമാനയാത്രയുടെ വില കൂടുന്നത് പഴയ കാലത്ത് സമ്പന്നരെ മാത്രം ബാധിക്കുന്ന വിഷയമായിരുന്നു. ഇന്നതല്ല സ്ഥിതി. ജീവിതമാർഗത്തിനായും വിദ്യാഭ്യാസത്തിനായും സാധാരണക്കാരുടെ കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ വിദേശയാത്ര ചെയ്യുന്നത്. വിമാന യാത്ര, ഹോട്ടൽ മുറിവാടക തുടങ്ങിയവ 12 ശതമാനത്തിൽ നിന്ന് 5 ശതമാനം സ്ളാബിലേക്ക് മാറിയാൽ തന്നെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും ഉണ്ടാകുക. ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് മുന്തിയപങ്കും ഇപ്പോൾ ഉപയോഗിക്കുന്നത് ക്രൂഡ് ഓയിൽ വാങ്ങാനാണ്. ഇന്ത്യയിൽ തന്നെ ജറ്റ് എൻജിനുകൾ നിർമ്മിക്കും. സോളാർ പാനലും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സെമി കണ്ടക്ടർ ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്‌തുക്കളും വിദേശ ആശ്രയത്വമില്ലാതെ ഇവിടെത്തന്നെ നിർമ്മിക്കും. ഇന്ത്യൻ നിർമ്മിത ചിപ്പുകൾ പുറത്തിറക്കും. ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 'സമുദ്ര മൻഥൻ" എന്ന പേരിൽ ഇന്ത്യയിൽ എണ്ണ, വാതക പര്യവേക്ഷണം ഊർജിതമാക്കുമെന്നും മോദി പറഞ്ഞു.
സിന്ധു നദീജല കരാർ അന്യായവും ഏകപക്ഷീയവുമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്ന് പാകിസ്ഥാനുള്ള പരോക്ഷ മറുപടിയും നൽകി. ഇന്ത്യയിലെ ജലം ഇന്ത്യയിലെ കർഷകർക്ക് അവകാശപ്പട്ടതാണ്. നമ്മുടെ രാജ്യത്തെ കർഷകർക്ക് ദാഹിക്കുമ്പോൾ വെള്ളം ശത്രുരാജ്യത്തിന് കെടുക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കർഷകരുടെ താത്‌പര്യങ്ങൾ ഹനിക്കുന്ന ഏതൊരു നയത്തിനെതിരെയും താൻ ഒരു മതിൽ പോലെ നിൽക്കുമെന്നാണ് മോദി വ്യക്തമാക്കിയത്. പാൽ, പഴവർഗങ്ങൾ, ചണം തുടങ്ങിയവയുടെ ഉത‌്‌പാദനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. മത്സ്യം, അരി, ഗോതമ്പ്, പച്ചക്കറികൾ തുടങ്ങിയവയുടെ ഉത്‌പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നാല് ലക്ഷം കോടി രൂപയുടെ കാർഷികോത്‌പന്നങ്ങളുടെ കയറ്റുമതി നടന്നിട്ടുണ്ട്. തന്റെ കർഷകരെ താൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്നാണ് അടിവരയിട്ട് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്ത് മൂന്നരക്കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം യുവജനങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ്. രാജ്യത്തിന്റെ വികസനത്തിന്റെയും വളർച്ചയുടെയും പ്രയോജനം ഓരോ വീട്ടിലും പ്രത്യക്ഷമായി എത്തുന്നത് ചെറുപ്പക്കാർക്ക് ലഭിക്കുന്ന ഉയർന്ന വരുമാനമുള്ള തൊഴിലുകളിലൂടെയാണ്. ഒരാൾക്ക് ജോലി ലഭിക്കുമ്പോൾ അയാളെ ആശ്രയിച്ച് നിൽക്കുന്ന കുടുംബം ഒന്നാകെയാണ് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നത്. ഇന്ത്യയുടെ ആകാശം സുരക്ഷിതമാക്കാൻ ഇസ്രയേലിന്റെ അയൺ ഡോമിന് സമാനമായ മിഷൻ സുദർശൻ ചക്രയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അടുത്ത പത്തുവർഷത്തിനുള്ളിൽ കൃത്യതയാർന്ന വ്യോമ പ്രതിരോധ കവചം ഒരുക്കുന്നതായിരിക്കും ഈ പദ്ധതി. ശത്രുവിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കുക മാത്രമല്ല, അവർക്ക് പല മടങ്ങ് തിരിച്ചടി നൽകുന്നതു കൂടിയാവും ഈ സംവിധാനം. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ സുപ്രധാനമായ പ്രഖ്യാപനങ്ങൾ രാജ്യത്തിന് പുതിയ ദിശാബോധം പകരുന്നവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |