ജീവിതകാലം രോഗശുശ്രൂഷയ്ക്കായി ചെലവഴിച്ച, 114 വയസുകാരിയായ ഷിഗെക്കോ കഗാവ ഇന്ന് ജപ്പാനിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. മുൻ റെക്കാഡ് ഉടമയായ മിയോക്കോ ഹിരോയാസുവിന്റെ മരണത്തോടെയാണ് ഷിഗെക്കോ ഈ നേട്ടത്തിലേക്ക് എത്തിയത്. നാലുവർഷം മുമ്പ് 109-ാം വയസിൽ 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ ഷിഗെക്കോ ദീപശിഖ കൈയിൽ പിടിച്ച് നടന്നത്, ഗെയിംസിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ ദീപശിഖ വാഹകരിൽ ഒരാളെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. നൂറ്റിപതിനാലിലും അവശതകളൊന്നുമില്ലാത്ത ഷിഗെക്കോയുടെ ജീവിതം സ്നേഹത്തിന്റെയും സ്വന്തം തൊഴിലിനോടുള്ള പ്രതിബദ്ധതയുടെയും കഥയാണ് പകർന്നു നൽകുന്നത്.
1911-ൽ ജപ്പാനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷിഗെക്കോ കഗാവ, ബാല്യത്തിൽ തന്നെ പഠനത്തിൽ മികവ് പുലർത്തിയിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനും സേവിക്കുന്നതിനും അതീവതത്പരയായിരുന്നു ഷിഗെക്കോ. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് മെഡിക്കൽ ബിരുദം നേടി, യുദ്ധകാലത്ത് ഒസാക്കയിലെ ആശുപത്രികളിൽ പരിക്കേറ്റവരെയും ഗർഭിണികളെയും പരിചരിച്ചായിരുന്നു ഷിഗെക്കോ തന്റെ സേവന ജീവിതത്തിന് തുടക്കം കുറിച്ചു. യുദ്ധാനന്തരം, കുടുംബത്തിന്റെ ക്ലിനിക്ക് ഏറ്റെടുത്ത് പ്രസവ ചികിത്സകയും ഗൈനക്കോളജിസ്റ്റുമായി പ്രവർത്തിച്ചു. പാതിരാത്രിയിൽ പോലും ഫോൺ മുഴങ്ങുമ്പോൾ, ഉറക്കം പോലും ഉപേക്ഷിച്ച് രോഗിയുടെ വീട്ടിലേക്ക് പോയിരുന്ന ഷിഗെക്കോയെ നാട്ടുകാർ 'രാത്രിയിലെ ഡോക്‌ടർ' എന്നും വിളിച്ചു. പതിറ്റാണ്ടുകളോളം ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഈ സേവനം തുടർന്നുപോന്നിരുന്നു.
അവശതകളൊന്നും ഇല്ലാതിരുന്നിട്ടും 86 വയസിലാണ് തന്റെ സേവനജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ചത്. വിരമിച്ച ശേഷവും തെരുവിലൂടെ പോകുമ്പോൾ രോഗികൾ ഷിഗെക്കോയുടെ അടുത്തെത്തി തങ്ങൾക്ക് നൽകിയ ചികിത്സയ്ക്കും സേവനത്തിനുമൊക്കെ നന്ദി പറയുന്നതും പതിവായിരുന്നു. തന്റെ ദീർഘായുസിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചവരോട് ഷിഗെക്കോയുടെ മറുപടി ഇങ്ങനെയാണ്. ഒരിക്കലും പ്രത്യേക ഡയറ്റോ കഠിന വ്യായാമമോ ചെയ്തിട്ടില്ല. ദിവസവും ഒരേ സമയത്ത് ഉറങ്ങുക, ലളിതമായ ഭക്ഷണം കഴിക്കുക, മനസമാധാനത്തോടെ ലളിതമായ ജീവിതം നയിക്കുക. ഇതൊക്കെയാണ് തന്നെ നൂറ്റിപതിനാലിലും പതിനാലുകാരിയുടെ ചുറുചുറുക്കോടെ നിലനിറുത്തുന്നതെന്നും ഷിഗെക്കോ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |