മൃഗങ്ങളുമായുള്ള മനുഷ്യന്റെ സ്നേഹത്തിന്റെ ആഴം പലപ്പോഴും വാക്കുകളിൽ വിവരിക്കാനാവുന്നതല്ല. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പല രാജ്യങ്ങളിലെയും പ്രധാന പ്രശ്നമാകുമ്പോഴും തായ്ലൻഡുകാർക്ക് പറയാനുള്ളത് ഒരു സ്നേഹത്തിന്റെ കഥയാണ്. ചിയാങ് മയി പ്രവിശ്യയിലെ വന്യജീവി രക്ഷാകേന്ദ്രമായ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപക ലെക് ചൈലേർട് എന്ന യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ ആണ് ഈ സ്നേഹത്തിന്റെ ആഴം വെളിവാക്കുന്നത്.
മൃഗങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന ലെക് ചൈലേർട് ആനയുടെ സമീപത്തുനിന്ന് പാട്ട് പാടുമ്പോൾ തുമ്പിക്കൈ കൊണ്ട് സംഗീതം ആസ്വദിച്ച് സ്നേഹത്തോടെ ചേർത്തു പിടിക്കുകയാണ് ഫാ മായ് എന്ന കാട്ടാന. മനുഷ്യന്റെ ഭാഷ മൃഗങ്ങൾക്ക് വശമില്ലെങ്കിലും ലെക്കിന്റെ പാട്ട് നന്നായി മനസിലാക്കിയ പോലെയാണ് ഫാ മായി ആസ്വദിക്കുന്നതും പെരുമാറുന്നതും. പാട്ട് അവസാനിപ്പിച്ചശേഷവും ഫാ മായി, ലെക്കിനെ വിടാൻ കൂട്ടാക്കുന്നില്ല. കാണുന്നവർക്ക് ഇതൊരു മനോഹര ദൃശ്യമാണെങ്കിലും സംഗീതത്തിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹത്തിന്റെ ഭാഷയ്ക്ക് ആഴമേറിയതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. പാട്ട് ആനകളുടെ സന്തോഷത്തെക്കാൾ കൂടുതൽ, അവരുടെ മനസ് ശാന്തമാക്കുകയും ഹൃദയങ്ങളെ മൃദുവാക്കുകയും, ചെയ്യുമെന്നും ലെക് വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
തായ്ലൻഡിലെ പ്രശസ്തമായ വന്യജീവി രക്ഷാകേന്ദ്രമാണ് ലെക് ചൈലേർട് സ്ഥാപിച്ച സേവ് എലിഫന്റ് ഫൗണ്ടേഷൻ. പരിക്ക് പറ്റിയതും അവശതയുള്ളതുമായ ആനകൾക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിനും അവയെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനും ലെക്ക് സമയം കണ്ടെത്തുന്നുണ്ട്. ഇതൊക്കെയാവാം ലെക്കിനെ ആനകൾ ഏറെ ഇഷ്ടപ്പെടുന്നതിനും കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |