ബി.എസ്.എൻ .എൽ ഒരു ആഡംബരവും അനിവാര്യവുമായിരുന്ന കാലമുണ്ടായിരുന്നു. ഒരു കണക്ഷൻ കിട്ടാൻ ആളുകൾ പരക്കം പാഞ്ഞ് നടന്നിരുന്നു. മാറിയ സാഹചര്യത്തിൽ ബി.എസ്.എൻ.എൽ കണക്ഷൻ നിലനിറുത്താൻ പ്രയാസപ്പെടുന്ന സ്ഥിതിയായി. രാജ്യത്ത് പലയിടത്തും ബി.എസ്.എൻ.എൽ.നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും ലാഭകരമായി പിടിച്ചുനിന്ന ടെലികോം സർക്കിളും സംസ്ഥാനവുമാണ് കേരളം. മാറിയ സാഹചര്യത്തിലും ചെറിയ നിരക്കിൽ ഡാറ്റാ സർവ്വീസും അതിനേക്കാൾ കുറഞ്ഞ നിരക്കിൽ കാൾ സർവ്വീസും നൽകുന്ന ബി.എസ്.എൻ.എൽ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. 34 വർഷത്തെ മികച്ച ട്രാക്ക് റെക്കാഡുള്ള സാങ്കേതിക വിദഗ്ദ്ധനും 1989ലെ ഇന്ത്യൻ ടെലികോം സർവ്വീസ് ഉദ്യോഗസ്ഥാനുമായ ആർ.സജികുമാറാണ് കേരളത്തിലെ ബി.എസ്.എൻ.എല്ലിന്റെ മേധാവി. പുതിയ ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ അദ്ദേഹം കേരള കൗമുദിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:
?പുതിയ ചുമതലയേറ്റെടുക്കുമ്പോൾ പ്രതീക്ഷ നൽകുന്നത് എന്താണ്
ബി.എസ്.എൻ.എല്ലിന്റെ കുതിപ്പിനെ തകർത്തത് വൻകിട കമ്പനികളുടെ രംഗപ്രവേശമാണ്. സെക്കൻഡിന് ഒരു പൈസ തുടങ്ങി മികച്ച ഓഫറുകളുമായി അവർ കുതിച്ചപ്പോൾ ഒപ്പമെത്താനാകാതെ ബി.എസ്.എൻ.എൽ കിതച്ചു. അതിന് പല കാരണങ്ങളുണ്ട്. വൻകിട കമ്പനികളുടെ ലക്ഷ്യം ബി.എസ്.എൻ.എല്ലിനെ തകർക്കുകയുമായിരുന്നു. എന്നാൽ ബി.എസ്.എൻ.എല്ലിനെ ജനം കൈവിട്ടുവെന്ന് ഉറപ്പാക്കിയപ്പോൾ അവരെല്ലാം നിരക്ക് കുത്തനെ കൂട്ടി. ഇപ്പോൾ സ്വകാര്യ ടെലികോം ഭീമന്മാരുടെ ഡാറ്റായുടേയും കാളിന്റേയും നിരക്ക് എത്ര കൂടുതലാണ്. ബി.എസ്.എൻ.എൽ നിലനിൽക്കുന്നത് കണക്കിലെടുത്താണ് അത് ഈ തോതിലെങ്കിലും നിൽക്കുന്നത്. അത് തിരിച്ചറിഞ്ഞതോടെ ആളുകൾ കൂട്ടത്തോടെ ബി.എസ്.എൻ.എല്ലിലേക്ക് മടങ്ങിയെത്താൻ തുടങ്ങി. അത് തന്നെയാണ് പുതിയ പദവിയിൽ പ്രതീക്ഷയേകുന്ന ഘടകം.
?ടെലികോം കമ്പനി മേധാവിയെന്ന നിലയിലുള്ള ലക്ഷ്യം,
ഇപ്പോൾ എല്ലാം അളക്കുന്നത് വരുമാനത്തിലാണല്ലോ, 2500 കോടിയുടെ വരുമാനം സംസ്ഥാനത്തുനിന്ന് നേടിയെടുക്കുകയാണ് ലക്ഷ്യം. നിലവിൽ 1200 കോടി മുതൽ 1600 കോടി വരെയാണ് ലഭിക്കുന്നത്. അതിൽ നിന്ന് വമ്പൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.
? മാറിയ സാഹചര്യത്തിൽ വലിയ കുതിച്ചുചാട്ടം പ്രായോഗികമാണോ
സാഹചര്യം മാറിയെങ്കിലും ബി.എസ്.എൻ.എല്ലിന് അതിന്റേതായ നേട്ടങ്ങളും ശേഷിയുമുണ്ട്. നൂറുവർഷം പഴക്കമുള്ള സ്ഥാപനമാണിത്. അനുഭവസമ്പന്നരായ സാങ്കേതിക വിദഗ്ദ്ധർ, സാമ്പത്തികമായും സാങ്കേതികമായും പിന്തുണ നൽകുന്ന കേന്ദ്രസർക്കാർ, ആത്മാർപ്പണമുള്ള ജീവനക്കാർ ഇതെല്ലാം ബി.എസ്.എൻ.എല്ലിന് ഇന്നും അവകാശപ്പെടാവുന്ന നേട്ടങ്ങളാണ്.
? എങ്ങനെ വരുമാനലക്ഷ്യം നേടും
ഫൈബർ ടു. ഹോം, കാൾ, ഡാറ്റാ സേവനങ്ങൾ, എന്റർപ്രൈസസ് സർവ്വീസ് തുടങ്ങി മൂന്ന് മേഖലകളിലൂടെയാണ് വരുമാന വർദ്ധന. മുമ്പ് ലാൻഡ് ലൈൻ കൊടുത്തതിന് പകരം ഫൈബർ കണക്ഷൻ നൽകും. ഇന്റർനെറ്റ്, ടി.വി, ഫോൺ എന്നിവ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്ത് ഒന്നരക്കോടി എഫ്.ടി.ടി.എച്ച് കണക്ഷൻ നൽകുകയാണ് ലക്ഷ്യം. അതിൽ പത്തുശതമാനം കേരളത്തിലായിരിക്കും. അതായത് 15 ലക്ഷം കണക്ഷനാണ് ലക്ഷ്യം. എല്ലാ ബ്ളോക്കുകളും പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് റിംഗ് കണക്ഷൻ നൽകാനാനുള്ള പദ്ധതിയും നടത്തുന്നുണ്ട്. 8800കിലോമീറ്റർ ഫൈബർ നെറ്റ്വർക്ക് വലിക്കാനുള്ള നടപടികൾ ഏറ്റെടുത്തിട്ടുണ്ട്. ഇതിനായി എറണാകുളത്ത് കേന്ദ്രീകൃത സെർവറിന്റെ നിർമ്മാണം മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാകും. മൊബൈൽ വിഭാഗമാണ് രണ്ടാമത്തേത്. കേരളത്തിൽ 6500 ടവറുകൾ 4ജി. ആയി കഴിഞ്ഞു. 340 ടവറുകൾ ട്രൈബൽ, ഫോറസ്റ്റ് മേഖലകളിൽ സ്ഥാപിക്കാനും നടപടിയായിട്ടുണ്ട്. വിദൂര സ്ഥലങ്ങളായ ബോണക്കാട്, പൊൻമുടി എന്നിവിടങ്ങളിൽ ദുരന്തനിവാരണ ലക്ഷ്യമാക്കി മൊബൈൽ നെറ്റ്വർക്ക് രൂപീകരിക്കാനും ബി.എസ്.എൻ.എൽ. നടപടിയെടുത്തിട്ടുണ്ട്. അത് പൂർത്തിയായി.
മൂന്നാമത്തെ വരുമാനമേഖല. എന്റർപ്രൈസസ് ബിസിനസ് സെക്ടറാണ്. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ ഫാക്ടറികൾ എന്നിവിടങ്ങളിൽ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ വാഹനങ്ങളിൽ സിം ഘടിപ്പിക്കണം. ഇതിനുള്ള ടെക്നോളജി നൽകുന്നത് ബി.എസ്.എൻ.എല്ലാണ്. സി.സി.ടി.വി. നെറ്റ്വർക്കിന്, പണ്ടൊക്കെ സിം കണക്ട് പീപ്പിൾ ആയിരുന്നെങ്കിൽ കണക്ട് ഡിവൈസാണ് ഇപ്പോൾ. മെഷീൻ. ടു. മെഷീൻ കണക്ഷൻ സിം ആണ് പുതിയ മേഖല. സ്ഥാപനങ്ങളിൽ ഇന്റേണൽ ലോക്ക്ഡ് വൈഫൈ കണക്ഷൻ, ഇലക്ഷനിൽ തിരഞ്ഞടുപ്പ് കമ്മിഷന്റെ നെറ്റ്വർക്ക്, വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വത്തിനുള്ള നെറ്റ്വർക്ക്. കാപ്റ്റീവ് നെറ്റ്വർക്ക് എന്നിവയും കാൾ മൈനിലും മറ്റും അകത്ത് മൊൈബൽ കവറേജ് നൽകാൻ മാത്രമായി ഒരു നിശ്ചിത മേഖലയിൽ മാത്രം മൊബൈൽ കവറേജ് നൽകുന്ന സംവിധാനം. ഖനികളിലും കപ്പലുകളിലും മറ്റും നൽകുന്ന നെറ്റ്വർക്ക് ഇത്തരത്തിലുള്ളതാണ്. എന്റർപ്രൈസ് ബിസിനസ് മേഖലയാണിത്.
?എഫ്.ടി.ടി.എച്ചിൽ ബി.എസ്.എൻ.എൽ വലിയ മത്സരമല്ലേ നേരിടുന്നത്
മറ്റ് സ്വകാര്യ സർവ്വീസുകളെ അപേക്ഷിച്ച് ബി.എസ്.എൻ.എല്ലിന് നിരക്ക് കുറവാണ്. എത്ര ഡിവൈസുകൾ വേണമെങ്കിലും ഡാറ്റാ പാക്കേജിൽ ഉൾപ്പെടുത്താമെന്നതാണ് ബി.എസ്.എൻ.എല്ലിന്റെ എഫ്.ടി.ടി.എച്ച് പാക്കേജിന്റെ നേട്ടം. 500 ഓളം ദേശീയചാനലുകളും 120 മലയാളം ചാനലുകൾ ഉൾപ്പെടെ കിട്ടുന്ന സംവിധാനത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഒ.ടി.ടി പ്ളാറ്റ്ഫോം സൗജന്യമായി പാക്കേജിലുൾപ്പെടുത്തി നൽകുന്നുണ്ട്. പേ ചാനലുകൾ കൂടി ഇതിൽ ഉൾപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.
? 3ജിയിൽ നിന്ന് 4ജിയിലെത്താനും അവിടെ നിന്ന് 5ജിയിലേക്ക് പോകാനും മടിച്ചത് ബി.എസ്.എൻ.എല്ലിനെ പിന്നാക്കമാക്കിയില്ലേ.
അത് ഒരുപരിധിവരെ ശരിയാണ്. എന്നാൽ 3ജിയും 4ജിയുമെല്ലാം ബി.എസ്.എൻ.എൽ. ഉപയോഗിച്ചിരുന്നത് വിദേശസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. ഓരോ തവണ അപ്ഗ്രേഡ് ചെയ്യുമ്പോഴും പുതിയ സാങ്കേതികവിദ്യ വാങ്ങേണ്ടിവരും. നിലവിലെ കേന്ദ്രസർക്കാർ അത് മാറ്റി. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇനി 4ജിയിൽ നിന്ന് 5ജിയിലേക്കും പിന്നീട് 6ജി യിലേക്കുമൊക്കെ മാറ്റുമ്പോൾ ടവറുകൾ മാറ്റേണ്ട സാഹചര്യമുണ്ടാകില്ല. സോഫ്റ്റ്വെയർ അപ്ഗ്രഡ് ചെയ്താൽ മാത്രം മതി.ഇനി ബി.എസ്.എൻ.എല്ലിന് ഒരുകാര്യത്തിലും കാലതാമസമുണ്ടാകില്ല.
?എന്തുകൊണ്ട് കേരളത്തിൽ ലാഭം
ലാഭം നേടുന്ന രാജ്യത്തെ പത്ത് സർക്കിളുകളിൽ ഒന്ന് കേരളമാണ്. അതിന് കാരണം ജനങ്ങൾക്ക് കൂടുതൽ ആഭിമുഖ്യം പൊതുമേഖലാസ്ഥാപനമായ ബി.എസ്.എൻ.എല്ലിനോടാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ മികച്ച സേവനം കൊടുക്കാൻ ശ്രമിക്കാറുണ്ട്. രാജ്യത്തെ മൊത്തം ടെലികോം വരുമാനത്തിന്റെ പത്തുശതമാനം കേരളത്തിൽ നിന്നാണ്. ചൈന ഇന്ത്യൻ ടെലികോം മേഖല കീഴടക്കിയ സാഹചര്യത്തിലാണ് ബി.എസ്.എൻ.എൽ നിലനിൽക്കേണ്ട ആവശ്യം രാജ്യം തിരിച്ചറിഞ്ഞത്.
? കെഫോൺ വന്നത് വെല്ലുവിളിയാണോ
കെ.ഫോൺ ബി.എസ്.എൻ.എല്ലിന് ഒരു വെല്ലുവിളിയല്ല. ബി.എസ്.എൻ.എൽ കൂടുതൽ പാരമ്പര്യമുള്ള സുസജ്ജമായ സംവിധാനമാണ്. എന്നിരുന്നാലും സംസ്ഥാന സർക്കാരിന്റെ ബിസിനസിൽ ബി.എസ്.എൻ.എല്ലിന് തിരിച്ചടിയാണ്. ബി.എസ്.എൻ.എല്ലിന് കേരളത്തിൽ 3500ജീവനക്കാരാണുള്ളത്. മറ്റ് സർവ്വീസ് ദാതാക്കൾക്ക് ഇത്രയും വലിയ സംവിധാനമില്ല. ബി.എസ്.എൻ.എൽ ഇടക്കാലത്ത് താഴോട്ട് പോയെങ്കിലും ടെലികോം ബിസിനസിൽ നൂറുവർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സംവിധാനമാണിത്. അതുകൊണ്ടാണ് ദുരന്തഭൂമിയിലും മറ്റും സുരക്ഷിതമായ സേവനം നൽകാൻ ബി.എസ്.എൻ.എല്ലിന് കഴിയുന്നത്. ഓഖിയിലും സുനാമി ഉണ്ടായപ്പോഴും മുണ്ടക്കൈയിൽ ദുരന്തമുണ്ടായപ്പോഴും കേരളം അത് നേരിട്ട് അനുഭവിച്ചതാണ്.
? സ്റ്റാർലിങ്ക് ഇന്ത്യയിലെത്തുന്നതിൽ ആശങ്കയുണ്ടോ
സ്റ്റാർ ലിങ്ക് വരുമ്പോൾ ബി.എസ്.എൻ.എല്ലിന് വെല്ലുവിളിയായി കാണേണ്ടതില്ല. ഓരോ സേവനത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സ്റ്റാർലിങ്ക് വരുമ്പോൾ ലഭിക്കുന്ന ഒട്ടേറെ നേട്ടങ്ങളുണ്ട്. അത് ബി.എസ്.എൻ.എൽ അടക്കം മറ്റു സർവ്വീസ് ദാതാക്കൾ മത്സരിക്കാത്ത മേഖലകളാണ്. മൊബൈൽ വരുമ്പോൾ ലാൻഡ് ലൈൻ നഷ്ടമാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാൽ അത് പുതിയ അവസരങ്ങൾ നൽകുകയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |