കൊച്ചി: റിസർവ് ബാങ്കിന്റെ നിർദ്ദേശത്തിൽ രാജ്യത്തെ ബാങ്കുകൾ നടത്തുന്ന റീ കെ.വൈ.സി ക്യാമ്പയിൻ സൈബർ തട്ടിപ്പുകൾക്കെതിരായ ശുദ്ധികലശമാകും.കെ.വൈ.സി പുതുക്കൽ പാതിവഴി പിന്നിട്ടപ്പോൾ 35 ലക്ഷം അക്കൗണ്ട് ഉടമകൾ അണിചേർന്നു. ജൂലായ് ഒന്നു മുതൽ സെപ്തംബർ 30 വരെയാണ് ക്യാമ്പയിൻ.
ബാങ്കിംഗ് ഇടപാടുകാരെ മൂന്നായി തിരിച്ചാണ് ആർ.ബി.ഐ മാർഗനിർദ്ദേശമിറക്കിയത്. ഹൈ റിസ്ക് വിഭാഗക്കാർ രണ്ടു വർഷത്തിലൊരിക്കലും മീഡിയം റിസ്കുകാർ എട്ടു വർഷത്തിലൊരിക്കലും ലോ റിസ്ക് വിഭാഗം 10 വർഷം കൂടുമ്പോഴും വ്യക്തിവിവരം പുതുക്കണം. ഇത് ഓൺലൈനായോ ബാങ്കുകൾ വഴിയോ ആകാം. മുന്നറിയിപ്പായി മൊബൈൽ സന്ദേശങ്ങൾ ലഭിക്കും. ഊഹക്കച്ചവടം നികുതിവെട്ടിപ്പ് തുടങ്ങിയവയിൽ നിരീക്ഷണത്തിലുള്ളവരാണ് ഹൈറിസ്ക് വിഭാഗം.
നിലവിലെ ഗതിയനുസരിച്ച് കെ.വൈ.സി പുതുക്കൽ സമ്പൂർണമാകാൻ സാദ്ധ്യതയില്ല. എങ്കിലും ആയിരക്കണക്കിന് വ്യാജ, നിർജീവ അക്കൗണ്ടുകൾ അരിച്ചുമാറ്റപ്പെടും. ഇത് ഒരു പരിധിവരെ തട്ടിപ്പുകൾക്ക് പരിഹാരമാകും.കള്ളപ്പണം വെളുപ്പിക്കൽ തടയുക,കിട്ടാക്കടം തിരിച്ചുപിടിക്കുക,ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ അർഹരിൽ എത്താതെവന്നാൽ റിസർവ് ബാങ്ക് ഫണ്ടിലേക്ക് തിരിച്ചുപിടിക്കുക എന്നിവയും റീ കെ.വൈ.സിയുടെ ലക്ഷ്യമാണ്.
ഗ്രാമങ്ങളിൽ സംയുക്ത ക്യാമ്പയിൻ
പഞ്ചായത്തുകളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണമുണ്ടാകും. സഹായത്തിന് ബിസിനസ് കറസ്പോണ്ടന്റുമാരെ താത്കാലികമായി നിയമിക്കാൻ ബാങ്കുകൾക്കാകും. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ആഗസ്റ്റ് 11വരെ 1,41,000 ക്യാമ്പുകൾ നടന്നു.
പ്രധാനമന്ത്രി ജൻ ധൻ യോജനയിലെ 55 കോടി അക്കൗണ്ടുകളിൽ 10 വർഷം പൂർത്തിയായ 10 കോടി പേരുടെ വ്യക്തിവിവരങ്ങൾ പുതുക്കൽ ക്യാമ്പയിനിൽ ഉൾപ്പെടും. ജീവൻ ജ്യോതി ഭീമ യോജന, സുരക്ഷ ഭീമ യോജന, അടൽ പെൻഷൻ യോജന എന്നിവയിൽ പുതിയവരെ ചേർക്കലും നിലവിലുള്ളവരുടെ വിവരങ്ങൾ പുതുക്കലും ലക്ഷ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |