രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ ചിത്രമാണ് സമ്മർ ഇൻ ബെത്‌ലഹേം. മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി, സുകുമാരി, ജനാർദ്ദനൻ തുടങ്ങിയ വൻ താരനിരകളാണ് അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.
ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 27 വർഷങ്ങൾക്ക് ശേഷം നിർമ്മാതാവ് സിയാദ് കോക്കർ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ്. സമ്മർ ഇൻ ബെത്‌ലഹേമിന്റെ രണ്ടാം ഭാഗത്തിന്റെ സൂചനകൾ നൽകുന്ന പോസ്റ്റർ പങ്കിട്ടുകൊണ്ടാണ് മലയാളി പ്രേക്ഷകർ റിപ്പീറ്റ് ആയി കണ്ട ഈ ഹിറ്റ് സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. മാജിക് ചുമ്മാതെ ഉണ്ടാകുന്നില്ല. ഇതിഹാസങ്ങൾ ഒത്തുചേരുമ്പോഴാണ് അവ സൃഷ്ടിക്കപ്പെടുന്നത്! ഉടൻ വരുന്നു'. എന്ന കുറിപ്പോടെയാണ് സിയാദ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റർ പങ്കുവച്ചത്.
'പൂച്ചയ്ക്ക് മണി കെട്ടിയതാരാണ് ??? കൂടുതൽ സർപ്രൈസുകൾക്കായി കാത്തിരിക്കുക..' എന്ന കുറിപ്പോടെയാണ് സിബിമലയിൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. തുടർഭാഗത്തിൽ മഞ്ജുവാര്യരും ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ സിയാദ് കോക്കർ പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകിക്കൊണ്ടാണ് ആദ്യ ഭാഗം അവസാനിച്ചത്. രണ്ടാം ഭാഗത്തിന്റെ പുതിയ അപ്ഡേറ്റ് വന്നതോടെ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിമിർപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |