കൊല്ലം: ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിൽ നിന്ന്, നാട്ടിലെ കുടുംബ ക്ഷേത്രത്തിൽ നടത്തേണ്ട പൂജയുടെ പേരിൽ 9.5 ലക്ഷം തട്ടിയ പൂജാരി പിടിയിൽ. ഇളമ്പള്ളൂർ സ്വദേശി പ്രസാദിനെയാണ് (54) ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ കുടുംബത്തിന്റെ, കുടുംബ ക്ഷേത്രത്തിലെ പൂജാരി ആയിരുന്നു പ്രസാദ്. ഗൃഹനാഥന് ദുർമരണം സംഭവിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരിൽ നാലുലക്ഷം രൂപയും മറ്റ് ആവശ്യങ്ങൾ പറഞ്ഞ് അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു. ശത്രുദോഷങ്ങൾ ഉടനടി പരിഹരിച്ചില്ലെങ്കിൽ ഗൃഹനാഥന്റെ ദുർമരണത്തിനൊപ്പം കുടുംബാംഗങ്ങൾക്ക് വലിയ അപകടങ്ങൾ ഉണ്ടാകുമെന്നും ഭയപ്പെടുത്തി. തുടർന്ന് ഓൺലൈനായി പണം കൈപ്പറ്റി. വീട്ടുകാർ പൂജകളെക്കുറിച്ച് ചോദിച്ചപ്പോൾ, കുടുംബത്തെ ഹൈദരാബാദിൽ നിന്ന് പോരുവഴിയിലുള്ള തന്റെ വീട്ടിലേക്ക് പ്രസാദ് വിളിച്ചുവരുത്തുകയും അനുബന്ധ പൂജകൾ കൂടി ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. എന്നാൽ ഇതിനു ശേഷം പ്രതി കുടുംബ ക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോയി. തട്ടിപ്പിന് ഇരയായെന്നു മനസിലാക്കിയ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, ഉമേഷ്, സി.പി.ഒമാരായ അരുൺ ബാബു, അരുൺരാജ്, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |