തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളെപ്പോലെ പഞ്ചനക്ഷത്ര കളളുഷാപ്പുകളും ഒരുക്കാനുളള നടപടികൾ പുരോഗമിക്കുന്നു. സ്ഥലസൗകര്യമുളളവരിൽ നിന്ന് ടോഡി ബോർഡ് താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഇങ്ങനെ നിർമിക്കുന്നയിടങ്ങളിൽ ഷാപ്പുകളും ഭക്ഷണശാലകളും രണ്ടായിട്ടായിരിക്കും പ്രവർത്തിക്കുക. കളള് കുപ്പികളിലാക്കി വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ടോഡി ബോർഡ് ചെയർമാൻ യു പി ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
'കള്ളുഷാപ്പുകൾക്ക് ഫോർ സ്റ്റാർ, ഫൈ സ്റ്റാർ പദവിയാണ് നൽകുന്നത്. സ്വന്തമായി സ്ഥലമുള്ളതോ, പാട്ടത്തിനെടുത്തവർക്കോ സ്റ്റാർ പദവിക്ക് അപേക്ഷിക്കാം. സർക്കാർ ടൂറിസം മേഖലകളായി വിജ്ഞാപനം ചെയ്ത മേഖലകളിലാണ് പഞ്ചനക്ഷത്ര ഷാപ്പുകള്‍ വരുന്നത്. അടുത്ത മാസം 30വരെ അപേക്ഷിക്കാം. 20 സീറ്റുകളും, 400 ചതുരശ്ര വിസ്തീർണവുമാണ് ഷാപ്പുകള്‍ക്ക് വേണ്ടത്. ഭക്ഷണശാലയും ഷാപ്പും രണ്ടായാണ് പ്രവർത്തിക്കേണ്ടത്. അടുത്തുള്ള രണ്ട് സ്ഥാപനങ്ങളിലേക്കും പ്രത്യേക വഴികളുണ്ടായിരിക്കണം. ശുചിമുറിയും, കുട്ടികള്‍ക്ക് പാർക്കുമുണ്ടാകണം.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ബോർഡ് പരിശോധിച്ചിട്ടാണ് സ്റ്റാർ പദവി നൽകുന്നത്. ബോർഡ് വിജ്ഞാപനമിറക്കിയിരിക്കുന്ന ഭക്ഷണം നൽകുമെന്ന് ഉറപ്പു നൽകണം. അബ്കാരി നിയമപ്രകാരം ഷാപ്പ് നടത്താനാവശ്യമായ തെങ്ങുകളുണ്ടാകണം. തെങ്ങുകളില്ലാതെ പശ്ചാത്തല സൗകര്യമാത്രമാണുള്ളതെങ്കിൽ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്നും ബോർഡ് ഇടപെട്ട് കള്ള് പഞ്ചനക്ഷത്ര ഷാപ്പുകളിലെത്തിക്കും. കള്ളു ചെത്താനുള്ള പരിശീലനം, ഷാപ്പിലെ തൊഴിലാളികള്‍ എന്നിവയും നടത്തിപ്പുകാർക്ക് ആവശ്യമെങ്കിൽ ബോർഡ് നൽകും. ആറ് വർഷത്തേക്കാണ് സ്റ്റാർ പദവി നൽകുന്നത്'- അദ്ദേഹം പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് തന്നെ കളളുഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാനുളള മാതൃക പൂർത്തിയായിരുന്നു. മൂന്ന് സെന്റ്, അഞ്ച് സെന്റ്, 50 സെന്റ് എന്നിങ്ങനെ വ്യത്യസ്ത സ്ഥലവിസ്തൃതിയിൽ സ്ഥാപിക്കാവുന്ന മാതൃകയാണ് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കെടിഡിസി ആയിരിക്കും ക്ളാസിഫിക്കേഷൻ നടത്തുക. ഷാപ്പുടമകളുടെ ദീർഘകാലമായുള്ള ആവശ്യമാണിത്.
ആർക്കിടെക്റ്റ് ശങ്കർ (ഹാബിറ്റാറ്റ്) തയ്യാറാക്കിയ മാതൃക എക്സൈസ് വകുപ്പിന് കൈമാറിയിട്ടുണ്ട്.എക്സൈസ് കമ്മിഷണർ ഷാപ്പ് ലൈസൻസികളുടെ സംഘടനാ പ്രതിനിധികളുമായി ചർച്ചചെയ്ത് ആവശ്യമെങ്കിൽ മാതൃകയിൽ മാറ്റം വരുത്തും.
ത്രീസ്റ്റാർ മുതൽ മുകളിലുള്ള ഹോട്ടലുകളിൽ കള്ള് ചെത്തി വില്പന നടത്താൻ ചട്ടഭേദഗതി കൊണ്ടുവന്നിരുന്നു. പക്ഷേ, അപേക്ഷകരില്ല. 10,000 രൂപയാണ് ലൈസൻസ് ഫീസ്. ഹോട്ടൽ വളപ്പിലെ തെങ്ങിൽ നിന്നുവേണം കള്ള് ചെത്താൻ. 48 മണിക്കൂർ വരെ ഉപയോഗിക്കാം, അതു കഴിഞ്ഞാൽ നശിപ്പിക്കണം. ബാർ ലൈസൻസ് ഇല്ലെങ്കിലും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |