തിരുവനന്തപുരം:പതിവായി വളരെ വലിയ കെട്ടുകാഴ്ചകൾ എഴുന്നള്ളിക്കാറുള്ള ഓച്ചിറ പോലുള്ള ആരാധാനാലയങ്ങളുടെ പരിസരത്തെ വൈദ്യുതി ലൈനുകൾ ഭൂഗർഭ കേബിളുകളിലേക്ക് മാറ്റും.കെട്ടുകാഴ്ച എഴുന്നള്ളിക്കാൻ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുകയും തിരിച്ചുകെട്ടുകയും ചെയ്യുമ്പോഴുളള അപകടങ്ങളും ലൈനുകളിൽ തട്ടി അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കാനും ആണിത്.ഇതിനുള്ള ചെലവ് കണക്കാക്കി ഉടൻ നടപടിയെടുക്കാൻ വൈദ്യുതി വകുപ്പ് നിർദ്ദേശം നൽകി.
അതേസമയം വല്ലപ്പോഴുമോ, നേർച്ചകളുണ്ടാകുമ്പോഴോ മാത്രം കെട്ടുകാഴ്ചകൾ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളിലും ഇതര മതസ്ഥരുടെ ആരാധാനാലയങ്ങളിലും അത്തരം ചടങ്ങുകൾ നടത്തുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരും. അത്തരം കേന്ദ്രങ്ങളിൽ ചുരുങ്ങിയത് ഒരുമാസം മുമ്പെങ്കിലും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ കെ.എസ്.ഇ.ബിയെയും പൊലീസിനേയും അറിയിക്കണം.കെട്ടുകാഴ്ചകളുടെ വലിപ്പവും ഉയരവും സമീപത്തെ വൈദ്യുതി ലൈനുകളുടെ ഉയരത്തെ അനുസരിച്ച് കുറയ്ക്കണം.ആരാധാനലായങ്ങളിലെ ഉൽസവമടക്കമുള്ള ആഘോഷങ്ങളിൽ വൈദ്യുതാലങ്കാരം ചെയ്യുമ്പോൾ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്റെ അനുമതിയും തേടണം. ക്രമീകരണങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനും അതതിടങ്ങളിലെ ജില്ലാകളക്ടർ,ജില്ലാപൊലീസ് മേധാവി,കെ.എസ്.ഇ.ബി. എൻജിനിയർ,തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടർ എന്നിവരടങ്ങിയ സമിതി അവലോകനയോഗങ്ങൾ നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |