'എന്നുണ്ണിക്കണ്ണനുറങ്ങാൻ ഭൂലോകം മുഴുവനുറങ്ങ്... ഉണ്ണീ വാവാവോ..." മലയാള സിനിമയിലെ ഈ താരാട്ടുപാട്ട് മൂളാത്ത, കൊച്ചു കുട്ടികളുള്ള അമ്മമാർ കാണില്ല. സർക്കാരിന്റെ ആശ്രിത വത്സലന്മാർക്കും അങ്ങനെ മതികെട്ട് ഉറങ്ങാം. പുര കത്തിയാലും ഫോൺ വിളിച്ച് ഉറക്കം കെടുത്താൻ ശ്രമിക്കരുത്; അത് മന്ത്രിയായാലും. കഴിഞ്ഞ വർഷത്തെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ദിവസം പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ പൂരപ്പറമ്പ് ആകെ അലങ്കോലമായി. ജനങ്ങളെ തടഞ്ഞ് പൊലീസ്. തലങ്ങും വിലങ്ങും പരക്കംപാച്ചിൽ.
രാത്രി 12 മണി. സ്ഥലത്തുണ്ടായിരുന്ന മന്ത്രി കെ. രാജൻ തൃശൂർ ഗസ്റ്റ് ഹൗസിൽ പാർത്തിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ഫോണിൽ പല തവണ വിളിച്ചു. അദ്ദേഹം ഗാഢനിദ്രയിൽ. 'പൂരത്തിനിടെ എന്തു പ്രശ്നം വന്നാലും താൻ ഇടപെടാമെന്ന് മന്തിക്ക് ഉറപ്പ് നൽകിയിരുന്ന കക്ഷിയാണ്. താൻ ഉറങ്ങിപ്പോയെന്നും പിറ്റേന്നു രാവിലെ ഫോൺ നോക്കിയപ്പോഴാണ് മന്ത്രി വിളിച്ചിരുന്ന കാര്യം അറിഞ്ഞതെന്നും എ.ഡി.ജി.പി. എന്തൊരു ശുഷ്കാന്തി! കൊടുക്കണം, ഒരു ഗുഡ് സർവീസ് എൻട്രി!
പിന്നെ വിവാദമായി, അന്വേഷണമായി... അജിത്കുമാറിന്റേത് ഗുരതര വീഴ്ചയെന്നും നടപടി വേണമെന്നും ഡി.ജി.പിയുടെ റിപ്പോർട്ട്. നടപടി ശുപാർശയോടെ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് നേരേ മുഖ്യമന്തിക്ക്. ശേഷം കാര്യം ചിന്ത്യം. ആർ.എസ്.എസ് നേതാക്കളുമായി അജിത്കുമാർ നേരത്തേ നടത്തിയ രഹസ്യചർച്ചയെ തുടർന്ന് തൂശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ നടത്തിയ നാടകമാണ് പൂരം കലക്കലെന്ന് പ്രതിപക്ഷം.
എത്ര ഉറക്കം നടിച്ചാലും എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട്. അന്തരിച്ച വി.എസ് അച്യുതാനന്ദൻ പോലും മുഖ്യമന്ത്രിയായിരിക്കെ കാൽനടയായാണ് ശബരിമല കയറിയതും ഇറങ്ങിയതും; അതും 84-ാം വയസിൽ. അതേസമയം എ.ഡി.ജി.പി അജിത് കുമാർ ശബരിമല കയറിയതും ഇറങ്ങിയതും അവിടേയ്ക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ട്രാക്ടറിൽ, മുഖം മറച്ചിരുന്ന്. ടിവി ക്യാമറകളെപ്പോലും വെട്ടിച്ചായിരുന്നു യാത്ര. പക്ഷേ, ഒരു ഭക്തൻ മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ ഇട്ടതോടെ പടം വൈറലായി. എ.ഡി.ജി.പിക്കതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നടപടിയെടുത്ത് അറിയിക്കണമെന്ന് നിർദ്ദേശം. നടപടി ശുപാർശ ചെയത് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചതോടെ സർക്കാരിന് നിൽക്കള്ളിയില്ലാതായി. അജിത്കുമാറിനെ പൊലീസ് ഉടുപ്പ് ഊരിച്ചു. ഇനി എക്സൈസ് കമ്മിഷണറുടെ ഉടുപ്പ്. കളിച്ച് കളിച്ച് കളി അയ്യപ്പനോടും!
അജിത്കുമാറിനെതായ അനധികൃത സ്വത്ത് സമ്പാദനക്കേസിലും കളി മാറുന്നു. അന്വേഷണ റിപ്പോർട്ടിന് തിരുവനന്തപുരം വിജിലൻസ് കോടതി ക്ലിപ്പിട്ടു. എ.ഡി.ജി.പിയുടെ ബിനാമി കള്ളപ്പണ ഇടപാട് ആരോപണത്തെപ്പറ്റി അന്വേഷിച്ചത് വിജിലൻസ് ഡിവൈ.എസ്.പി. ആരോപണത്തിന് തെളിവുകൾ ഉണ്ടായിട്ടും അന്വേഷിക്കാതെ, അജിത് കുമാർ പറഞ്ഞതു മാത്രം വിശ്വഷിച്ച് അദ്ദേഹത്തിന് ക്ളീൻ ചിറ്റ് നൽകിയ കീഴുദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ട് ചവറ്റു കുട്ടയിൽ.
സത്യസന്ധനായ ഉയർന്ന ഉദ്രോഗസ്ഥൻ അന്വേഷിക്കണമെന്ന് കോടതി. ഉന്നത ഉദ്യോഗസനെ ബോധപൂർവം രക്ഷിച്ചെടുക്കാനുള്ള വഴിവിട്ട നപടികളാണ് ഉണ്ടായതെന്ന് കോടതി; കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ- ഭരണ നേതൃത്വത്തിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാവരുതെന്നും. പരാതിക്കാരനെ കേൾക്കാനോ മൊഴിയെടുക്കാനോ തയ്യാറാകാത്ത അന്വേഷണ പ്രഹസനം. ഇതെന്താ കോടതിയും നിയമവും ഇല്ലാത്ത വെള്ളരിക്കാപ്പട്ടണമോ?
മദ്യ നിരോധനത്തിനു പകരം മദ്യവർജ്ജനമാണ് ഇടതു സർക്കാർ നയം. കുടിച്ച്കുടിച്ച് ഒരുനാൾ മദ്യത്തോട് മടുപ്പു തോന്നണം. അല്ലെങ്കിൽ തോന്നിപ്പിക്കും. റേഷൻ കടകൾ പോലെ ബാറുകളും ബിവറേജസ് ശാലകളും അനുവദിക്കുന്നതിനു പുറമെ, ജനങ്ങളെ മദ്യത്തിൽ കുളിപ്പിച്ചു കിടത്താനും സർക്കാർ ശ്രമിക്കുന്നുവെന്നാന്ന് ക്രൈസ്തവ പുരോഹിതന്മാരുടെ വിമർശനം. മദ്യം ഓൺലൈനായി വീടുകളിലെത്തിക്കാൻ ബിവറേജസ് കോർപ്പറേഷൻ
ആലോചിക്കുന്നവെന്ന ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരിയുടെ പരാമർശമാണ് ഹേതു.
എൽ.ഡി.എഫ് തുറക്കുക ബാറുകളല്ല, സ്കൂളുകളായിരിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ കയറിയ സർക്കാർ, 29 ബാറുകളുണ്ടായിരുന്നത് ആയിരത്തോളമായി വർദ്ധിപ്പിച്ചു. അരി വാങ്ങാൻ റേഷൻ കടയിൽ പോയി വിരൽ പതിക്കേണ്ട നാട്ടിലാണ് മദ്യം വീലെത്തിച്ചു നൽകാൻ നീക്കം നടക്കുന്നതെന്ന് ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. എന്നാൽ, സർക്കാർ ഓൺലൈൻ മദ്യ വ്യാപാരത്തിന് തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. ഉദ്യോഗസ്ഥരല്ല, മന്ത്രിയും മന്ത്രിസഭയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർ അറിയാതെ പ്രഖ്യാപനം നടത്തുന്ന ഉദ്യോഗസ്ഥരുടെ 'നട്ടെല്ലൂരു"മെന്ന് സാരം. അപ്പോഴും പ്രതിപക്ഷത്തിന് ഒരു
സംശയം. തീയില്ലാതെ പുകയുണ്ടാവുമോ?
വോട്ടർ പട്ടികയിൽ ഒരാളുടെ വീട്ടുപേര് പൂജ്യം. മറ്റൊരാളുടേത് രണ്ട് പൂജ്യം. ചിലർക്ക് അഞ്ചും ആറും പൂജ്യങ്ങൾ. അച്ഛന്റെ പേരിനു പകരം എ.ബി.സി.ഡി പോലെ മറിച്ചും തിരിച്ചും കുറെ ഇംഗ്ളീഷ് അക്ഷരങ്ങൾ. 'കചടതപ" എന്ന് മലയാളം. ഒരേ മേൽവിലാസത്തിൽ 157 വോട്ടർമാർ! കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ മറിമായം വെറുമൊരു സാമ്പിൾ മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ പാർട്ടികളെല്ലാം അത് ഏറ്റെടുത്തതോടെ പ്രത്യാരോപണവുമായി ബി.ജെ.പിയും കളത്തിൽ. അതോടെ, അമ്പേൽക്കാത്തവരില്ല കുരുക്കളിൽ എന്ന നിലയായി.
ഇലക്ഷൻ കമ്മിഷന്റെ ഒത്താശയോടെയാണ് ബി.ജെ.പി രാജ്യവ്യാപകമായി കള്ളവോട്ട് ചേർത്തതെന്ന് രാഹുൽ. അതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് കമ്മിഷൻ. വോട്ടർ പട്ടിക തന്നെ തെളിവെന്ന് മറുപടി. ഒടുവിൽ ഇന്നലെ, ആരോപണങ്ങളെല്ലാം വ്യാജമെന്നും ഒരു അന്വേഷണവുമില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അന്തിമ തീർപ്പ് പ്രഖ്യാപിച്ചതോടെ യുദ്ധം തീർന്നെന്ന് കരുതാനാകില്ല.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ജയിച്ച തൃശൂരിലെ വോട്ടർ പട്ടികയിൽ അദ്ദേഹം അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ മേൽവിലാസത്തിൽ 11 വോട്ടർമാർ. അത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻകൂട്ടിയെത്തി താമസമാക്കിയ ബന്ധുക്കളെന്ന് ബി.ജെ.പി നേതാക്കൾ. എങ്കിൽ, തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള മറ്റ് നിരവധി പേരും തൃശൂരിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത് സുരേഷ് ഗോപി അറിയാതെയാണോ എന്ന് കോൺഗ്രസും എൽ.ഡി.എഫും.
സുരേഷ് ഗോപി കടുത്ത മൗന വ്രതത്തിലാണ്. ചണ്ഡിഗഢിൽ രണ്ട് മലയാളി കന്യാസ്തീകളെ ബജ്റംഗ്‌ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും മതപരിവർത്തനത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തതോടെ തുടങ്ങിയതാണ് വ്രതം. പിന്നാലെ, ഒഡിഷയിലും കന്യാസ്ത്രീകളും വൈദികരും ആക്രമിക്കപ്പെട്ടതോടെ വ്രതം കടുപ്പിച്ചു. ഇതിനിടെ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതി തൃശൂർ പൊലീസ് സ്റ്റേഷനിലുമെത്തി. എന്നിട്ടും കക്ഷിക്ക് കലുക്കമില്ല. രണ്ടുദിവസം മുമ്പ് കേരളത്തിലെത്തിയപ്പോഴും കരിങ്കല്ലിന് കാറ്റു പിടിച്ചതു പോലെ.
മാദ്ധ്യമ ക്യാമറാമാന്മാർ വളഞ്ഞപ്പോൾ അവരോടു ചോദിച്ചത് ആകെ ഒരു വാക്ക്: 'നിങ്ങളാരാ?"എന്ത് മറുപടി പറയണമെന്നറിയാതെ പത്രക്കാർ. ഒടുവിൽ അല്പനേരത്തേക്ക് അദ്ദേഹം മൗനവ്രതം ലംഘിച്ചു. 'ഇതു വരെ സഹായിച്ചതിന് നന്ദി." അവർക്കു നേരെ കൈകൂപ്പി. കമ്മിഷണറിലും, ഭരത്ചന്ദ്രനിലും കണ്ട സുരേഷ് ഗോപിയുടെ ശൗര്യം എവിടെപ്പോയി? അത് സിനിമ. എന്തും പറയാം. ഇത് രാഷ്ട്രീയം. പലതും പറഞ്ഞുകൂടാ.
നുറുങ്ങ്:
□ ഗവർണറുടെ സ്വാതന്ത്ര്യദിന വിരുന്ന് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.
■ മുതലക്കുഞ്ഞിനെ നീന്താൻ പഠിപ്പിക്കരുത്!
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |